로그인

호세아 14장 Sathyavedapusthakam (Malayalam Bible) published in 1910

Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 호세아 (Hosea) · 9절

  1. 1 യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; നിന്റെ അകൃത്യംനിമിത്തം അല്ലോ നീ വീണിരിക്കുന്നതു.
  2. 2 നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു അവനോടു: സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരാൎപ്പണമായ കാളകളെ അൎപ്പിക്കും;
  3. 3 അശ്ശൂർ ഞങ്ങളെ രക്ഷിക്കയില്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ ഇനി ഞങ്ങളുടെ കൈവേലയോടു: ഞങ്ങളുടെ ദൈവമേ എന്നു പറകയോ ചെയ്കയില്ല; അനാഥന്നു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ എന്നു പറവിൻ.
  4. 4 ഞാൻ അവരുടെ പിൻമാറ്റത്തെ ചികിത്സിച്ചു സൌഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാൽ ഞാൻ അവരെ ഔദാൎയ്യമായി സ്നേഹിക്കും.
  5. 5 ഞാൻ യിസ്രായേലിന്നു മഞ്ഞുപോലെയിരിക്കും; അവൻ താമരപോലെ പൂത്തു ലെബാനോൻ വനം പോലെ വേരൂന്നും.
  6. 6 അവന്റെ കൊമ്പുകൾ പടരും; അവന്റെ ഭംഗി ഒലിവുവൃക്ഷത്തിൻ ഭംഗിപോലെയും അവന്റെ വാസന ലെബാനോന്റേതുപോലെയും ഇരിക്കും.
  7. 7 അവന്റെ നിഴലിൽ പാൎക്കുന്നവർ വീണ്ടും ധാന്യം വിളയിക്കയും മുന്തിരിവള്ളിപോലെ തളിൎക്കയും ചെയ്യും; അതിന്റെ കീൎത്തി ലെബാനോനിലെ വീഞ്ഞിന്റേതുപോലെ ഇരിക്കും.
  8. 8 എഫ്രയീമേ, ഇനി എനിക്കും വിഗ്രഹങ്ങൾക്കും തമ്മിൽ എന്തു? ഞാൻ അവന്നു ഉത്തരം അരുളി അവനെ കടാക്ഷിക്കും; ഞാൻ തഴെച്ചിരിക്കുന്ന സരള വൃക്ഷംപോലെ ആകുന്നു. എങ്കൽ നിനക്കു ഫലം കണ്ടുകിട്ടും.
  9. 9 ഇതു ഗ്രഹിപ്പാൻ തക്ക ജ്ഞാനി ആർ? ഇതു അറിവാൻ തക്ക വിവേകി ആർ? യഹോവയുടെ വഴികൾ ചൊവ്വുള്ളവയല്ലോ; നീതിമാന്മാർ അവയിൽ നടക്കും; അതിക്രമക്കാരോ അവയിൽ ഇടറിവീഴും.

Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗