창세기 25장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 창세기 (Genesis) · 34절
- 1 അബ്രാഹാം വേറൊരു ഭാൎയ്യയെ പരിഗ്രഹിച്ചു; അവൾക്കു കെതൂറാ എന്നു പേർ.
- 2 അവൾ സിമ്രാൻ, യൊക്ശാൻ, മെദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു.
- 3 യൊക്ശാൻ ശെബയെയും ദെദാനെയും ജനിപ്പിച്ചു; ദെദാന്റെ പുത്രന്മാർ അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവർ.
- 4 മിദ്യാന്റെ പുത്രന്മാർ ഏഫാ, ഏഫെർ, ഹനോക്, അബീദാ, എൽദാഗാ എന്നിവർ. ഇവർ എല്ലാവരും കെതൂറയുടെ മക്കൾ.
- 5 എന്നാൽ അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിന്നു കൊടുത്തു.
- 6 അബ്രാഹാമിന്നു ഉണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കൾക്കോ അബ്രാഹാം ദാനങ്ങൾ കൊടുത്തു; താൻ ജീവനോടിരിക്കുമ്പോൾ തന്നേ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കൽനിന്നു കിഴക്കോട്ടു കിഴക്കുദേശത്തേക്കു അയച്ചു.
- 7 അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു സംവത്സരം ആയിരുന്നു.
- 8 അബ്രാഹാം വയോധികനും കാലസമ്പൂൎണ്ണനുമായി നല്ല വാൎദ്ധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേൎന്നു.
- 9 അവന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോഹരിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്തു മക്പേലാഗുഹയിൽ അവനെ അടക്കം ചെയ്തു.
- 10 അബ്രാഹാം ഹിത്യരോടു വിലെക്കു വാങ്ങിയ നിലത്തു തന്നേ; അവിടെ അബ്രാഹാമിനെയും അവന്റെ ഭാൎയ്യയായ സാറയെയും അടക്കം ചെയ്തു.
- 11 അബ്രാഹാം മരിച്ചശേഷം ദൈവം അവന്റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാക്ക് ബേർലഹയിരോയീക്കരികെ പാൎത്തു.
- 12 സാറയുടെ മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പൎയ്യം:
- 13 അവരുടെ വംശാവലിപ്രകാരം പേരുപേരായി യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകൾ ആവിതു: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്,
- 14 കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,
- 15 മശ്ശാ, ഹദാദ്, തേമാ, യെതൂർ, നാഫീശ്, കേദെമാ.
- 16 പന്ത്രണ്ടു പ്രഭുക്കന്മാരായ യിശ്മായേലിന്റെ പുത്രന്മാർ അവരുടെ ഊരുകളിലും പാളയങ്ങളിലും വംശംവംശമായി ഇവർ ആകുന്നു; അവരുടെ പേരുകൾ ഇവ തന്നേ.
- 17 യിശ്മായേലിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു; അവൻ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേൎന്നു.
- 18 ഹവീലാ തുടങ്ങി അശ്ശൂരിലേക്കു പോകുന്ന വഴിയിൽ മിസ്രയീമിന്നു കിഴക്കുള്ള ശൂർവരെ അവർ കുടിയിരുന്നു; അവൻ തന്റെ സകലസഹോദരന്മാൎക്കും എതിരെ പാൎത്തു.
- 19 അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ വംശപാരമ്പൎയ്യമാവിതു: അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു.
- 20 യിസ്ഹാക്കിന്നു നാല്പതു വയസ്സായപ്പോൾ അവൻ പദ്ദൻ-അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബെക്കയെ ഭാൎയ്യയായി പരിഗ്രഹിച്ചു.
- 21 തന്റെ ഭാൎയ്യ മച്ചിയായിരുന്നതുകൊണ്ടു യിസ്ഹാക്ക് അവൾക്കു വേണ്ടി യഹോവയോടു പ്രാൎത്ഥിച്ചു; യഹോവ അവന്റെ പ്രാൎത്ഥന കേട്ടു; അവന്റെ ഭാൎയ്യ റിബെക്കാ ഗൎഭംധരിച്ചു.
- 22 അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: ഇങ്ങനെയായാൽ ഞാൻ എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാൻ പോയി.
- 23 യഹോവ അവളോടു: രണ്ടുജാതികൾ നിന്റെ ഗൎഭത്തിൽ ഉണ്ടു. രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവൻ ഇളയവനെ സേവിക്കും. എന്നു അരുളിച്ചെയ്തു.
- 24 അവൾക്കു പ്രസവകാലം തികഞ്ഞപ്പോൾ ഇരട്ടപ്പിള്ളകൾ അവളുടെ ഗൎഭത്തിൽ ഉണ്ടായിരുന്നു.
- 25 ഒന്നാമത്തവൻ ചുവന്നവനായി പുറത്തുവന്നു, മേൽ മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ഇരുന്നു; അവന്നു ഏശാവ് എന്നു പേരിട്ടു.
- 26 പിന്നെ അവന്റെ സഹോദരൻ പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാൽ പിടിച്ചിരുന്നു; അവന്നു യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന്നു അറുപതു വയസ്സു ആയിരുന്നു.
- 27 കുട്ടികൾ വളൎന്നു; ഏശാവ് വേട്ടയിൽ സമൎത്ഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു.
- 28 ഏശാവിന്റെ വേട്ടയിറച്ചിയിൽ രുചി പിടിച്ചിരുന്നതുകൊണ്ടു യിസ്ഹാക്ക് അവനെ സ്നേഹിച്ചു; റിബെക്കയോ യാക്കോബിനെ സ്നേഹിച്ചു.
- 29 ഒരിക്കൽ യാക്കോബ് ഒരു പായസം വെച്ചു; ഏശാവ് വെളിമ്പ്രദേശത്തുനിന്നു വന്നു; അവൻ നന്നാ ക്ഷീണിച്ചിരുന്നു.
- 30 ഏശാവ് യാക്കോബിനോടു: ആ ചുവന്ന പായസം കുറെ എനിക്കു തരേണം; ഞാൻ നന്നാ ക്ഷീണിച്ചിരിക്കുന്നു എന്നു പറഞ്ഞു. അതുകൊണ്ടു അവന്നു ഏദോം (ചുവന്നവൻ) എന്നു പേരായി.
- 31 നിന്റെ ജ്യേഷ്ഠാവകാശം ഇന്നു എനിക്കു വില്ക്കുക എന്നു യാക്കോബ് പറഞ്ഞു.
- 32 അതിന്നു ഏശാവ്: ഞാൻ മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്കു എന്തിന്നു എന്നു പറഞ്ഞു.
- 33 ഇന്നു എന്നോടു സത്യം ചെയ്ക എന്നു യാക്കോബ് പറഞ്ഞു. അവൻ അവനോടു സത്യം ചെയ്തു; തന്റെ ജ്യേഷ്ഠാവകാശം യാക്കോബിന്നു വിറ്റു.
- 34 യാക്കോബ് ഏശാവിന്നു അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു; അവൻ ഭക്ഷിച്ചു പാനം ചെയ്തു, എഴുന്നേറ്റുപോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗