이사야 25장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 이사야 (Isaiah) · 12절
- 1 യഹോവേ നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ സ്തുതിക്കും; നീ അത്ഭുതമായി പണ്ടേയുള്ള ആലോചനകളെ വിശ്വസ്തതയോടും സത്യത്തോടും കൂടെ അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.
- 2 നീ നഗരത്തെ കല്ക്കുന്നും ഉറപ്പുള്ള പട്ടണത്തെ ശൂന്യവും അന്യന്മാരുടെ അരമനകളെ നഗരമല്ലാതവണ്ണവും ആക്കിത്തീൎത്തു; അതു ഒരുനാളും പണികയില്ല.
- 3 അതുകൊണ്ടു ബലമുള്ള ജാതി നിന്നെ മഹത്വപ്പെടുത്തും; ഭയങ്കരജാതികളുടെ പട്ടണം നിന്നെ ഭയപ്പെടും.
- 4 ഭയങ്കരന്മാരുടെ ചീറ്റൽ മതിലിന്റെ നേരെ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ, നീ എളിയവന്നു ഒരു ദുൎഗ്ഗവും ദരിദ്രന്നു അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു.
- 5 വരണ്ട നിലത്തിലെ ഉഷ്ണത്തെപ്പോലെ നീ അന്യന്മാരുടെ ആരവത്തെ അടക്കിക്കളയുന്നു; മേഘത്തിന്റെ തണൽകൊണ്ടു ഉഷ്ണം എന്നപോലെ നിഷ്കണ്ടകന്മാരുടെ പാട്ടു ഒതുങ്ങിപ്പോകും.
- 6 സൈന്യങ്ങളുടെ യഹോവ ഈ പൎവ്വതത്തിൽ സകലജാതികൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സു നിറഞ്ഞ മൃഷ്ടഭോജനങ്ങൾ കൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടും ഉള്ള വിരുന്നു തന്നേ.
- 7 സകല വംശങ്ങൾക്കും ഉള്ള മൂടുപടവും സകലജാതികളുടെയും മേൽ കിടക്കുന്ന മറവും അവൻ ഈ പൎവ്വതത്തിൽവെച്ചു നശിപ്പിച്ചുകളയും.
- 8 അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കൎത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
- 9 അന്നാളിൽ: ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം എന്നു അവർ പറയും.
- 10 യഹോവയുടെ കൈ ഈ പൎവ്വതത്തിൽ ആവസിക്കുമല്ലോ; എന്നാൽ വൈക്കോൽ ചാണകക്കുഴിയിലെ വെള്ളത്തിൽ ഇട്ടു ചവിട്ടുന്നതുപോലെ മോവാബ് സ്വസ്ഥാനത്തു തന്നേ മെതിക്കപ്പെടും.
- 11 നീന്തുന്നവൻ നീന്തുവാൻ കൈ നീട്ടുന്നതുപോലെ അവൻ അതിന്റെ നടുവിൽ കൈ നീട്ടും; എങ്കിലും അവന്റെ ഗൎവ്വവും കൈമിടുക്കും അവൻ താഴ്ത്തിക്കളയും.
- 12 നിന്റെ ഉറപ്പും ഉയരവും ഉള്ള മതിലുകളെ അവൻ താഴെ നിലത്തു തള്ളിയിട്ടു പൊടിയാക്കിക്കളയും.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗