이사야 54장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 이사야 (Isaiah) · 17절
- 1 പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്ക; നോവു കിട്ടീട്ടില്ലാത്തവളേ, പൊട്ടി ആൎത്തു ഘോഷിക്ക; ഏകാകിനിയുടെ മക്കൾ ഭൎത്താവുള്ളവളുടെ മക്കളെക്കാൾ അധികം എന്നു യഹോവ അരുളിച്ചെയ്യുന്നു.
- 2 നിന്റെ കൂടാരത്തിന്റെ സ്ഥലത്തെ വിശാലമാക്കുക; നിന്റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവർ നിവിൎക്കട്ടെ; തടുത്തുകളയരുതു; നിന്റെ കയറുകളെ നീട്ടുക; നിന്റെ കുറ്റികളെ ഉറപ്പിക്ക.
- 3 നീ ഇടത്തോട്ടും വലത്തോട്ടും പരക്കും; നിന്റെ സന്തതി ജാതികളുടെ ദേശം കൈവശമാക്കുകയും ശൂന്യനഗരങ്ങളിൽ നിവാസികളെ പാൎപ്പിക്കയും ചെയ്യും.
- 4 ഭയപ്പെടേണ്ട, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൌവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓൎക്കയുമില്ല.
- 5 നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭൎത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ; സൎവ്വഭൂമിയുടെയും ദൈവം എന്നു അവൻ വിളിക്കപ്പെടുന്നു.
- 6 ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രീയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാൎയ്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.
- 7 അല്പനേരത്തെക്കു മാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു; എങ്കിലും മഹാകരുണയോടെ ഞാൻ നിന്നെ ചേൎത്തുകൊള്ളും.
- 8 ക്രോധാധിക്യത്തിൽ ഞാൻ ക്ഷണനേരത്തേക്കു എന്റെ മുഖം നിനക്കു മറെച്ചു; എങ്കിലും നിത്യദയയോടെ ഞാൻ നിന്നോടു കരുണകാണിക്കും എന്നു നിന്റെ വീണ്ടെടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു.
- 9 ഇതു എനിക്കു നോഹയുടെ വെള്ളങ്ങൾപോലെയാകുന്നു; നോഹയുടെ വെള്ളങ്ങൾ ഇനി ഭൂമിയെ മുക്കിക്കളകയില്ല എന്നു ഞാൻ സത്യം ചെയ്തതുപോലെ ഞാൻ നിന്നോടു കോപിക്കയോ നിന്നെ ഭൎത്സിക്കയോ ഇല്ല എന്നു ഞാൻ സത്യം ചെയ്തിരിക്കുന്നു.
- 10 പൎവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു.
- 11 അരിഷ്ടയും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ടു ആശ്വാസമറ്റവളും ആയുള്ളോവേ, ഞാൻ നിന്റെ കല്ലു അഞ്ജനത്തിൽ പതിക്കയും നീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനം ഇടുകയും ചെയ്യും.
- 12 ഞാൻ നിന്റെ താഴികക്കുടങ്ങളെ പത്മരാഗംകൊണ്ടും നിന്റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്റെ അറ്റങ്ങളെയൊക്കെയും മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും.
- 13 നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.
- 14 നീതിയാൽ നീ സ്ഥിരമായി നില്ക്കും; നീ പീഡനത്തോടു അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അതു നിന്നോടു അടുത്തുവരികയില്ല.
- 15 ഒരുത്തൻ നിന്നോടു കലശൽ കൂടുന്നു എങ്കിൽ അതു എന്റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോടു കലശൽ കൂടിയാൽ അവൻ നിന്റെ നിമിത്തം വീഴും.
- 16 തീക്കനൽ ഊതി പണിചെയ്തു ഓരോ ആയുധം തീൎക്കുന്ന കൊല്ലനെ ഞാൻ സൃഷ്ടിച്ചിരിക്കുന്നു; നശിപ്പിപ്പാൻ സംഹാരകനെയും ഞാൻ സൃഷ്ടിച്ചിരിക്കുന്നു.
- 17 നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കൽ നിന്നുള്ള അവരുടെ നീതിയും ഇതു തന്നേ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗