로그인

이사야 52장 Sathyavedapusthakam (Malayalam Bible) published in 1910

Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 이사야 (Isaiah) · 15절

  1. 1 സീയോനേ, ഉണരുക, ഉണരുക, നിന്റെ ബലം ധരിച്ചുകൊൾക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ അലങ്കാരവസ്ത്രം ധരിച്ചുകൊൾക; ഇനിമേലാൽ അഗ്രചൎമ്മിയും അശുദ്ധനും നിന്നിലേക്കു വരികയില്ല.
  2. 2 പൊടി കുടഞ്ഞുകളക; യെരൂശലേമേ, എഴുന്നേറ്റു ഇരിക്ക; ബദ്ധയായ സീയോൻ പുത്രീ, നിന്റെ കഴുത്തിലെ ബന്ധനങ്ങളെ അഴിച്ചുകളക.
  3. 3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു; വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും.
  4. 4 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനം പണ്ടു പരദേശവാസം ചെയ്‌വാൻ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതെ പീഡിപ്പിച്ചു.
  5. 5 ഇപ്പോഴോ എന്റെ ജനത്തെ വെറുതെ പിടിച്ചു കൊണ്ടുപോയിരിക്കകൊണ്ടു ഞാൻ ഇവിടെ എന്തു ചെയ്യേണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു; അവരുടെ അധിപതിമാർ മുറയിടുന്നു; എന്റെ നാമം ഇടവിടാതെ എല്ലായ്പോഴും ദുഷിക്കപ്പെടുന്നു എന്നും യഹോവ അരുളിച്ചെയ്യുന്നു.
  6. 6 അതുകൊണ്ടു എന്റെ ജനം എന്റെ നാമത്തെ അറിയും; അതുകൊണ്ടു ഞാൻ, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്നു അവർ അന്നു അറിയും.
  7. 7 സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാൎത്താദൂതന്റെ കാൽ പൎവ്വതങ്ങളിന്മേൽ എത്ര മനോഹരം!
  8. 8 നിന്റെ കാവല്ക്കാരുടെ ശബ്ദം കേട്ടുവോ? അവർ ശബ്ദം ഉയൎത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾ അവർ അഭിമുഖമായി കാണും.
  9. 9 യെരൂശലേമിന്റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആൎത്തുകൊൾവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ.
  10. 10 സകല ജാതികളും കാൺകെ യഹോവ തന്റെ വിശുദ്ധഭുജത്തെ നഗ്നമാക്കിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും.
  11. 11 വിട്ടു പോരുവിൻ; വിട്ടുപോരുവിൻ; അവിടെ നിന്നു പുറപ്പെട്ടുപോരുവിൻ; അശുദ്ധമായതൊന്നും തൊടരുതു; അതിന്റെ നടുവിൽ നിന്നു പുറപ്പെട്ടുപോരുവിൻ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നേ നിൎമ്മലീകരിപ്പിൻ.
  12. 12 നിങ്ങൾ ബദ്ധപ്പാടോടെ പോകയില്ല, ഓടിപ്പോകയുമില്ല; യഹോവ നിങ്ങൾക്കു മുമ്പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിമ്പട ആയിരിക്കും.
  13. 13 എന്റെ ദാസൻ കൃതാൎത്ഥനാകും; അവൻ ഉയൎന്നുപൊങ്ങി അത്യന്തം ഉന്നതനായിരിക്കും.
  14. 14 അവന്റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതു പോലെ,
  15. 15 അവൻ പല ജാതികളെയും കുതിച്ചുചാടുമാറാക്കും; രാജാക്കന്മാർ അവനെ കണ്ടു വായ്പൊത്തി നില്ക്കും; അവർ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കയും ചെയ്യും.

Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗