마가복음 7장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 마가복음 (Mark) · 37절
- 1 യെരൂശലേമിൽ നിന്നു പരീശന്മാരും ചില ശാസ്ത്രിമാരും അവന്റെ അടുക്കൽ വന്നു കൂടി.
- 2 അവന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത എന്നുവെച്ചാൽ, കഴുകാത്ത, കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു അവർ കണ്ടു.
- 3 പരീശന്മാരും യെഹൂദന്മാർ ഒക്കെയും പൂൎവ്വന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകീട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല.
- 4 ചന്തയിൽ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നതു അവൎക്കു ചട്ടമായിരിക്കുന്നു.
- 5 അങ്ങനെ പരീശന്മാരും ശാസ്ത്രിമാരും: നിന്റെ ശിഷ്യന്മാർ പൂൎവ്വന്മാരുടെ സമ്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
- 6 അവൻ അവരോടു ഉത്തരം പറഞ്ഞതു: കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവു പ്രവചിച്ചതു ശരി: “ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽ നിന്നു ദൂരത്തു അകന്നിരിക്കുന്നു.
- 7 മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ ഉപദേശിക്കുന്നതുകൊണ്ടു എന്നെ വ്യൎത്ഥമായി ഭജിക്കുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
- 8 നിങ്ങൾ ദൈവകല്പന വിട്ടുംകളഞ്ഞു മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു;
- 9 പിന്നെ അവരോടു പറഞ്ഞതു: നിങ്ങളുടെ സമ്പ്രദായം പ്രമാണിപ്പാൻ വേണ്ടി നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നതു നന്നായി.
- 10 നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവൻ മരിക്കേണം എന്നു മോശെ പറഞ്ഞുവല്ലോ.
- 11 നിങ്ങളോ ഒരു മനുഷ്യൻ അപ്പനോടോ അമ്മയോടോ: നിനക്കു എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാടു എന്നൎത്ഥമുള്ള കൊൎബ്ബാൻ എന്നു പറഞ്ഞാൽ മതി എന്നു പറയുന്നു;
- 12 തന്റെ അപ്പന്നോ അമ്മെക്കോ മേലാൽ ഒന്നും ചെയ്വാൻ അവനെ സമ്മതിക്കുന്നതുമില്ല.
- 13 ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുൎബ്ബലമാക്കുന്നു; ഈ വക പലതും നിങ്ങൾ ചെയ്യുന്നു.
- 14 പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു: എല്ലാവരും കേട്ടു ഗ്രഹിച്ചുകൊൾവിൻ.
- 15 പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല; അവനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നതു
- 16 [കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ] എന്നു പറഞ്ഞു.
- 17 അവൻ പുരുഷാരത്തെ വിട്ടു വീട്ടിൽ ചെന്നശേഷം ശിഷ്യന്മാർ ആ ഉപമയെക്കുറിച്ചു അവനോടു ചോദിച്ചു.
- 18 അവൻ അവരോടു: ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തു നിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ?
- 19 അതു അവന്റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നതു; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകലഭോജ്യങ്ങൾക്കും ശുദ്ധിവരുത്തുന്നു എന്നു പറഞ്ഞു.
- 20 മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു;
- 21 അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,
- 22 കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കാമം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു.
- 23 ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നും അവൻ പറഞ്ഞു.
- 24 അവൻ അവിടെ നിന്നു പുറപ്പെട്ടു സീദോന്റെയും സോരിന്റെയും അതിർനാട്ടിൽ ചെന്നു ഒരു വീട്ടിൽ കടന്നു; ആരും അറിയരുതു എന്നു ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാൻ സാധിച്ചില്ല.
- 25 അശുദ്ധാത്മാവു ബാധിച്ച ചെറിയ മകൾ ഉള്ളോരു സ്ത്രീ അവന്റെ വസ്തുത കേട്ടിട്ടു വന്നു അവന്റെ കാല്ക്കൽ വീണു.
- 26 അവൾ സുറൊഫൊയ്നീക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളിൽ നിന്നു ഭൂതത്തെ പുറത്താക്കുവാൻ അവൾ അവനോടു അപേക്ഷിച്ചു.
- 27 യേശു അവളോടു: മുമ്പെ മക്കൾക്കു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു ചെറുനായ്ക്കൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു പറഞ്ഞു.
- 28 അവൾ അവനോടു: അതേ, കൎത്താവേ, ചെറുനായ്ക്കളും മേശെക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ എന്നു ഉത്തരം പറഞ്ഞു.
- 29 അവൻ അവളോടു: ഈ വാക്കുനിമിത്തം പൊയ്ക്കൊൾക: ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു എന്നു പറഞ്ഞു.
- 30 അവൾ വീട്ടിൽ വന്നാറെ, മകൾ കിടക്കമേൽ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ടു.
- 31 അവൻ വീണ്ടും സോരിന്റെ അതിർ വിട്ടു സീദോൻ വഴിയായി ദെക്കപ്പൊലിദേശത്തിന്റെ നടുവിൽകൂടി ഗലീലക്കടല്പുറത്തു വന്നു.
- 32 അവിടെ അവർ വിക്കനായോരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു, അവന്റെ മേൽ കൈ വെക്കേണം എന്നു അപേക്ഷിച്ചു.
- 33 അവൻ അവനെ പുരുഷാരത്തിൽനിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു,
- 34 സ്വൎഗ്ഗത്തേക്കു നോക്കി നെടുവീൎപ്പിട്ടു അവനോടു: തുറന്നുവരിക എന്നു അൎത്ഥമുള്ള എഫഥാ എന്നു പറഞ്ഞു.
- 35 ഉടനെ അവന്റെ ചെവി തുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവൻ ശരിയായി സംസാരിച്ചു.
- 36 ഇതു ആരോടും പറയരുതു എന്നു അവരോടു കല്പിച്ചു എങ്കിലും അവൻ എത്ര കല്പിച്ചുവോ അത്രയും അവർ പ്രസിദ്ധമാക്കി:
- 37 അവൻ സകലവും നന്നായി ചെയ്തു; ചെകിടരെ കേൾക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗