로그인

욥기 36장 Sathyavedapusthakam (Malayalam Bible) published in 1910

Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 욥기 (Job) · 33절

  1. 1 എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:
  2. 2 അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം; ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു.
  3. 3 ഞാൻ ദൂരത്തുനിന്നു അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും.
  4. 4 എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം; അറിവു തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു.
  5. 5 ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവൻ വിവേകശക്തിയിലും ബലവാൻ തന്നേ.
  6. 6 അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാൎക്കോ അവൻ ന്യായം നടത്തിക്കൊടുക്കുന്നു.
  7. 7 അവൻ നീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തിൽ ഇരുത്തുന്നു; അവർ എന്നേക്കും ഉയൎന്നിരിക്കുന്നു.
  8. 8 അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു കഷ്ടതയുടെ പാശങ്ങളാൽ പിടിക്കപ്പെട്ടാൽ
  9. 9 അവൻ അവൎക്കു അവരുടെ പ്രവൃത്തിയും അഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും.
  10. 10 അവൻ അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു; അവർ നീതികേടു വിട്ടുതിരിവാൻ കല്പിക്കുന്നു.
  11. 11 അവർ കേട്ടനുസരിച്ചു അവനെ സേവിച്ചാൽ തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.
  12. 12 കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; ബുദ്ധിമോശത്താൽ മരിച്ചുപോകും.
  13. 13 ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവെക്കുന്നു; അവൻ അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷെക്കായി വിളിക്കുന്നില്ല.
  14. 14 അവർ യൌവനത്തിൽ തന്നേ മരിച്ചു പോകുന്നു; അവരുടെ ജീവൻ ദുൎന്നടപ്പുകാരുടേതു പോലെ നശിക്കുന്നു.
  15. 15 അവൻ അരിഷ്ടനെ അവന്റെ അരിഷ്ടതയാൽ വിടുവിക്കുന്നു; പീഡയിൽ തന്നേ അവരുടെ ചെവി തുറക്കുന്നു.
  16. 16 നിന്നെയും അവൻ കഷ്ടതയുടെ വായിൽ നിന്നു ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേൽ സ്വാദുഭോജനം വെക്കുമായിരുന്നു.
  17. 17 നീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും.
  18. 18 കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു; മറുവിലയുടെ വലിപ്പം ഓൎത്തു നീ തെറ്റിപ്പോകയുമരുതു.
  19. 19 കഷ്ടത്തിൽ അകപ്പെടാതിരിപ്പാൻ നിന്റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങൾ ഒക്കെയും മതിയാകുമോ?
  20. 20 ജാതികൾ തങ്ങളുടെ സ്ഥലത്തുവെച്ചു മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുതു.
  21. 21 സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു; അതല്ലോ നീ അരിഷ്ടതയെക്കാൾ ഇച്ഛിക്കുന്നതു.
  22. 22 ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവൎത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു?
  23. 23 അവനോടു അവന്റെ വഴിയെ കല്പിച്ചതാർ? നീ നീതികേടു ചെയ്തു എന്നു അവനോടു ആൎക്കു പറയാം?
  24. 24 അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓൎത്തുകൊൾക; അതിനെക്കുറിച്ചല്ലോ മനുഷ്യർ പാടിയിരിക്കുന്നതു.
  25. 25 മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; ദൂരത്തുനിന്നു മൎത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.
  26. 26 നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ; അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തതു.
  27. 27 അവൻ നീൎത്തുള്ളികളെ ആകൎഷിക്കുന്നു; അവന്റെ ആവിയാൽ അവ മഴയായി പെയ്യുന്നു.
  28. 28 മേഘങ്ങൾ അവയെ ചൊരിയുന്നു; മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.
  29. 29 ആൎക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും അവന്റെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?
  30. 30 അവൻ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു; സമുദ്രത്തിന്റെ അടിയെ മൂടുന്നു.
  31. 31 ഇവയാൽ അവൻ ജാതികളെ ന്യായം വിധിക്കുന്നു; ആഹാരവും ധാരാളമായി കൊടുക്കുന്നു.
  32. 32 അവൻ മിന്നൽകൊണ്ടു തൃക്കൈ നിറെക്കുന്നു; പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.
  33. 33 അതിന്റെ മുഴക്കം അവനെയും കന്നുകാലികൾ എഴുന്നെള്ളുന്നവനെയും കുറിച്ചു അറിവുതരുന്നു.

Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗