마가복음 16장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 마가복음 (Mark) · 20절
- 1 ശബ്ബത്ത് കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവൎഗ്ഗം വാങ്ങി.
- 2 ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്തു സൂൎയ്യൻ ഉദിച്ചപ്പോൾ അവർ കല്ലറെക്കൽ ചെന്നു:
- 3 കല്ലറയുടെ വാതിൽക്കൽ നിന്നു നമുക്കു വേണ്ടി ആർ കല്ലു ഉരുട്ടിക്കളയും എന്നു തമ്മിൽ പറഞ്ഞു.
- 4 അവർ നോക്കിയാറെ കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു; അതു ഏറ്റവും വലുതായിരുന്നു.
- 5 അവർ കല്ലറെക്കകത്തു കടന്നപ്പോൾ വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരൻ വലത്തു ഭാഗത്തു ഇരിക്കുന്നതു കണ്ടു ഭ്രമിച്ചു.
- 6 അവൻ അവരോടു: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു; അവൻ ഉയിൎത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ.
- 7 നിങ്ങൾ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു എന്നു പറവിൻ; അവൻ നിങ്ങളോടു പറഞ്ഞതുപോലെ അവിടെ അവനെ കാണും എന്നു പറവിൻ എന്നു പറഞ്ഞു.
- 8 അവൎക്കു വിറയലും ഭ്രമവും പിടിച്ചു അവർ കല്ലറ വിട്ടു ഓടിപ്പോയി; അവർ ഭയപ്പെടുകയാൽ ആരോടും ഒന്നും പറഞ്ഞില്ല.
- 9 [അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിൎത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗ്ദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.
- 10 അവൾ ചെന്നു അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരുന്നവരോടു അറിയിച്ചു.
- 11 അവൻ ജീവനോടിരിക്കുന്നു എന്നും അവൾ അവനെ കണ്ടു എന്നും അവർ കേട്ടാറെ വിശ്വസിച്ചില്ല.
- 12 പിന്നെ അവരിൽ രണ്ടുപേർ നാട്ടിലേക്കു പോകുമ്പോൾ അവൻ മറ്റൊരു രൂപത്തിൽ അവൎക്കു പ്രത്യക്ഷനായി.
- 13 അവർ പോയി ശേഷമുള്ളവരോടു അറിയിച്ചു; അവരുടെ വാക്കും അവർ വിശ്വസിച്ചില്ല.
- 14 പിന്നത്തേതിൽ പതിനൊരുവർ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവൻ അവൎക്കു പ്രത്യക്ഷനായി, തന്നെ ഉയിൎത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു.
- 15 പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.
- 16 വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
- 17 വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും;
- 18 സൎപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവൎക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈവെച്ചാൽ അവൎക്കു സൌഖ്യം വരും എന്നു പറഞ്ഞു.
- 19 ഇങ്ങനെ കൎത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വൎഗ്ഗത്തിലേക്കു എടുക്കപ്പെട്ടു, ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.
- 20 അവർ പുറപ്പെട്ടു എല്ലാടത്തും പ്രസംഗിച്ചു; കൎത്താവു അവരോടുകൂടെ പ്രവൎത്തിച്ചും അവരാൽ നടന്ന അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു.]
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗