욥기 22장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 욥기 (Job) · 30절
- 1 അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
- 2 മനുഷ്യൻ ദൈവത്തിന്നു ഉപകാരമായിവരുമോ? ജ്ഞാനിയായവൻ തനിക്കു തന്നേ ഉപകരിക്കേയുള്ളു.
- 3 നീ നീതിമാനായാൽ സൎവ്വശക്തന്നു പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ അവന്നു ലാഭമുണ്ടോ?
- 4 നിന്റെ ഭക്തിനിമിത്തമോ അവൻ നിന്നെ ശാസിക്കയും നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നതു?
- 5 നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങൾക്കു അന്തവുമില്ല.
- 6 നിന്റെ സഹോദരനോടു നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.
- 7 ക്ഷീണിച്ചവന്നു നീ വെള്ളം കൊടുത്തില്ല; വിശന്നവന്നു നീ ആഹാരം മുടക്കിക്കളഞ്ഞു.
- 8 കയ്യൂറ്റക്കാരന്നോ ദേശം കൈവശമായി, മാന്യനായവൻ അതിൽ പാൎത്തു.
- 9 വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ ഭുജങ്ങളെ നീ ഒടിച്ചുകളഞ്ഞു.
- 10 അതുകൊണ്ടു നിന്റെ ചുറ്റും കണികൾ ഇരിക്കുന്നു; പെട്ടെന്നു ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.
- 11 അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ?
- 12 ദൈവം സ്വൎഗ്ഗോന്നതത്തിൽ ഇല്ലയോ? നക്ഷത്രങ്ങൾ എത്ര ഉയൎന്നിരിക്കുന്നു എന്നു നോക്കുക.
- 13 എന്നാൽ നീ: ദൈവം എന്തറിയുന്നു? കൂരിരുട്ടിൽ അവൻ ന്യായം വിധിക്കുമോ?
- 14 കാണാതവണ്ണം മേഘങ്ങൾ അവന്നു മറ ആയിരിക്കുന്നു; ആകാശമണ്ഡലത്തിൽ അവൻ ഉലാവുന്നു എന്നു പറയുന്നു.
- 15 ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന പുരാതനമാൎഗ്ഗം നീ പ്രമാണിക്കുമോ?
- 16 കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി; അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി.
- 17 അവർ ദൈവത്തോടു: ഞങ്ങളെ വിട്ടുപോക; സൎവ്വശക്തൻ ഞങ്ങളോടു എന്തു ചെയ്യും എന്നു പറഞ്ഞു.
- 18 അവനോ അവരുടെ വീടുകളെ നന്മകൊണ്ടു നിറെച്ചു; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു.
- 19 നീതിമാന്മാർ കണ്ടു സന്തോഷിക്കുന്നു; കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു:
- 20 ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി; അവരുടെ ശേഷിപ്പു തീക്കിരയായി എന്നു പറയുന്നു.
- 21 നീ അവനോടിണങ്ങി സമാധാനമായിരിക്ക; അതിനാൽ നിനക്കു നന്മ വരും.
- 22 അവന്റെ വായിൽനിന്നു ഉപദേശം കൈക്കൊൾക; അവന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്ക.
- 23 സൎവ്വശക്തങ്കലേക്കു തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും; നീതികേടു നിന്റെ കൂടാരങ്ങളിൽനിന്നു അകറ്റിക്കളയും.
- 24 നിന്റെ പൊന്നു പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിൻ ഇടയിലും ഇട്ടുകളക.
- 25 അപ്പോൾ സൎവ്വശക്തൻ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും.
- 26 അന്നു നീ സൎവ്വശക്തനിൽ പ്രമോദിക്കും; ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയൎത്തും.
- 27 നീ അവനോടു പ്രാൎത്ഥിക്കും; അവൻ നിന്റെ പ്രാൎത്ഥന കേൾക്കും; നീ നിന്റെ നേൎച്ചകളെ കഴിക്കും.
- 28 നീ ഒരു കാൎയ്യം നിരൂപിക്കും; അതു നിനക്കു സാധിക്കും; നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.
- 29 നിന്നെ താഴ്ത്തുമ്പോൾ ഉയൎച്ച എന്നു നീ പറയും; താഴ്മയുള്ളവനെ അവൻ രക്ഷിക്കും.
- 30 നിൎദ്ദോഷിയല്ലാത്തവനെപ്പോലും അവൻ വിടുവിക്കും; നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗