로그인

욥기 29장 Sathyavedapusthakam (Malayalam Bible) published in 1910

Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 욥기 (Job) · 25절

  1. 1 ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാൽ:
  2. 2 അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു.
  3. 3 അന്നു അവന്റെ ദീപം എന്റെ തലെക്കു മീതെ പ്രകാശിച്ചു; അവന്റെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു.
  4. 4 എന്റെ കൂടാരത്തിന്നു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കും സൎവ്വശക്തൻ എന്നോടുകൂടെ വസിക്കയും
  5. 5 എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കയും ചെയ്ത എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു.
  6. 6 അന്നു ഞാൻ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി; പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു.
  7. 7 ഞാൻ പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതില്ക്കൽ ചെന്നു. വിശാലസ്ഥലത്തു എന്റെ ഇരിപ്പിടം വെക്കുമ്പോൾ
  8. 8 യൌവനക്കാർ എന്നെ കണ്ടിട്ടു ഒളിക്കും; വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും.
  9. 9 പ്രഭുക്കന്മാർ സംസാരം നിൎത്തി, കൈകൊണ്ടു വായ്പൊത്തും.
  10. 10 ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവു അണ്ണാക്കോടു പറ്റും.
  11. 11 എന്റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണു എനിക്കു സാക്ഷ്യം നല്കും.
  12. 12 നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാൻ വിടുവിച്ചു.
  13. 13 നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു; വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷം കൊണ്ടു ആൎക്കുമാറാക്കി.
  14. 14 ഞാൻ നീതിയെ ധരിച്ചു; അതു എന്റെ ഉടുപ്പായിരുന്നു; എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.
  15. 15 ഞാൻ കുരുടന്നു കണ്ണും മുടന്തന്നു കാലും ആയിരുന്നു.
  16. 16 ദരിദ്രന്മാൎക്കു ഞാൻ അപ്പനായിരുന്നു; ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.
  17. 17 നീതികെട്ടവന്റെ അണപ്പല്ലു ഞാൻ തകൎത്തു; അവന്റെ പല്ലിൻഇടയിൽനിന്നു ഇരയെ പറിച്ചെടുത്തു.
  18. 18 എന്റെ കൂട്ടിൽവെച്ചു ഞാൻ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാൻ ദീൎഘായുസ്സോടെ ഇരിക്കും.
  19. 19 എന്റെ വേർ വെള്ളത്തോളം പടൎന്നുചെല്ലുന്നു; എന്റെ കൊമ്പിന്മേൽ മഞ്ഞു രാപാൎക്കുന്നു.
  20. 20 എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; എന്റെ വില്ലു എന്റെ കയ്യിൽ പുതുകുന്നു എന്നു ഞാൻ പറഞ്ഞു.
  21. 21 മനുഷ്യർ കാത്തിരുന്നു എന്റെ വാക്കു കേൾക്കും; എന്റെ ആലോചന കേൾപ്പാൻ മിണ്ടാതിരിക്കും.
  22. 22 ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; എന്റെ മൊഴി അവരുടെമേൽ ഇറ്റിറ്റു വീഴും.
  23. 23 മഴെക്കു എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; പിന്മഴെക്കെന്നപോലെ അവർ വായ്പിളൎക്കും.
  24. 24 അവർ നിരാശപ്പെട്ടിരിക്കുമ്പോൾ ഞാൻ അവരെ നോക്കി പുഞ്ചിരിയിടും; എന്റെ മുഖപ്രസാദം അവർ മങ്ങിക്കയുമില്ല.
  25. 25 ഞാൻ അവരുടെ വഴി തിരഞ്ഞെടുത്തു തലവനായിട്ടു ഇരിക്കും; സൈന്യസഹിതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും;

Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗