출애굽기 1장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 출애굽기 (Exodus) · 22절
- 1 യാക്കോബിനോടുകൂടെ താന്താന്റെ കുടുംബസഹിതം മിസ്രയീമിൽ വന്ന യിസ്രായേൽമക്കളുടെ പേരുകൾ ആവിതു:
- 2 രൂബേൻ, ശിമെയോൻ, ലേവി,
- 3 യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ
- 4 ദാൻ, നഫ്താലി, ഗാദ്, ആശേർ.
- 5 യാക്കോബിന്റെ കടിപ്രദേശത്തുനിന്നു ഉത്ഭവിച്ച ദേഹികൾ എല്ലാം കൂടെ എഴുപതു പേർ ആയിരുന്നു; യോസേഫോ മുമ്പെ തന്നേ മിസ്രയീമിൽ ആയിരുന്നു.
- 6 യോസേഫും സഹോദരന്മാരെല്ലാവരും ആ തലമുറ ഒക്കെയും മരിച്ചു.
- 7 യിസ്രായേൽമക്കൾ സന്താനസമ്പന്നരായി അത്യന്തം വൎദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.
- 8 അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമിൽ ഉണ്ടായി.
- 9 അവൻ തന്റെ ജനത്തോടു: യിസ്രായേൽജനം നമ്മെക്കാൾ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു.
- 10 അവർ പെരുകീട്ടു ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം നമ്മുടെ ശത്രുക്കളോടു ചേൎന്നു നമ്മോടു പൊരുതു ഈ രാജ്യം വിട്ടു പൊയ്ക്കളവാൻ സംഗതി വരാതിരിക്കേണ്ടതിന്നു നാം അവരോടു ബുദ്ധിയായി പെരുമാറുക.
- 11 അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന്നു അവരുടെമേൽ ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോന്നു പണിതു.
- 12 എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം പെരുകി വൎദ്ധിച്ചു; അതുകൊണ്ടു അവർ യിസ്രായേൽമക്കൾ നിമിത്തം പേടിച്ചു.
- 13 മിസ്രയീമ്യർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.
- 14 കളിമണ്ണും ഇഷ്ടികയും വയലിലെ സകലവിധവേലയും സംബന്ധിച്ചുള്ള കഠിനപ്രവൎത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകലപ്രയത്നത്താലും അവർ അവരുടെ ജീവനെ കൈപ്പാക്കി.
- 15 എന്നാൽ മിസ്രയീംരാജാവു ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികൎമ്മിണികളോടു:
- 16 എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികൎമ്മത്തിന്നു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു.
- 17 സൂതികൎമ്മിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീം രാജാവു തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു.
- 18 അപ്പോൾ മിസ്രയീം രാജാവു സൂതികൎമ്മിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.
- 19 സൂതികൎമ്മിണികൾ ഫറവോനോടു: എബ്രായസ്ത്രീകൾ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവർ നല്ല തിറമുള്ളവർ; സൂതികൎമ്മിണികൾ അവരുടെ അടുക്കൽ എത്തുമ്മുമ്പെ അവർ പ്രസവിച്ചുകഴിയും എന്നു പറഞ്ഞു.
- 20 അതുകൊണ്ടു ദൈവം സൂതികൎമ്മിണികൾക്കു നന്മചെയ്തു; ജനം വൎദ്ധിച്ചു ഏറ്റവും ബലപ്പെട്ടു.
- 21 സൂതി കൎമ്മിണികൾ ദൈവത്തെ ഭയപ്പെടുകകൊണ്ടു അവൻ അവൎക്കു കുടുംബവൎദ്ധന നല്കി.
- 22 പിന്നെ ഫറവോൻ തന്റെ സകലജനത്തോടും: ജനിക്കുന്ന ഏതു ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയേണമെന്നും ഏതു പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കേണമെന്നും കല്പിച്ചു.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗