이사야 19장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 이사야 (Isaiah) · 25절
- 1 മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകം: യഹോവ വേഗതയുള്ളോരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്കു വരുന്നു; അപ്പോൾ മിസ്രയീമിലെ മിത്ഥ്യാമൂൎത്തികൾ അവന്റെ സന്നിധിയിങ്കൽ നടുങ്ങുകയും മിസ്രയീമിന്റെ ഹൃദയം അതിന്റെ ഉള്ളിൽ ഉരുകുകയും ചെയ്യും.
- 2 ഞാൻ മിസ്രയീമ്യരെ മിസ്രയീമ്യരോടു കലഹിപ്പിക്കും; അവർ ഓരോരുത്തൻ താന്താന്റെ സഹോദരനോടും ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടും പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും.
- 3 മിസ്രയീമിന്റെ ചൈതന്യം അതിന്റെ ഉള്ളിൽ ഒഴിഞ്ഞുപോകും; ഞാൻ അതിന്റെ ആലോചനയെ നശിപ്പിക്കും; അപ്പോൾ അവർ മിത്ഥ്യാമൂൎത്തികളോടും മന്ത്രവാദികളോടും വെളിച്ചപ്പാടന്മാരോടും ലക്ഷണം പറയുന്നവരോടും അരുളപ്പാടു ചോദിക്കും.
- 4 ഞാൻ മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്റെ കയ്യിൽ ഏല്പിക്കും; ഉഗ്രനായ ഒരു രാജാവു അവരെ ഭരിക്കും എന്നു സൈന്യങ്ങളുടെ യഹോവയായ കൎത്താവു അരുളിച്ചെയ്യുന്നു.
- 5 സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും; നദി വറ്റി ഉണങ്ങിപ്പോകും.
- 6 നദികൾക്കു നാറ്റം പിടിക്കും; മിസ്രയീമിലെ തോടുകൾ വറ്റി ഉണങ്ങും; ഞാങ്ങണയും വേഴവും വാടിപ്പോകും.
- 7 നദിക്കരികെയും നദീതീരത്തും ഉള്ള പുൽപുറങ്ങളും നദീതീരത്തു വിതെച്ചതൊക്കെയും ഉണങ്ങി പറന്നു ഇല്ലാതെപോകും.
- 8 മീൻപിടിക്കുന്നവർ വിലപിക്കും; നദിയിൽ ചൂണ്ടൽ ഇടുന്നവരൊക്കെയും ദുഃഖിക്കും; വെള്ളത്തിൽ വല വീശുന്നവർ വിഷാദിക്കും.
- 9 ചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേല ചെയ്യുന്നവരും വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചു പോകും.
- 10 രാജ്യത്തിന്റെ തൂണുകളായിരിക്കുന്നവർ തകൎന്നുപോകും; കൂലിവേലക്കാർ മനോവ്യസനത്തോടെയിരിക്കും.
- 11 സോവനിലെ പ്രഭുക്കന്മാർ കേവലം ഭോഷന്മാരത്രേ; ഫറവോന്റെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചന ഭോഷത്വമായി തീൎന്നിരിക്കുന്നു; ഞാൻ ജ്ഞാനികളുടെ മകൻ, പുരാതനരാജാക്കന്മാരുടെ മകൻ എന്നിപ്രകാരം നിങ്ങൾ ഫറവോനോടു പറയുന്നതു എങ്ങിനെ?
- 12 നിന്റെ ജ്ഞാനികൾ എവിടെ? അവർ ഇപ്പോൾ നിനക്കു പറഞ്ഞുതരട്ടെ; സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിൎണ്ണയിച്ചതു അവർ എന്തെന്നു ഗ്രഹിക്കട്ടെ.
- 13 സോവനിലെ പ്രഭുക്കന്മാർ ഭോഷന്മാരായ്തീൎന്നിരിക്കുന്നു; നോഫിലെ പ്രഭുക്കന്മാർ വഞ്ചിക്കപ്പെട്ടിരിക്കുന്നു; മിസ്രയീമിലെ ഗോത്രങ്ങളുടെ മൂലക്കല്ലായിരിക്കുന്നവർ അതിനെ തെറ്റിച്ചുകളഞ്ഞു.
- 14 യഹോവ അതിന്റെ നടുവിൽ മനോവിഭ്രമം പകൎന്നു; ലഹരിപിടിച്ചവൻ തന്റെ ഛൎദ്ദിയിൽ ചാഞ്ചാടിനടക്കുന്നതുപോലെ അവർ മിസ്രയീമിനെ അതിന്റെ സകലപ്രവൃത്തിയിലും തെറ്റിനടക്കുമാറാക്കിയിരിക്കുന്നു.
- 15 തലയോ വാലോ പനമ്പട്ടയോ പോട്ടപ്പുല്ലോ നിൎവ്വഹിക്കേണ്ടുന്ന ഒരു പ്രവൃത്തിയും മിസ്രയീമിന്നുണ്ടായിരിക്കയില്ല.
- 16 അന്നാളിൽ മിസ്രയീമ്യർ സ്ത്രീകൾക്കു തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരെ കൈ ഓങ്ങുന്നതുനിമിത്തം അവർ പേടിച്ചു വിറെക്കും.
- 17 യെഹൂദാദേശം മിസ്രയീമിന്നു ഭയങ്കരമായിരിക്കും; അതിന്റെ പേർ പറഞ്ഞുകേൾക്കുന്നവരൊക്കെയും സൈന്യങ്ങളുടെ യഹോവ അതിന്നു വിരോധമായി നിൎണ്ണയിച്ച നിൎണ്ണയംനിമിത്തം ഭയപ്പെടും.
- 18 അന്നാളിൽ മിസ്രയീംദേശത്തുള്ള അഞ്ചു പട്ടണങ്ങൾ കനാൻ ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യം ചെയ്യും; ഒന്നിന്നു സൂൎയ്യനഗരം (ഈർ ഹഹേരെസ്) എന്നു പേർ വിളിക്കപ്പെടും.
- 19 അന്നാളിൽ മിസ്രയീംദേശത്തിന്റെ നടുവിൽ യഹോവെക്കു ഒരു യാഗപീഠവും അതിന്റെ അതൃത്തിയിൽ യഹോവെക്കു ഒരു തൂണും ഉണ്ടായിരിക്കും.
- 20 അതു മിസ്രയീംദേശത്തു സൈന്യങ്ങളുടെ യഹോവെക്കു ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാർ നിമിത്തം അവർ യഹോവയോടു നിലവിളിക്കും; അവൻ അവൎക്കു ഒരു രക്ഷകനെ അയക്കും; അവൻ പൊരുതു അവരെ വിടുവിക്കും.
- 21 അങ്ങനെ യഹോവ മിസ്രയീമിന്നു തന്നെ വെളിപ്പെടുത്തുകയും മിസ്രയീമ്യർ അന്നു യഹോവയെ അറിഞ്ഞു യാഗവും വഴിപാടും കഴിക്കയും യഹോവെക്കു ഒരു നേൎച്ച നേൎന്നു അതിനെ നിവൎത്തിക്കയും ചെയ്യും.
- 22 യഹോവ മിസ്രയീമിനെ അടിക്കും; അടിച്ചിട്ടു അവൻ വീണ്ടും അവരെ സൌഖ്യമാക്കും; അവർ യഹോവയിങ്കലേക്കു തിരികയും അവൻ അവരുടെ പ്രാൎത്ഥന കേട്ടു അവരെ സൌഖ്യമാക്കുകയും ചെയ്യും.
- 23 അന്നാളിൽ മിസ്രയീമിൽനിന്നു അശ്ശൂരിലേക്കു ഒരു പെരുവഴി ഉണ്ടാകും; അശ്ശൂര്യർ മിസ്രയീമിലേക്കും മിസ്രയീമ്യർ അശ്ശൂരിലേക്കും ചെല്ലും; മിസ്രയീമ്യർ അശ്ശൂൎയ്യരോടുകൂടെ ആരാധന കഴിക്കും.
- 24 അന്നാളിൽ യിസ്രായേൽ ഭൂമിയുടെ മദ്ധ്യേ ഒരു അനുഗ്രഹമായി മിസ്രയീമിനോടും അശ്ശൂരിനോടുംകൂടെ മൂന്നാമതായിരിക്കും.
- 25 സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു: എന്റെ ജനമായ മിസ്രയീമും എന്റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു അരുളിച്ചെയ്യും.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗