이사야 21장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 이사야 (Isaiah) · 17절
- 1 സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകം: തെക്കു ചുഴലിക്കാറ്റു അടിക്കുന്നതുപോലെ, അതു മരുഭൂമിയിൽനിന്നു ഭയങ്കരദേശത്തുനിന്നു തന്നേ വരുന്നു!
- 2 കഠിനമായോരു ദൎശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു; ദ്രോഹി ദ്രോഹം ചെയ്യുന്നു; കവൎച്ചക്കാരൻ കവൎച്ച ചെയ്യുന്നു. ഏലാമേ, കയറിച്ചെല്ലുക, മേദ്യയേ, നിരോധിച്ചുകൊൾക; അതിന്റെ ഞരക്കമൊക്കെയും ഞാൻ നിൎത്തിക്കളയും.
- 3 അതുകൊണ്ടു എന്റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു; നോവു കിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; എനിക്കു ചെവി കേട്ടുകൂടാതവണ്ണം ഞാൻ അതിവേദനപ്പെട്ടിരിക്കുന്നു; കണ്ണു കാണാതവണ്ണം ഞാൻ പരിഭ്രമിച്ചിരിക്കുന്നു.
- 4 എന്റെ ഹൃദയം പതറുന്നു; ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; ഞാൻ കാംക്ഷിച്ച സന്ധ്യാസമയം അവൻ എനിക്കു വിറയലാക്കിത്തീൎത്തു.
- 5 മേശ ഒരുക്കുവിൻ; പരവതാനി വിരിപ്പിൻ; ഭക്ഷിച്ചു പാനം ചെയ്വിൻ; പ്രഭുക്കന്മാരേ, എഴുന്നേല്പിൻ; പരിചെക്കു എണ്ണ പൂശുവിൻ.
- 6 കൎത്താവു എന്നോടു: നീ ചെന്നു ഒരു കാവല്ക്കാരനെ നിൎത്തിക്കൊൾക; അവൻ കാണുന്നതു അറിയിക്കട്ടെ.
- 7 ഈരണ്ടീരണ്ടായി വരുന്ന കുതിരപ്പടയെയും കഴുതപ്പടയെയും ഒട്ടകപ്പടയെയും കാണുമ്പോൾ അവൻ ബഹുശ്രദ്ധയോടെ ശ്രദ്ധിക്കട്ടെ എന്നു കല്പിച്ചു.
- 8 അവൻ ഒരു സിംഹംപോലെ അലറി: കൎത്താവേ, ഞാൻ പകൽ ഇടവിടാതെ കാവൽനില്ക്കുന്നു; രാത്രി മുഴുവനും ഞാൻ കാവൽ കാത്തുകൊണ്ടിരുന്നു.
- 9 ഇതാ, ഒരു കൂട്ടം കുതിരച്ചേവകർ; ഈരണ്ടീരണ്ടായി കുതിരപ്പട വരുന്നു എന്നു പറഞ്ഞു. വീണു, ബാബേൽ വീണു! അതിലെ ദേവന്മാരുടെ വിഗ്രഹങ്ങളൊക്കെയും നിലത്തു വീണു തകൎന്നുകിടക്കുന്നു എന്നും അവൻ പറഞ്ഞു.
- 10 എന്റെ മെതിയേ, എന്റെ കളത്തിലെ ധാന്യമേ, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തു ഞാൻ കേട്ടിട്ടുള്ളതു നിങ്ങളോടു അറിയിച്ചിരിക്കുന്നു.
- 11 ദൂമയെക്കുറിച്ചുള്ള പ്രവാചകം: കാവല്ക്കാരാ, രാത്രി എന്തായി? കാവല്ക്കാരാ, രാത്രി എന്തായി? എന്നു ഒരുത്തൻ സേയീരിൽനിന്നു എന്നോടു വിളിച്ചുചോദിക്കുന്നു.
- 12 അതിന്നു കാവല്ക്കാരൻ: പ്രഭാതവും രാത്രിയും വന്നിരിക്കുന്നു; നിങ്ങൾക്കു ചോദിക്കേണമെങ്കിൽ ചോദിച്ചു കൊൾവിൻ; പോയി വരുവിൻ എന്നു പറഞ്ഞു.
- 13 അരബിദേശത്തെക്കുറിച്ചുള്ള പ്രവാചകം: ദേദാന്യരുടെ സാൎത്ഥഗണങ്ങളായുള്ളോരേ, നിങ്ങൾ അരബിയിലെ കാട്ടിൽ രാപാൎപ്പിൻ.
- 14 തേമാദേശനിവാസികളേ, നിങ്ങൾ ദാഹിച്ചിരിക്കുന്നവന്നു വെള്ളം കൊണ്ടുചെല്ലുവിൻ; ഓടിപ്പോകുന്നവരെ അപ്പവുമായി ചെന്നു എതിരേല്പിൻ.
- 15 അവർ വാളിനെ ഒഴിഞ്ഞു ഓടിപ്പോകുന്നവരാകുന്നു; ഊരിയ വാളിനെയും കുലെച്ച വില്ലിനെയും യുദ്ധത്തിന്റെ കൊടുമയെയും ഒഴിഞ്ഞു ഓടുന്നവർ തന്നേ.
- 16 കൎത്താവു ഇപ്രകാരം എന്നോടു അരുളിച്ചെയ്തു: കൂലിക്കാരന്റെ ആണ്ടുപോലെയുള്ള ഒരു ആണ്ടിന്നകം കേദാരിന്റെ മഹത്വം ഒക്കെയും ക്ഷയിച്ചുപോകും;
- 17 കേദാൎയ്യരിൽ വീരന്മാരായ വില്ലാളികളുടെ കൂട്ടത്തിൽ ശേഷിക്കുന്നവർ ചുരുക്കമായിരിക്കും; യിസ്രായേലിന്റെ ദൈവമായ യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗