레위기 10장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 레위기 (Leviticus) · 20절
- 1 അനന്തരം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ഓരോ ധൂപകലശം എടുത്തു അതിൽ തീ ഇട്ടു അതിന്മേൽ ധൂപ വൎഗ്ഗവും ഇട്ടു, അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു.
- 2 ഉടനെ യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു അവരെ ദഹിപ്പിച്ചുകളഞ്ഞു; അവർ യഹോവയുടെ സന്നിധിയിൽ മരിച്ചുപോയി.
- 3 അപ്പോൾ മോശെ: എന്നോടു അടുക്കുന്നവരിൽ ഞാൻ ശുദ്ധീകരിക്കപ്പെടും; സൎവ്വജനത്തിന്റെയും മുമ്പാകെ ഞാൻ മഹത്വപ്പെടും എന്നു യഹോവ അരുളിച്ചെയ്തതു ഇതു തന്നേ എന്നു അഹരോനോടു പറഞ്ഞു. അഹരോനോ മിണ്ടാതിരുന്നു.
- 4 പിന്നെ മോശെ അഹരോന്റെ ഇളയപ്പൻ ഉസ്സീയേലിന്റെ പുത്രന്മാരായ മീശായേലിനെയും എത്സാഫാനെയും വിളിച്ചു അവരോടു: നിങ്ങൾ അടുത്തുചെന്നു നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽനിന്നു പാളയത്തിന്നു പുറത്തു കൊണ്ടുപോകുവിൻ എന്നു പറഞ്ഞു.
- 5 മോശെ പറഞ്ഞതുപോലെ അവർ അടുത്തുചെന്നു അവരെ അവരുടെ അങ്കികളോടുകൂടെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി.
- 6 പിന്നെ മോശെ അഹരോനോടും അവന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും നിങ്ങൾ മരിക്കാതെയും സൎവ്വസഭയുടെയും മേൽ കോപം വരാതെയും ഇരിപ്പാൻ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുതു; നിങ്ങളുടെ വസ്ത്രം കീറുകയും അരുതു; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽഗൃഹം ഒക്കെയും യഹോവ ദഹിപ്പിച്ച ദഹനംനിമിത്തം കരയട്ടെ.
- 7 നിങ്ങളോ മരിച്ചുപോകാതിരിക്കേണ്ടതിന്നു സമാഗമനകൂടാരത്തിന്റെ വാതിൽ വിട്ടു പുറത്തു പോകരുതു; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെ മേൽ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവർ മോശെയുടെ വചനംപോലെ തന്നേ ചെയ്തു.
- 8 യഹോവ അഹരോനോടു അരുളിച്ചെയ്തതു:
- 9 നീയും നിന്റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിന്നു സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ വീഞ്ഞും മദ്യവും കുടിക്കരുതു. ഇതു നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.
- 10 ശുദ്ധവും അശുദ്ധവും മലിനവും നിൎമ്മലവും തമ്മിൽ നിങ്ങൾ വകതിരിക്കേണ്ടതിന്നും
- 11 യഹോവ മോശെമുഖാന്തരം യിസ്രായേൽമക്കളോടു കല്പിച്ച സകലപ്രമാണങ്ങളും അവരെ ഉപദേശിക്കേണ്ടതിന്നും തന്നേ.
- 12 അഹരോനോടും അവന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശെ പറഞ്ഞതെന്തെന്നാൽ: യഹോവയുടെ ദഹനയാഗങ്ങളിൽ ശേഷിപ്പുള്ള ഭോജനയാഗം നിങ്ങൾ എടുത്തു യാഗപീഠത്തിന്റെ അടുക്കൽ വെച്ചു പുളിപ്പില്ലാത്തതായി ഭക്ഷിപ്പിൻ; അതു അതിവിശുദ്ധം.
- 13 അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു ഭക്ഷിക്കേണം; യഹോവയുടെ ദഹനയാഗങ്ങളിൽ അതു നിനക്കുള്ള അവകാശവും നിന്റെ പുത്രന്മാൎക്കുള്ള അവകാശവും ആകുന്നു; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.
- 14 നിരാജനത്തിന്റെ നെഞ്ചും ഉദൎച്ചയുടെ കൈക്കുറകും നീയും നിന്റെ പുത്രന്മാരും പുത്രിമാരും വെടിപ്പുള്ളോരു സ്ഥലത്തു വെച്ചു തിന്നേണം; യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽ അവ നിനക്കുള്ള അവകാശവും നിന്റെ മക്കൾക്കുള്ള അവകാശവുമായി നല്കിയിരിക്കുന്നു.
- 15 മേദസ്സിന്റെ ദഹനയാഗങ്ങളോടുകൂടെ അവർ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണ്ടതിന്നു ഉദൎച്ചയുടെ കൈക്കുറകും നീരാജനത്തിന്റെ നെഞ്ചും കൊണ്ടു വരേണം; അതു യഹോവ കല്പിച്ചതുപോലെ ശാശ്വതാവകാശമായി നിനക്കും നിന്റെ മക്കൾക്കും ഇരിക്കേണം.
- 16 പിന്നെ പാപയാഗമായ കോലാടിനെക്കുറിച്ചു മോശെ താൽപൎയ്യമായി അന്വേഷിച്ചു; എന്നാൽ അതു ചുട്ടുകളഞ്ഞിരുന്നു; അപ്പോൾ അവൻ അഹരോന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും കോപിച്ചു:
- 17 പാപയാഗം അതിവിശുദ്ധവും സഭയുടെ അകൃത്യം നീക്കിക്കളവാനും അവൎക്കുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിപ്പാനും നിങ്ങൾക്കു തന്നതുമായിരിക്കെ നിങ്ങൾ അതു ഒരു വിശുദ്ധ സ്ഥലത്തുവെച്ചു ഭക്ഷിക്കാഞ്ഞതു എന്തു?
- 18 അതിന്റെ രക്തം വിശുദ്ധമന്ദിരത്തിന്നകത്തു കൊണ്ടുവന്നില്ലല്ലോ; ഞാൻ ആജ്ഞാപിച്ചതുപോലെ നിങ്ങൾ അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു ഭക്ഷിക്കേണ്ടതായിരുന്നു എന്നു പറഞ്ഞു.
- 19 അപ്പോൾ അഹരോൻ മോശെയോടു: ഇന്നു അവർ തങ്ങളുടെ പാപയാഗവും ഹോമയാഗവും യഹോവയുടെ സന്നിധിയിൽ അൎപ്പിച്ചു; എനിക്കു ഇങ്ങനെ ഭവിച്ചുവല്ലോ. ഇന്നു ഞാൻ പാപയാഗം ഭക്ഷിച്ചു എങ്കിൽ അതു യഹോവെക്കു പ്രസാദമായിരിക്കുമോ എന്നു പറഞ്ഞു.
- 20 ഇതു കേട്ടപ്പോൾ മോശെക്കു ബോധിച്ചു.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗