욥기 40장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 욥기 (Job) · 24절
- 1 യഹോവ പിന്നെയും ഇയ്യോബിനോടു അരുളിച്ചെയ്തതു എന്തെന്നാൽ:
- 2 ആക്ഷേപകൻ സൎവ്വശക്തനോടു വാദിക്കുമോ? ദൈവത്തോടു തൎക്കിക്കുന്നവൻ ഇതിന്നു ഉത്തരം പറയട്ടെ.
- 3 അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു:
- 4 ഞാൻ നിസ്സാരനല്ലോ, ഞാൻ നിന്നോടു എന്തുത്തരം പറയേണ്ടു? ഞാൻ കൈകൊണ്ടു വായി പൊത്തിക്കൊള്ളുന്നു.
- 5 ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല. രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല.
- 6 അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്നു ഇയ്യോബിനോടു ഉത്തരം പറഞ്ഞതെന്തെന്നാൽ:
- 7 നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോടു ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചുതരിക.
- 8 നീ എന്റെ ന്യായത്തെ ദുൎബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന്നു എന്നെ കുറ്റം പറയുമോ?
- 9 ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ?
- 10 നീ മഹിമയും പ്രതാപവും അണിഞ്ഞുകൊൾക. തേജസ്സും പ്രഭാവവും ധരിച്ചുകൊൾക.
- 11 നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏതു ഗൎവ്വിയെയും നോക്കി താഴ്ത്തുക.
- 12 ഏതു ഗൎവ്വിയെയും നോക്കി കവിഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയിൽ തന്നേ വീഴ്ത്തിക്കളക.
- 13 അവരെ ഒക്കെയും പൊടിയിൽ മറെച്ചുവെക്കുക; അവരുടെ മുഖങ്ങളെ മറവിടത്തു ബന്ധിച്ചുകളക.
- 14 അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു എന്നു ഞാനും നിന്നെ ശ്ലാഘിച്ചുപറയും.
- 15 ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ; അതു കാളയെപ്പോലെ പുല്ലുതിന്നുന്നു.
- 16 അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും അതിന്റെ ബലം വയറ്റിന്റെ മാംസപേശികളിലും ആകുന്നു.
- 17 ദേവദാരുതുല്യമായ തന്റെ വാൽ അതു ആട്ടുന്നു; അതിന്റെ തുടയിലെ ഞരമ്പുകൾ കൂടി പിണഞ്ഞിരിക്കുന്നു.
- 18 അതിന്റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും എല്ലുകൾ ഇരിമ്പഴിപോലെയും ഇരിക്കുന്നു.
- 19 അതു ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളതു; അതിനെ ഉണ്ടാക്കിയവൻ അതിന്നു ഒരു വാൾ കൊടുത്തിരിക്കുന്നു.
- 20 കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ പൎവ്വതങ്ങൾ അതിന്നു തീൻ വിളയിക്കുന്നു.
- 21 അതു നീർമരുതിന്റെ ചുവട്ടിലും ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു.
- 22 നീർമരുതു നിഴൽകൊണ്ടു അതിനെ മറെക്കുന്നു; തോട്ടിങ്കലെ അലരി അതിനെ ചുറ്റി നില്ക്കുന്നു;
- 23 നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല; യോൎദ്ദാൻ അതിന്റെ വായിലേക്കു ചാടിയാലും അതു നിൎഭയമായിരിക്കും.
- 24 അതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ? അതിന്റെ മൂക്കിൽ കയർ കോൎക്കാമോ?
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗