창세기 20장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 창세기 (Genesis) · 18절
- 1 അനന്തരം അബ്രാഹാം അവിടെനിന്നു തെക്കെ ദേശത്തേക്കു യാത്ര പുറപ്പെട്ടു കാദേശിന്നും സൂരിന്നും മദ്ധ്യേ കുടിയിരുന്നു ഗെരാരിൽ പരദേശിയായി പാൎത്തു.
- 2 അബ്രാഹാം തന്റെ ഭാൎയ്യയായ സാറയെക്കുറിച്ചു: അവൾ എന്റെ പെങ്ങൾ എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെക്ക് ആളയച്ചു സാറയെ കൊണ്ടുപോയി.
- 3 എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുക്കൽ വന്നു അവനോടു: നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാൎയ്യ എന്നു അരുളിച്ചെയ്തു.
- 4 എന്നാൽ അബീമേലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവൻ: കൎത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ?
- 5 ഇവൾ എന്റെ പെങ്ങളാകുന്നു എന്നു അവൻ എന്നോടു പറഞ്ഞുവല്ലോ. അവൻ എന്റെ ആങ്ങള എന്നു അവളും പറഞ്ഞു. ഹൃദയപരമാൎത്ഥതയോടും കയ്യുടെ നിൎമ്മലതയോടും കൂടെ ഞാൻ ഇതു ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
- 6 അതിന്നു ദൈവം സ്വപ്നത്തിൽ അവനോടു: നീ ഇതു ഹൃദയപരമാൎത്ഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാൻ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാൻ ഞാൻ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നതു.
- 7 ഇപ്പോൾ ആ പുരുഷന്നു അവന്റെ ഭാൎയ്യയെ മടക്കിക്കൊടുക്ക; അവൻ ഒരു പ്രവാചകൻ ആകുന്നു; നീ ജീവനോടിരിക്കേണ്ടതിന്നു അവൻ നിനക്കുവേണ്ടി പ്രാൎത്ഥിക്കട്ടെ. അവളെ മടക്കിക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്നു അറിഞ്ഞുകൊൾക എന്നു അരുളിച്ചെയ്തു.
- 8 അബീമേലെക്ക് അതികാലത്തു എഴുന്നേറ്റു തന്റെ സകലഭൃത്യന്മാരെയും വരുത്തി ഈ കാൎയ്യം ഒക്കെയും അവരോടു പറഞ്ഞു; അവർ ഏറ്റവും ഭയപ്പെട്ടു.
- 9 അബീമേലെക്ക് അബ്രാഹാമിനെ വിളിപ്പിച്ചു അവനോടു: നീ ഞങ്ങളോടു ചെയ്തതു എന്തു? നീ എന്റെ മേലും എന്റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാൻ തക്കവണ്ണം ഞാൻ നിന്നോടു എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാൎയ്യം നീ എന്നോടു ചെയ്തുവല്ലോ എന്നു പറഞ്ഞു.
- 10 നീ എന്തു കണ്ടിട്ടാകുന്നു ഇക്കാൎയ്യം ചെയ്തതു എന്നു അബീമേലെക്ക് അബ്രാഹാമിനോടു ചോദിച്ചതിന്നു അബ്രാഹാം പറഞ്ഞതു:
- 11 ഈ സ്ഥലത്തു ദൈവഭയം ഇല്ല നിശ്ചയം; എന്റെ ഭാൎയ്യനിമിത്തം അവർ എന്നെ കൊല്ലും എന്നു ഞാൻ നിരൂപിച്ചു.
- 12 വാസ്തവത്തിൽ അവൾ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ല താനും; അവൾ എനിക്കു ഭാൎയ്യയായി.
- 13 എന്നാൽ ദൈവം എന്നെ എന്റെ പിതൃഭവനത്തിൽനിന്നു പുറപ്പെടുവിച്ചപ്പോൾ ഞാൻ അവളോടു: നീ എനിക്കു ഒരു ദയ ചെയ്യേണം; നാം ഏതൊരു ദിക്കിൽ ചെന്നാലും അവിടെ: അവൻ എന്റെ ആങ്ങള എന്നു എന്നെക്കുറിച്ചു പറയേണം എന്നു പറഞ്ഞിരുന്നു.
- 14 അബീമേലെക്ക് അബ്രാഹാമിന്നു ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു; അവന്റെ ഭാൎയ്യയായ സാറയെയും അവന്നു മടക്കിക്കൊടുത്തു:
- 15 ഇതാ, എന്റെ രാജ്യം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ബോധിച്ചേടത്തു പാൎത്തുകൊൾക എന്നു അബീമേലെക്ക് പറഞ്ഞു.
- 16 സാറയോടു അവൻ: നിന്റെ ആങ്ങളെക്കു ഞാൻ ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ടു; നിന്നോടുകൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്കു ഒരു പ്രതിശാന്തി; നീ എല്ലാവൎക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു എന്നു പറഞ്ഞു.
- 17 അബ്രാഹാം ദൈവത്തോടു അപേക്ഷിച്ചു; അപ്പോൾ ദൈവം അബീമേലെക്കിനെയും അവന്റെ ഭാൎയ്യയെയും അവന്റെ ദാസിമാരെയും സൌഖ്യമാക്കി, അവർ പ്രസവിച്ചു.
- 18 അബ്രാഹാമിന്റെ ഭാൎയ്യയായ സാറയുടെ നിമിത്തം യഹോവ അബീമേലെക്കിന്റെ ഭവനത്തിലെ ഗൎഭം ഒക്കെയും അടെച്ചിരുന്നു.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗