열왕기하 2장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 열왕기하 (2 Kings) · 25절
- 1 യഹോവ ഏലീയാവെ ചുഴലിക്കാറ്റിൽ സ്വൎഗ്ഗത്തിലേക്കു എടുത്തുകൊൾവാൻ ഭാവിച്ചിരിക്കുമ്പോൾ ഏലീയാവു എലീശയോടു കൂടെ ഗിൽഗാലിൽനിന്നു പുറപ്പെട്ടു.
- 2 ഏലീയാവു എലീശയോടു: നീ ഇവിടെ താമസിച്ചുകൊൾക: യഹോവ എന്നെ ബേഥേലിലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു. എലീശാ അവനോടു: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ ബേഥേലിലേക്കു പോയി.
- 3 ബേഥേലിലെ പ്രവാചകശിഷ്യന്മാർ എലീശയുടെ അടുക്കൽ പുറത്തുവന്നു അവനോടു: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കൽനിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ: അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.
- 4 ഏലീയാവു അവനോടു: എലീശയേ, നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യെരീഹോവിലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ യെരീഹോവിലേക്കു പോയി.
- 5 യെരീഹോവിലെ പ്രവാചകശിഷ്യന്മാർ എലീശയുടെ അടുക്കൽ വന്നു അവനോടു: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കൽനിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അതിന്നു അവൻ: അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.
- 6 ഏലീയാവു അവനോടു: നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യോൎദ്ദാങ്കലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു; അതിന്നു അവൻ യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ ഇരുവരുംകൂടെ പോയി.
- 7 പ്രവാചകശിഷ്യന്മാരിൽ അമ്പതുപേർ ചെന്നു അവൎക്കെതിരെ ദൂരത്തുനിന്നു; അവർ ഇരുവരും യോൎദ്ദാന്നരികെ നിന്നു.
- 8 അപ്പോൾ ഏലീയാവു തന്റെ പുതപ്പു എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവർ ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെക്കു കടന്നു.
- 9 അവർ അക്കരെ കടന്നശേഷം ഏലീയാവു എലീശയോടു: ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുംമുമ്പെ ഞാൻ നിനക്കു എന്തു ചെയ്തു തരേണം? ചോദിച്ചുകൊൾക എന്നു പറഞ്ഞു. അതിന്നു എലീശാ: നിന്റെ ആത്മാവിൽ ഇരട്ടി പങ്കു എന്റെമേൽ വരുമാറാകട്ടെ എന്നു പറഞ്ഞു.
- 10 അതിന്നു അവൻ: നീ പ്രയാസമുള്ള കാൎയ്യമാകുന്നു ചോദിച്ചതു; ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിനക്കു അങ്ങനെ ഉണ്ടാകും; അല്ലെന്നുവരികിൽ ഉണ്ടാകയില്ല എന്നു പറഞ്ഞു.
- 11 അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റിൽ സ്വൎഗ്ഗത്തിലേക്കു കയറി.
- 12 എലീശാ അതു കണ്ടിട്ടു: എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും എന്നു നിലവിളിച്ചു, പിന്നെ അവനെ കണ്ടില്ല; അപ്പോൾ അവൻ തന്റെ വസ്ത്രം പിടിച്ചു രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു.
- 13 പിന്നെ അവൻ ഏലീയാവിന്മേൽനിന്നു വീണ പുതപ്പു എടുത്തു മടങ്ങിച്ചെന്നു യോൎദ്ദാന്നരികെ നിന്നു.
- 14 ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ടു അവൻ വെള്ളത്തെ അടിച്ചു: ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവൻ വെള്ളത്തെ അടിച്ചപ്പോൾ അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു. എലീശാ ഇക്കരെക്കു കടന്നു.
- 15 യെരീഹോവിൽ അവന്നെതിരെ നിന്നിരുന്നു പ്രവാചകശിഷ്യന്മാർ അവനെ കണ്ടിട്ടു: ഏലീയാവിന്റെ ആത്മാവു എലീശയുടെമേൽ അധിവസിക്കുന്നു എന്നു പറഞ്ഞു അവനെ എതിരേറ്റുചെന്നു അവന്റെ മുമ്പിൽ സാഷ്ടാംഗം വീണു.
- 16 അവർ അവനോടു: ഇതാ, അടിയങ്ങളോടുകൂടെ അമ്പതു ബലശാലികൾ ഉണ്ടു; അവർ ചെന്നു നിന്റെ യജമാനനെ അന്വേഷിക്കട്ടെ; പക്ഷേ യഹോവയുടെ ആത്മാവു അവനെ എടുത്തു വല്ല മലയിലോ താഴ്വരയിലോ എങ്ങാനും ഇട്ടിട്ടുണ്ടായിരിക്കും എന്നു പറഞ്ഞു. അതിന്നു അവൻ: നിങ്ങൾ അയക്കരുതു എന്നു പറഞ്ഞു.
- 17 അവർ അവനെ അത്യന്തം നിൎബ്ബന്ധിച്ചപ്പോൾ അവൻ: എന്നാൽ അയച്ചുകൊൾവിൻ എന്നു പറഞ്ഞു. അവർ അമ്പതുപേരെ അയച്ചു; അവർ മൂന്നുദിവസം അന്വേഷിച്ചിട്ടും അവനെ കണ്ടെത്തിയില്ല.
- 18 അവൻ യെരീഹോവിൽ പാൎത്തിരുന്നതുകൊണ്ടു അവർ അവന്റെ അടുക്കൽ മടങ്ങിവന്നു; അവൻ അവരോടു: പോകരുതു എന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
- 19 അനന്തരം ആ പട്ടണക്കാർ എലീശയോടു: ഈ പട്ടണത്തിന്റെ ഇരിപ്പു മനോഹരമായതെന്നു യജമാനൻ കാണുന്നുവല്ലോ; എന്നാൽ വെള്ളം ചീത്തയും ദേശം ഗൎഭനാശകവും ആകുന്നു എന്നു പറഞ്ഞു.
- 20 അതിന്നു അവൻ: ഒരു പുതിയ തളിക കൊണ്ടുവന്നു അതിൽ ഉപ്പു ഇടുവിൻ എന്നു പറഞ്ഞു. അവർ അതു അവന്റെ അടുക്കൽ കൊണ്ടുവന്നു.
- 21 അവൻ നീരുറവിന്റെ അടുക്കൽ ചെന്നു അതിൽ ഉപ്പു ഇട്ടു. ഞാൻ ഈ വെള്ളം പഥ്യമാക്കിയിരിക്കുന്നു; ഇനി ഇതിനാൽ മരണവും ഗൎഭനാശവും ഉണ്ടാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
- 22 എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നേ ഇരിക്കുന്നു.
- 23 പിന്നെ അവൻ അവിടെനിന്നു ബേഥേലിലേക്കു പോയി; അവൻ വഴിയിൽ നടക്കുമ്പോൾ ബാലന്മാർ പട്ടണത്തിൽനിന്നു പുറപ്പെട്ടുവന്നു അവനെ പരിഹസിച്ചു അവനോടു: മൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ; എന്നു പറഞ്ഞു.
- 24 അവൻ പിന്നോക്കം തിരിഞ്ഞു അവനെ നോക്കി യഹോവനാമത്തിൽ അവരെ ശപിച്ചു; അപ്പോൾ കാട്ടിൽനിന്നു രണ്ടു പെൺകരടി ഇറങ്ങിവന്നു അവരിൽ നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു.
- 25 അവൻ അവിടംവിട്ടു കൎമ്മേൽപൎവ്വതത്തിലേക്കു പോയി; അവിടെനിന്നു ശമൎയ്യയിലേക്കു മടങ്ങിപ്പോന്നു.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗