요한계시록 21장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 요한계시록 (Revelation) · 27절
- 1 ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.
- 2 പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭൎത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വൎഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു.
- 3 സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.
- 4 അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.
- 5 ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.
- 6 പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീൎന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൌജന്യമായി കൊടുക്കും.
- 7 ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും.
- 8 എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കുലപാതകന്മാർ, ദുൎന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവൎക്കും ഭോഷ്കുപറയുന്ന ഏവൎക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം.
- 9 അന്ത്യബാധ ഏഴും നിറഞ്ഞ ഏഴു കലശം ഉണ്ടായിരുന്ന ഏഴു ദൂതന്മാരിൽ ഒരുത്തൻ വന്നു എന്നോടു: വരിക, കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം എന്നു പറഞ്ഞു.
- 10 അവൻ എന്നെ ആത്മവിവശതയിൽ ഉയൎന്നോരു വന്മലയിൽ കൊണ്ടുപോയി, യെരൂശലേമെന്ന വിശുദ്ധനഗരം സ്വൎഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നതു കാണിച്ചുതന്നു.
- 11 അതിന്റെ ജ്യോതിസ്സു ഏറ്റവും വിലയേറിയ രത്നത്തിന്നു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂൎയ്യകാന്തംപോലെ ആയിരുന്നു.
- 12 അതിന്നു പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതന്മാരും ഉണ്ടു; യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടും ഉണ്ടു.
- 13 കിഴക്കു മൂന്നു ഗോപുരം, വടക്കു മൂന്നു ഗോപുരം, തെക്കു മൂന്നു ഗോപുരം, പടിഞ്ഞാറു മൂന്നു ഗോപുരം.
- 14 നഗരത്തിന്റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതിൽ കുഞ്ഞാടിന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു.
- 15 എന്നോടു സംസാരിച്ചവനു നഗരത്തെയും അതിന്റെ ഗോപുരങ്ങളെയും മതിലിനെയും അളക്കേണ്ടതിന്നു പൊന്നുകൊണ്ടുള്ള ഒരു അളവുകോൽ ഉണ്ടായിരുന്നു.
- 16 നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ടു അവൻ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ.
- 17 അതിന്റെ മതിൽ അളന്നു; മനുഷ്യന്റെ അളവിന്നു എന്നുവെച്ചാൽ ദൂതന്റെ അളവിന്നു തന്നേ, നൂറ്റിനാല്പത്തിനാലു മുഴം ഉണ്ടായിരുന്നു.
- 18 മതിലിന്റെ പണി സൂൎയ്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിന്നൊത്ത തങ്കവും ആയിരുന്നു.
- 19 നഗരമതിലിന്റെ അടിസ്ഥാനങ്ങൾ സകല രത്നവുംകൊണ്ടു അലങ്കരിച്ചിരിക്കുന്നു; ഒന്നാം അടിസ്ഥാനം സൂൎയ്യകാന്തം രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേതു മരതകം,
- 20 അഞ്ചാമത്തേതു നഖവൎണ്ണി, ആറാമത്തേതു ചുവപ്പുകല്ലു, ഏഴാമത്തേതു പീതരത്നം, എട്ടാമത്തേതു ഗോമേദകം, ഒമ്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു വൈഡൂൎയ്യം, പതിനൊന്നാമത്തേതു പത്മരാഗം, പന്ത്രണ്ടാമത്തേതു സുഗന്ധിരത്നം.
- 21 പന്ത്രണ്ടു ഗോപുരവും പന്ത്രണ്ടു മുത്തു; ഓരോ ഗോപുരം ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥി സ്വച്ഛസ്ഫടികത്തിന്നു തുല്യമായ തങ്കവും ആയിരുന്നു.
- 22 മന്ദിരം അതിൽ കണ്ടില്ല; സൎവ്വശക്തിയുള്ള ദൈവമായ കൎത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു.
- 23 നഗരത്തിൽ പ്രകാശിപ്പാൻ സൂൎയ്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു.
- 24 ജാതികൾ അതിന്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയുടെ രാജാക്കന്മാർ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും.
- 25 അതിന്റെ ഗോപുരങ്ങൾ പകൽക്കാലത്തു അടെക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ.
- 26 ജാതികളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും.
- 27 കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ലേച്ഛതയും ഭോഷ്കും പ്രവൎത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗