전도서 6장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 전도서 (Ecclesiastes) · 12절
- 1 സൂൎയ്യന്നു കീഴെ ഞാൻ കണ്ടിരിക്കുന്ന ഒരു തിന്മ ഉണ്ടു; അതു മനുഷ്യൎക്കു ഭാരമുള്ളതാകുന്നു.
- 2 ദൈവം ഒരു മനുഷ്യന്നു ധനവും ഐശ്വൎയ്യവും മാനവും നല്കുന്നു; അവൻ ആഗ്രഹിക്കുന്നതിന്നു ഒന്നിന്നും അവന്നു കുറവില്ല; എങ്കിലും അതു അനുഭവിപ്പാൻ ദൈവം അവന്നു അധികാരം കൊടുക്കുന്നില്ല; ഒരു അന്യനത്രേ അതു അനുഭവിക്കുന്നതു; അതു മായയും വല്ലാത്ത വ്യാധിയും തന്നേ.
- 3 ഒരു മനുഷ്യൻ നൂറുമക്കളെ ജനിപ്പിക്കയും ഏറിയ സംവത്സരം ജീവിച്ചു ദീൎഘായുസ്സായിരിക്കയും ചെയ്തിട്ടും അവൻ നന്മ അനുഭവിച്ചു തൃപ്തനാകാതെയും ഒരു ശവസംസ്കാരം പ്രാപിക്കാതെയും പോയാൽ ഗൎഭം അലസിപ്പോയ പിണ്ഡം അവനെക്കാൾ നന്നു എന്നു ഞാൻ പറയുന്നു.
- 4 അതു മായയിൽ വരുന്നു; അന്ധകാരത്തിലേക്കു പോകുന്നു; അതിന്റെ പേർ അന്ധകാരത്തിൽ മറഞ്ഞിരിക്കുന്നു.
- 5 സൂൎയ്യനെ അതു കണ്ടിട്ടില്ല അറിഞ്ഞിട്ടുമില്ല; മറ്റേവനെക്കാൾ അധികം വിശ്രാമം അതിന്നുണ്ടു.
- 6 അവൻ ഈരായിരത്താണ്ടു ജീവിച്ചിരുന്നിട്ടും നന്മ അനുഭവിച്ചില്ലെങ്കിൽ എല്ലാവരും ഒരു സ്ഥലത്തേക്കല്ലയോ പോകുന്നതു?
- 7 മനുഷ്യന്റെ പ്രയത്നമൊക്കെയും അവന്റെ വായ്ക്കുവേണ്ടിയാകുന്നു; എങ്കിലും അവന്റെ കൊതിക്കു മതിവരുന്നില്ല.
- 8 മൂഢനെക്കാൾ ജ്ഞാനിക്കു എന്തു വിശേഷതയുള്ളു? പരിജ്ഞാനമുള്ള സാധുവിന്നു ജീവനുള്ളവരുടെ മുമ്പിൽ നടക്കുന്നതിൽ എന്തു വിശേഷതയുള്ളു?
- 9 അഭിലാഷത്തിന്റെ സഞ്ചാരത്തെക്കാൾ കണ്ണിന്റെ നോട്ടം നല്ലതു; അതും മായയും വൃഥാപ്രയത്നവും അത്രേ.
- 10 ഒരുത്തൻ എന്തു തന്നേ ആയിരുന്നാലും അവന്നു പണ്ടേ തന്നേ പേർവിളിച്ചിരിക്കുന്നു; മനുഷ്യൻ എന്താകും എന്നു വിധിച്ചുമിരിക്കുന്നു; തന്നിലും ബലമേറിയവനോടു വാദിപ്പാൻ അവന്നു കഴിവില്ല.
- 11 മായയെ വൎദ്ധിപ്പിക്കുന്ന വാക്കു പെരുക്കിയാലും മനുഷ്യന്നു എന്തു ലാഭം?
- 12 മനുഷ്യന്റെ ജീവിതകാലത്തു, അവൻ നിഴൽപോലെ കഴിച്ചുകൂട്ടുന്ന വ്യൎത്ഥമായുള്ള ആയുഷ്കാലത്തൊക്കെയും അവന്നു എന്താകുന്നു നല്ലതു എന്നു ആൎക്കറിയാം? അവന്റെ ശേഷം സൂൎയ്യന്നു കീഴെ എന്തു സംഭവിക്കും എന്നു മനുഷ്യനോടു ആർ അറിയിക്കും?
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗