출애굽기 40장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 출애굽기 (Exodus) · 38절
- 1 അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:
- 2 ഒന്നാം മാസം ഒന്നാം തിയ്യതി നീ സമാഗമനകൂടാരമെന്ന തിരുനിവാസം നിവിൎക്കേണം.
- 3 സാക്ഷ്യപെട്ടകം അതിൽ വെച്ചു തിരശ്ശീലകൊണ്ടു പെട്ടകം മറെക്കേണം.
- 4 മേശ കൊണ്ടുവന്നു അതിന്റെ സാധനങ്ങൾ ക്രമത്തിൽ വെക്കേണം. നിലവിളക്കു കൊണ്ടുവന്നു അതിന്റെ ദീപം കൊളുത്തേണം.
- 5 ധൂപത്തിന്നുള്ള പൊൻപീഠം സാക്ഷ്യപെട്ടകത്തിന്നു മുമ്പിൽ വെച്ചു തിരുനിവാസവാതിലിന്റെ മറശ്ശീല തൂക്കേണം.
- 6 സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന്നു മുമ്പിൽ ഹോമയാഗപീഠം വെക്കേണം.
- 7 സമാഗമനകൂടാരത്തിന്നും യാഗപീഠത്തിന്നും നടുവിൽ തൊട്ടി വെച്ചു അതിൽ വെള്ളം ഒഴിക്കേണം.
- 8 ചുറ്റും പ്രാകാരം നിവിൎത്തു പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കേണം.
- 9 അഭിഷേകതൈലം എടുത്തു തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്തു അതും അതിന്റെ ഉപകരണങ്ങളൊക്കെയും ശുദ്ധീകരിക്കേണം; അതു വിശുദ്ധമായിരിക്കേണം.
- 10 ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങൾ ഒക്കെയും അഭിഷേകം ചെയ്തു യാഗപീഠം ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം.
- 11 തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.
- 12 അഹരോനെയും പുത്രന്മാരെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവന്നു അവരെ വെള്ളംകൊണ്ടു കഴുകേണം.
- 13 അഹരോനെ വിശുദ്ധവസ്ത്രം ധരിപ്പിച്ചു, എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.
- 14 അവന്റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിച്ചു,
- 15 എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യേണം; അവരുടെ അഭിഷേകം ഹേതുവായി അവൎക്കു തലമുറതലമുറയോളം നിത്യപൌരോഹിത്യം ഉണ്ടായിരിക്കേണം.
- 16 മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോടു കല്പിച്ചതുപോലെ ഒക്കെയും അവൻ ചെയ്തു.
- 17 ഇങ്ങനെ രണ്ടാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി തിരുനിവാസം നിവിൎത്തു.
- 18 മോശെ തിരുനിവാസം നിവിൎക്കുകയും അതിന്റെ ചുവടു ഉറപ്പിക്കയും പലക നിറുത്തുകയും അന്താഴം ചെലുത്തുകയും തൂൺ നാട്ടുകയും ചെയ്തു.
- 19 അവൻ മൂടുവിരി തിരുനിവാസത്തിന്മേൽ വിരിച്ചു അതിന്മീതെ മൂടുവിരിയുടെ പുറമൂടിയും വിരിച്ചു; യഹോവാ മോശെയോടു കല്പിച്ചതുപോലെ തന്നേ.
- 20 അവൻ സാക്ഷ്യം എടുത്തു പെട്ടകത്തിൽ വെച്ചു; പെട്ടകത്തിന്നു തണ്ടു ചെലുത്തി പെട്ടകത്തിന്നു മീതെ കൃപാസനം വെച്ചു.
- 21 പെട്ടകം തിരുനിവാസത്തിൽ കൊണ്ടുവന്നു മറയുടെ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം മറെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
- 22 സമാഗമനകൂടാരത്തിൽ തിരുനിവാസത്തിന്റെ വടക്കുവശത്തു തിരശ്ശീലെക്കു പുറത്തായി മേശവെച്ചു.
- 23 അതിന്മേൽ യഹോവയുടെ സന്നിധിയിൽ അപ്പം അടുക്കിവെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
- 24 സമാഗമനകൂടാരത്തിൽ മേശെക്കു നേരെ തിരുനിവാസത്തിന്റെ തെക്കുവശത്തു നിലവിളക്കു വെക്കയും യഹോവയുടെ സന്നിധിയിൽ ദീപം കൊളുത്തുകയും ചെയ്തു;
- 25 യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
- 26 സമാഗമനകൂടാരത്തിൽ തിരശ്ശീലയുടെ മുൻവശത്തു പൊന്നുകൊണ്ടുള്ള ധൂപപീഠം വെക്കയും അതിന്മേൽ സുഗന്ധധൂപവൎഗ്ഗം ധൂപിക്കയും ചെയ്തു;
- 27 യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
- 28 അവൻ തിരുനിവാസത്തിന്റെ വാതിലിന്നുള്ള മറശ്ശീല തൂക്കി.
- 29 ഹോമയാഗപീഠം സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന്നു മുൻവശത്തു വെക്കയും അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അൎപ്പിക്കയും ചെയ്തു. യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
- 30 സമാഗമനകൂടാരത്തിന്നും യാഗപീഠത്തിന്നും നടുവിൽ അവൻ തൊട്ടിവെക്കയും കഴുകേണ്ടതിന്നു അതിൽ വെള്ളം ഒഴിക്കയും ചെയ്തു.
- 31 മോശെയും അഹരോനും അവന്റെ പുത്രന്മാരും അതിൽ കയ്യും കാലും കഴുകി.
- 32 അവർ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴും യാഗപീഠത്തിങ്കൽ ചെല്ലുമ്പോഴും കൈകാലുകൾ കഴുകും; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
- 33 അവൻ തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റം പ്രാകാരം നിറുത്തി; പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കി. ഇങ്ങനെ മോശെ പ്രവൃത്തി സമാപിച്ചു.
- 34 അപ്പോൾ മേഘം സമാഗമനകൂടാരത്തെ മൂടി, യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെച്ചു.
- 35 മേഘം സമാഗമനകൂടാരത്തിന്മേൽ അധിവസിക്കയും യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെക്കയും ചെയ്തതുകൊണ്ടു മോശെക്കു അകത്തു കടപ്പാൻ കഴിഞ്ഞില്ല.
- 36 യിസ്രായേൽമക്കൾ തങ്ങളുടെ സകലപ്രയാണങ്ങളിലും മേഘം തിരുനിവാസത്തിന്മേൽനിന്നു ഉയരുമ്പോൾ യാത്ര പുറപ്പെടും.
- 37 മേഘം ഉയരാതിരുന്നാൽ അതു ഉയരുംനാൾവരെ അവർ യാത്രപുറപ്പെടാതിരിക്കും.
- 38 യിസ്രായേല്യരുടെ സകലപ്രയാണങ്ങളിലും അവരെല്ലാവരും കാൺകെ പകൽ സമയത്തു തിരുനിവാസത്തിന്മേൽ യഹോവയുടെ മേഘവും രാത്രിസമയത്തു അതിൽ അഗ്നിയും ഉണ്ടായിരുന്നു.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗