마가복음 8장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 마가복음 (Mark) · 38절
- 1 ആ ദിവസങ്ങളിൽ ഏറ്റവും വലിയ പുരുഷാരം ഉണ്ടായിരിക്കെ അവൎക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ചു അവരോടു:
- 2 ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാൎക്കുന്നു; അവൎക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു എനിക്കു അവരോടു അലിവു തോന്നുന്നു;
- 3 ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്കു അയച്ചാൽ അവർ വഴിയിൽ വെച്ചു തളൎന്നു പോകും; അവരിൽ ചിലർ ദൂരത്തുനിന്നുവന്നവരല്ലോ എന്നു പറഞ്ഞു.
- 4 അതിന്നു അവന്റെ ശിഷ്യന്മാർ: ഇവൎക്കു ഇവിടെ മരുഭൂമിയിൽ അപ്പം കൊടുത്തു തൃപ്തിവരുത്തുവാൻ എങ്ങനെ കഴിയും എന്നു ഉത്തരം പറഞ്ഞു.
- 5 അവൻ അവരോടു: നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ടു എന്നു ചോദിച്ചു. ഏഴു എന്നു അവർ പറഞ്ഞു.
- 6 അവൻ പുരുഷാരത്തോടു നിലത്തു ഇരിപ്പാൻ കല്പിച്ചു; പിന്നെ ആ ഏഴപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിനു വിളമ്പി.
- 7 ചെറിയ മീനും കുറെ ഉണ്ടായിരുന്നു; അതും അവൻ അനുഗ്രഹിച്ചിട്ടു, വിളമ്പുവാൻ പറഞ്ഞു.
- 8 അവർ തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ ഏഴു വട്ടി നിറച്ചെടുത്തു.
- 9 അവർ ഏകദേശം നാലായിരം പേർ ആയിരുന്നു.
- 10 അവൻ അവരെ പറഞ്ഞയച്ച ഉടനെ ശിഷ്യന്മാരോടു കൂടെ പടകു കയറി ദല്മനൂഥ അംശങ്ങളിൽ എത്തി.
- 11 അനന്തരം പരീശന്മാർ വന്നു അവനെ പരീക്ഷിച്ചു കൊണ്ടു ആകാശത്തു നിന്നു ഒരു അടയാളം അന്വേഷിച്ചു അവനുമായി തൎക്കിച്ചു തുടങ്ങി.
- 12 അവൻ ആത്മാവിൽഞരങ്ങി: ഈ തലമുറ അടയാളം അന്വേഷിക്കുന്നതു എന്തു? ഈ തലമുറെക്കു അടയാളം ലഭിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു,
- 13 അവരെ വിട്ടു പിന്നെയും പടകു കയറി അക്കരെക്കു കടന്നു.
- 14 അവർ അപ്പം കൊണ്ടുപോരുവാൻ മറന്നു പോയിരുന്നു; പടകിൽ അവരുടെ പക്കൽ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.
- 15 അവൻ അവരോടു: നോക്കുവിൻ, പരീശരുടെ പുളിച്ചമാവും ഹെരോദാവിന്റെ പുളിച്ചമാവും സൂക്ഷിച്ചുകൊൾവിൻ എന്നു കല്പിച്ചു.
- 16 നമുക്കു അപ്പം ഇല്ലായ്കയാൽ എന്നു അവർ തമ്മിൽ തമ്മിൽ പറഞ്ഞു.
- 17 അതു യേശു അറിഞ്ഞു അവരോടു പറഞ്ഞതു: അപ്പം ഇല്ലായ്കയാൽ നിങ്ങൾ തമ്മിൽ പറയുന്നതു എന്തു? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ?
- 18 കണ്ണു ഉണ്ടായിട്ടും കണുന്നില്ലയോ? ചെവി ഉണ്ടായിട്ടും കേൾക്കുന്നില്ലയോ? ഓൎക്കുന്നതുമില്ലയോ?
- 19 അയ്യായിരംപേൎക്കു ഞാൻ അഞ്ചു അപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര കൊട്ട നിറച്ചെടുത്തു? പന്ത്രണ്ടു എന്നു അവർ അവനോടു പറഞ്ഞു.
- 20 നാലായിരം പേൎക്കു ഏഴു നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര വട്ടി നിറച്ചെടുത്തു? ഏഴു എന്നു അവർ അവനോടു പറഞ്ഞു.
- 21 പിന്നെ അവൻ അവരോടു: ഇപ്പോഴും നിങ്ങൾ ഗ്രഹിക്കുന്നില്ലയോ എന്നു പറഞ്ഞു.
- 22 അവർ ബേത്ത്സയിദയിൽ എത്തിയപ്പോൾ ഒരു കുരുടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു അവനെ തൊടേണമെന്നു അപേക്ഷിച്ചു.
- 23 അവൻ കുരുടന്റെ കൈക്കു പിടിച്ചു അവനെ ഊരിന്നു പുറത്തുകൊണ്ടു പോയി അവന്റെ കണ്ണിൽ തുപ്പി അവന്റെ മേൽ കൈ വെച്ചു: നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു.
- 24 അവൻ മേല്പോട്ടു നോക്കി: ഞാൻ മനുഷ്യരെ കാണുന്നു; അവർ നടക്കുന്നതു മരങ്ങൾപോലെയത്രേ കാണുന്നതു എന്നു പറഞ്ഞു.
- 25 പിന്നെയും അവന്റെ കണ്ണിന്മേൽ കൈ വെച്ചാറെ അവൻ സൌഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു.
- 26 നീ ഊരിൽ കടക്കപോലും അരുതു എന്നു അവൻ പറഞ്ഞു അവനെ വീട്ടിലേക്കു അയച്ചു.
- 27 അനന്തരം യേശു ശിഷ്യന്മാരുമായി ഫിലിപ്പൊസിന്റെ കൈസൎയ്യക്കു അടുത്ത ഊരുകളിലേക്കു പോയി; വഴിയിൽവെച്ചു ശിഷ്യന്മാരോടു: ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചു.
- 28 യോഹന്നാൻ സ്നാപകനെന്നു ചിലർ, ഏലീയാവെന്നു ചിലർ, പ്രവാചകന്മാരിൽ ഒരുത്തൻ എന്നു മറ്റു ചിലർ എന്നു അവർ ഉത്തരം പറഞ്ഞു.
- 29 അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചതിന്നു: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.
- 30 പിന്നെ തന്നെക്കുറിച്ചു ആരോടും പറയരുതെന്നു അവൻ അവരോടു ഖണ്ഡിതമായി പറഞ്ഞു.
- 31 മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിൎത്തെഴുന്നേല്ക്കയും വേണം എന്നു അവരെ ഉപദേശിച്ചു തുടങ്ങി.
- 32 അവൻ ഈ വാക്കു തുറന്നു പറഞ്ഞു. അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി.
- 33 അവനോ തിരിഞ്ഞു നോക്കി ശിഷ്യന്മാരെ കണ്ടിട്ടു പത്രൊസിനെ ശാസിച്ചു: സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടെതത്രേ കരുതുന്നതു എന്നു പറഞ്ഞു.
- 34 പിന്നെ അവൻ പുരുഷാരത്തെയും തന്റെ ശിഷ്യന്മാരെയും അരികെ വിളിച്ചു അവരോടു പറഞ്ഞതു: ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ.
- 35 ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും.
- 36 ഒരു മനുഷ്യൻ സൎവ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന്നു എന്തു പ്രയോജനം?
- 37 അല്ല, തന്റെ ജീവന്നു വേണ്ടി മനുഷ്യൻ എന്തൊരു മറുവില കൊടുക്കും;
- 38 വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ നാണിക്കും;
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗