로그인

호세아 6장 Sathyavedapusthakam (Malayalam Bible) published in 1910

Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 호세아 (Hosea) · 11절

  1. 1 വരുവിൻ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവൻ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവൻ സൌഖ്യമാക്കും; അവൻ നമ്മെ അടിച്ചിരിക്കുന്നു; അവൻ മുറിവു കെട്ടും.
  2. 2 രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവൻ നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും.
  3. 3 നാം അറിഞ്ഞുകൊൾക; യഹോവയെ അറിവാൻ നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളതു; അവൻ മഴപോലെ, ഭൂമിയെ നനെക്കുന്ന പിൻമഴപോലെ തന്നേ, നമ്മുടെ അടുക്കൽ വരും.
  4. 4 എഫ്രയീമേ, ഞാൻ നിനക്കു എന്തു ചെയ്യേണ്ടു? യെഹൂദയേ, ഞാൻ നിനക്കു എന്തു ചെയ്യേണ്ടു? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലൎച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.
  5. 5 അതുകൊണ്ടു ഞാൻ പ്രവാചകന്മാർ മുഖാന്തരം അവരെ വെട്ടി, എന്റെ വായിലെ വചനങ്ങളാൽ അവരെ കൊന്നുകളഞ്ഞു; എന്റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു.
  6. 6 യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു.
  7. 7 എന്നാൽ അവർ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവർ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.
  8. 8 ഗിലയാദ് അകൃത്യം പ്രവൎത്തിക്കുന്നവരുടെ പട്ടണം, അതു രക്തംകൊണ്ടു മലിനമായിരിക്കുന്നു.
  9. 9 പതിയിരിക്കുന്ന കവൎച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാർ ശെഖേമിലേക്കുള്ള വഴിയിൽ കുല ചെയ്യുന്നു; അതേ, അവർ ദുഷ്കൎമ്മം ചെയ്യുന്നു.
  10. 10 യിസ്രായേൽഗൃഹത്തിൽ ഞാൻ ഒരു ഭയങ്കരകാൎയ്യം കണ്ടിരിക്കുന്നു; അവിടെ എഫ്രയീം പരസംഗം ചെയ്തു, യിസ്രായേൽ മലിനമായുമിരിക്കുന്നു.
  11. 11 യെഹൂദയേ, ഞാൻ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ, നിനക്കും ഒരു കൊയ്ത്തു വെച്ചിരിക്കുന്നു.

Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗