로그인

이사야 31장 Sathyavedapusthakam (Malayalam Bible) published in 1910

Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 이사야 (Isaiah) · 9절

  1. 1 യിസ്രായേലിന്റെ പരിശുദ്ധങ്കലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കയോ ചെയ്യാതെ സഹായത്തിന്നായി മിസ്രയീമിൽ ചെന്നു കുതിരകളിൽ മനസ്സു ഊന്നി രഥം അനവധിയുള്ളതുകൊണ്ടു അതിലും കുതിരച്ചേവകർ മഹാബലവാന്മാരാകകൊണ്ടു അവരിലും ആശ്രയിക്കുന്നവൎക്കു അയ്യോ കഷ്ടം!
  2. 2 എന്നാൽ അവനും ജ്ഞാനിയാകുന്നു; അവൻ അനൎത്ഥം വരുത്തും; തന്റെ വചനം മാറ്റുകയില്ല; അവൻ ദുഷ്കൎമ്മികളുടെ ഗൃഹത്തിന്നും ദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിന്നും വിരോധമായി എഴുന്നേല്ക്കും.
  3. 3 മിസ്രയീമ്യർ ദൈവമല്ല, മനുഷ്യരത്രേ; അവരുടെ കുതിരകൾ ആത്മാവല്ല, ജഡമത്രേ; യഹോവ തന്റെ കൈ നീട്ടുമ്പോൾ സഹായിക്കുന്നവൻ ഇടറുകയും സഹായിക്കപ്പെടുന്നവൻ വീഴുകയും അവരെല്ലാവരും ഒരുപോലെ നശിച്ചുപോകയും ചെയ്യും.
  4. 4 യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: സിംഹമോ, ബാലസിംഹമോ ഇര കണ്ടു മുരളുമ്പോൾ ഇടയക്കൂട്ടത്തെ അതിന്റെ നേരെ വിളിച്ചുകൂട്ടിയാലും അതു അവരുടെ കൂക്കുവിളികൊണ്ടു പേടിക്കാതെയും അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ സീയോൻ പൎവ്വതത്തിലും അതിന്റെ ഗിരിയിലും യുദ്ധം ചെയ്‌വാൻ ഇറങ്ങിവരും.
  5. 5 പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും. അവൻ അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും.
  6. 6 യിസ്രായേൽമക്കളേ, നിങ്ങൾ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്റെ അടുക്കലേക്കു തിരിവിൻ.
  7. 7 അന്നാളിൽ നിങ്ങളിൽ ഓരോരുത്തൻ നിങ്ങളുടെ കൈകൾ നിങ്ങൾക്കു പാപത്തിന്നായി വെള്ളിയും പൊന്നുംകൊണ്ടു ഉണ്ടാക്കിയ മിത്ഥ്യാമൂൎത്തികളെ ത്യജിച്ചുകളയും.
  8. 8 എന്നാൽ അശ്ശൂർ പുരുഷന്റേതല്ലാത്ത വാളാൽ വീഴും; മനുഷ്യന്റേതല്ലാത്ത വാളിന്നു ഇരയായിത്തീരും; അവർ വാളിന്നു ഒഴിഞ്ഞു ഓടിപ്പോയാൽ അവരുടെ യൌവനക്കാർ ഊഴിയവേലക്കാരായിത്തീരും.
  9. 9 ഭീതിഹേതുവായി അവരുടെ പാറ പൊയ്പോകും; അവരുടെ പ്രഭുക്കന്മാർ കൊടി കണ്ടു നടുങ്ങിപ്പോകും എന്നു സീയോനിൽ തീയും യെരൂശലേമിൽ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാടു.

Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗