열왕기하 20장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 열왕기하 (2 Kings) · 21절
- 1 ആ കാലത്തു ഹിസ്കീയാവിന്നു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽ വന്നു അവനോടു: നിന്റെ ഗൃഹകാൎയ്യം ക്രമത്തിൽ ആക്കുക; നീ മരിച്ചുപോകും, ശേഷിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
- 2 അപ്പോൾ ഹിസ്കീയാവു മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാൎത്ഥിച്ചു:
- 3 അയ്യോ യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഓൎക്കേണമേ എന്നു പറഞ്ഞു. ഹിസ്കീയാവു ഏറ്റവും കരഞ്ഞു.
- 4 എന്നാൽ യെശയ്യാവു നടുമുറ്റം വിട്ടുപോകുംമുമ്പെ അവന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
- 5 നീ മടങ്ങിച്ചെന്നു എന്റെ ജനത്തിന്റെ പ്രഭുവായ ഹിസ്കീയാവോടു പറയേണ്ടതു: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാൎത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൌഖ്യമാക്കും; മൂന്നാം ദിവസം നീ യഹോവയുടെ ആലയത്തിൽ പോകും.
- 6 ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും; ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കയ്യിൽ നിന്നു വിടുവിക്കും. എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഈ നഗരം ഞാൻ കാത്തു രക്ഷിക്കും.
- 7 പിന്നെ യെശയ്യാവു ഒരു അത്തിപ്പഴക്കട്ട കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അവർ അതു കൊണ്ടുവന്നു പരുവിന്മേൽ ഇട്ടു അവന്നു സൌഖ്യമായി.
- 8 ഹിസ്കീയാവു യെശയ്യാവോടു: യഹോവ എന്നെ സൌഖ്യമാക്കുകയും ഞാൻ മൂന്നാം ദിവസം യഹോവയുടെ ആലയത്തിൽ പോകയും ചെയ്യുമെന്നതിന്നു അടയാളം എന്തു എന്നു ചോദിച്ചു.
- 9 അതിന്നു യെശയ്യാവു: യഹോവ അരുളിച്ചെയ്ത കാൎയ്യം നിവൎത്തിക്കുമെന്നുള്ളതിന്നു യഹോവയിങ്കൽനിന്നു ഇതു നിനക്കു അടയാളം ആകും: നിഴൽ പത്തു പടി മുമ്പോട്ടു പോകേണമോ? പത്തു പടി പിന്നോക്കം തിരിയേണമോ എന്നു ചോദിച്ചു.
- 10 അതിന്നു ഹിസ്കീയാവു: നിഴൽ പത്തു പടി ഇറങ്ങിപ്പോകുന്നതു എളുപ്പം ആകുന്നു; അങ്ങനെയല്ല, നിഴൽ പത്തുപടി പിന്നോക്കം തിരിയട്ടെ എന്നു പറഞ്ഞു.
- 11 അപ്പോൾ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു; അവൻ ആഹാസിന്റെ സൂൎയ്യഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി.
- 12 ആ കാലത്തു ബലദാന്റെ മകനായ ബെരോദാക്-ബലദാൻ എന്ന ബാബേൽരാജാവു ഹിസ്കീയാവു ദീനമായ്ക്കിടന്നിരുന്നു എന്നു കേട്ടിട്ടു ഹിസ്കീയാവിന്നു എഴുത്തും സമ്മാനവും കൊടുത്തയച്ചു.
- 13 ഹിസ്കീയാവു അവരുടെ വാക്കു കേട്ടു തന്റെ ഭണ്ഡാരഗൃഹം മുഴുവനും പൊന്നും വെള്ളിയും സുഗന്ധവൎഗ്ഗവും പരിമളതൈലവും തന്റെ ആയുധശാലയും തന്റെ ഭണ്ഡാരങ്ങളിൽ ഉള്ളതൊക്കെയും അവരെ കാണിച്ചു. രാജധാനിയിലും തന്റെ ആധിപത്യത്തിലും ഹിസ്കീയാവു അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.
- 14 എന്നാൽ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽ വന്നു അവനോടു: ഈ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെനിന്നു നിന്റെ അടുക്കൽ വന്നു എന്നു ചോദിച്ചതിന്നു ഹിസ്കീയാവു: അവർ ദൂരദേശത്തുനിന്നു, ബാബേലിൽനിന്നു വന്നു എന്നു പറഞ്ഞു.
- 15 അവർ രാജധാനയിൽ എന്തെല്ലാം കണ്ടു എന്നു ചോദിച്ചതിന്നു ഹിസ്കീയാവു: രാജധാനിയിലുള്ളതൊക്കെയും അവർ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാൻ അവൎക്കു കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്നു പറഞ്ഞു.
- 16 യെശയ്യാവു ഹിസ്കീയാവോടു പറഞ്ഞതു: യഹോവയുടെ വചനം കേൾക്ക:
- 17 രാജധാനിയിലുള്ളതൊക്കെയും നിന്റെ പിതാക്കന്മാർ ഇന്നുവരെ ശേഖരിച്ചുവെച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്കു എടുത്തുകൊണ്ടു പോകുന്ന കാലം വരുന്നു.
- 18 നീ ജനിപ്പിച്ചവരായി നിന്നിൽനിന്നുത്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
- 19 അതിന്നു ഹിസ്കീയാവു യെശയ്യാവോടു: നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലതു എന്നു പറഞ്ഞു; എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്നും അവൻ പറഞ്ഞു.
- 20 ഹിസ്കീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സകലപരാക്രമപ്രവൃത്തികളും അവൻ ഒരു കുളവും കല്പാത്തിയും ഉണ്ടാക്കി വെള്ളം നഗരത്തിന്നകത്തു വരുത്തിയതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
- 21 ഹിസ്കീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ മനശ്ശെ അവന്നു പകരം രാജാവായി.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗