창세기 7장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 창세기 (Genesis) · 24절
- 1 അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാൽ: നീയും സൎവ്വകുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു.
- 2 ശുദ്ധിയുള്ള സകലമൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നു ആണും പെണ്ണുമായി ഈരണ്ടും,
- 3 ആകാശത്തിലെ പറവകളിൽനിന്നു പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിന്നു നീ ചേൎത്തുകൊള്ളേണം.
- 4 ഇനി ഏഴുദിവസം കഴിഞ്ഞിട്ടു ഞാൻ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാൻ ഉണ്ടാക്കീട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽനിന്നു നശിപ്പിക്കും.
- 5 യഹോവ തന്നോടു കല്പിച്ചപ്രകാരമൊക്കെയും നോഹ ചെയ്തു.
- 6 ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോൾ നോഹെക്കു അറുനൂറു വയസ്സായിരുന്നു.
- 7 നോഹയും പുത്രന്മാരും അവന്റെ ഭാൎയ്യയും പുത്രന്മാരുടെ ഭാൎയ്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തിൽ കടന്നു.
- 8 ശുദ്ധിയുള്ള മൃഗങ്ങളിൽ നിന്നും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും പറവകളിൽനിന്നും ഭൂമിയിലുള്ള ഇഴജാതിയിൽനിന്നൊക്കെയും,
- 9 ദൈവം നോഹയോടു കല്പിച്ചപ്രകാരം ഈരണ്ടീരണ്ടു ആണും പെണ്ണുമായി നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു.
- 10 ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയിൽ ജലപ്രളയം തുടങ്ങി.
- 11 നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തിൽ രണ്ടാം മാസം പതിനേഴാം തിയ്യതി, അന്നുതന്നേ ആഴിയുടെ ഉറവുകൾ ഒക്കെയും പിളൎന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു.
- 12 നാല്പതു രാവും നാല്പതു പകലും ഭൂമിയിൽ മഴ പെയ്തു.
- 13 അന്നുതന്നേ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫേത്തും നോഹയുടെ ഭാൎയ്യയും അവന്റെ പുത്രന്മാരുടെ മൂന്നു ഭാൎയ്യമാരും പെട്ടകത്തിൽ കടന്നു.
- 14 അവരും അതതു തരം കാട്ടുമൃഗങ്ങളും അതതു തരം കന്നുകാലികളും നിലത്തു ഇഴയുന്ന അതതു തരം ഇഴജാതിയും അതതു തരം പറവകളും അതതു തരം പക്ഷികളും തന്നേ.
- 15 ജീവശ്വാസമുള്ള സൎവ്വജഡത്തിൽനിന്നും ഈരണ്ടീരണ്ടു നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു.
- 16 ദൈവം അവനോടു കല്പിച്ചതുപോലെ അകത്തു കടന്നവ സൎവ്വജഡത്തിൽനിന്നും ആണും പെണ്ണുമായി കടന്നു; യഹോവ വാതിൽ അടെച്ചു.
- 17 ഭൂമിയിൽ നാല്പതു ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വൎദ്ധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്നു ഉയൎന്നു.
- 18 വെള്ളം പൊങ്ങി ഭൂമിയിൽ ഏറ്റവും പെരുകി; പെട്ടകം വെള്ളത്തിൽ ഒഴുകിത്തുടങ്ങി.
- 19 വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി, ആകാശത്തിൻ കീഴെങ്ങുമുള്ള ഉയൎന്ന പൎവ്വതങ്ങളൊക്കെയും മൂടിപ്പോയി.
- 20 പൎവ്വതങ്ങൾ മൂടുവാൻ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അവെക്കു മീതെ പൊങ്ങി.
- 21 പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്തു ഇഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂചരജഡമൊക്കെയും സകലമനുഷ്യരും ചത്തുപോയി.
- 22 കരയിലുള്ള സകലത്തിലും മൂക്കിൽ ജീവശ്വാസമുള്ളതൊക്കെയും ചത്തു.
- 23 ഭൂമിയിൽ മനുഷ്യനും മൃഗങ്ങളും ഇഴജാതിയും ആകാശത്തിലെ പറവകളുമായി ഭൂമിയിൽ ഉണ്ടായിരുന്ന സകലജീവജാലങ്ങളും നശിച്ചുപോയി; അവ ഭൂമിയിൽനിന്നു നശിച്ചുപോയി; നോഹയും അവനോടുകൂടെ പെട്ടകത്തിൽ ഉണ്ടായിരുന്നവരും മാത്രം ശേഷിച്ചു.
- 24 വെള്ളം ഭൂമിയിൽ നൂറ്റമ്പതു ദിവസം പൊങ്ങിക്കൊണ്ടിരുന്നു.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗