로그인

창세기 16장 Sathyavedapusthakam (Malayalam Bible) published in 1910

Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 창세기 (Genesis) · 16절

  1. 1 അബ്രാമിന്റെ ഭാൎയ്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാൽ അവൾക്കു ഹാഗാർ എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു.
  2. 2 സാറായി അബ്രാമിനോടു: ഞാൻ പ്രസവിക്കാതിരിപ്പാൻ യഹോവ എന്റെ ഗൎഭം അടെച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ എനിക്കു മക്കൾ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്കു അനുസരിച്ചു.
  3. 3 അബ്രാം കനാൻദേശത്തു പാൎത്തു പത്തു സംവത്സരം കഴിഞ്ഞപ്പോൾ അബ്രാമിന്റെ ഭാൎയ്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭൎത്താവായ അബ്രാമിന്നു ഭാൎയ്യയായി കൊടുത്തു.
  4. 4 അവൻ ഹാഗാരിന്റെ അടുക്കൽ ചെന്നു; അവൾ ഗൎഭം ധരിച്ചു; താൻ ഗൎഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ യജമാനത്തി അവളുടെ കണ്ണിന്നു നിന്ദിതയായി.
  5. 5 അപ്പോൾ സാറായി അബ്രാമിനോടു: എനിക്കു ഭവിച്ച അന്യായത്തിന്നു നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാൎവ്വിടത്തിൽ തന്നു; എന്നാൽ താൻ ഗൎഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിന്നു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.
  6. 6 അബ്രാം സാറായിയോടു: നിന്റെ ദാസി നിന്റെ കയ്യിൽ ഇരിക്കുന്നു; ഇഷ്ടംപോലെ അവളോടു ചെയ്തുകൊൾക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോൾ അവൾ അവളെ വിട്ടു ഓടിപ്പോയി.
  7. 7 പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വെച്ചു തന്നേ, അവളെ കണ്ടു.
  8. 8 സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന്നു അവൾ: ഞാൻ എന്റെ യജമാനത്തി സാറായിയെ വിട്ടു ഓടിപ്പോകയാകുന്നു എന്നു പറഞ്ഞു.
  9. 9 യഹോവയുടെ ദൂതൻ അവളോടു: നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്നു അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു.
  10. 10 യഹോവയുടെ ദൂതൻ പിന്നെയും അവളോടു: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വൎദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.
  11. 11 നീ ഗൎഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ടു അവന്നു യിശ്മായേൽ എന്നു പേർ വിളിക്കേണം;
  12. 12 അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും: അവന്റെ കൈ എല്ലാവൎക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാൎക്കും എതിരെ പാൎക്കും എന്നു അരുളിച്ചെയ്തു.
  13. 13 എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവെക്കു: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു.
  14. 14 അതുകൊണ്ടു ആ കിണറ്റിന്നു ബേർ-ലഹയീ-രോയീ എന്നു പേരായി; അതു കാദേശിന്നും ബേരെദിന്നും മദ്ധ്യേ ഇരിക്കുന്നു.
  15. 15 പിന്നെ ഹാഗാർ അബ്രാമിന്നു ഒരു മകനെ പ്രസവിച്ചു: ഹാഗാർ പ്രസവിച്ച തന്റെ മകന്നു അബ്രാം യിശ്മായേൽ എന്നു പേരിട്ടു.
  16. 16 ഹാഗാർ അബ്രാമിന്നു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന്നു എണ്പത്താറു വയസ്സായിരുന്നു.

Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗