열왕기하 11장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 열왕기하 (2 Kings) · 21절
- 1 അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകൻ മരിച്ചുപോയി എന്നു കണ്ടപ്പോൾ എഴുന്നേറ്റു രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു.
- 2 എന്നാൽ യോരാംരാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബ കൊല്ലപ്പെടുന്ന രാജാകുമാരന്മാരുടെ ഇടയിൽ നിന്നു അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്തു അവനെയും അവന്റെ ധാത്രിയെയും അഥല്യാ കണാതെ ഒരു ശയനഗൃഹത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചു; അതുകൊണ്ടു അവനെ കൊല്ലുവാൻ ഇടയായില്ല.
- 3 അവനെ അവളോടുകൂടെ ആറു സംവത്സരം യഹോവയുടെ ആലയത്തിൽ ഒളിപ്പിച്ചിരുന്നു. എന്നാൽ അഥല്യാ ദേശം വാണു.
- 4 ഏഴാം ആണ്ടിൽ യെഹോയാദാ ആളയച്ചു കാൎയ്യരുടെയും അകമ്പടികളുടെയും ശതാധിപന്മാരെ വിളിപ്പിച്ചു തന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ വരുത്തി അവരോടു സഖ്യത ചെയ്തു; അവൻ അവരെക്കൊണ്ടു യഹോവയുടെ ആലയത്തിൽവെച്ചു സത്യം ചെയ്യിച്ചിട്ടു അവൎക്കു രാജകുമാരെനെ കാണിച്ചു അവരോടു കല്പിച്ചതു എന്തെന്നാൽ:
- 5 നിങ്ങൾ ചെയ്യേണ്ടുന്ന കാൎയ്യം ആവിതു: ശബ്ബത്തിൽ തവണമാറി വരുന്ന നിങ്ങളിൽ മൂന്നിൽ ഒരു ഭാഗം രാജധാനിക്കും
- 6 മൂന്നിൽ ഒരു ഭാഗം സൂർപടിവാതില്ക്കലും മൂന്നിൽ ഒരു ഭാഗം അകമ്പടികളുടെ സ്ഥലത്തിന്റെ പിമ്പുറത്തുള്ള പടിവാതില്ക്കലും കാവൽ നില്ക്കേണം; ഇങ്ങനെ നിങ്ങൾ അരമനെക്കു കിടങ്ങുപോലെ കാവലായിരിക്കേണം.
- 7 ശബ്ബത്തിൽ തവണ മാറിപോകുന്ന നിങ്ങളിൽ രണ്ടു കൂട്ടങ്ങൾ രാജാവിന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ കാവലായിരിക്കേണം.
- 8 നിങ്ങൾ എല്ലാവരും താന്താന്റെ ആയുധം ധരിച്ചു രാജാവിന്റെ ചുറ്റും നില്ക്കേണം; അണിക്കകത്തു കടക്കുന്നവനെ കൊന്നുകളയേണം; രാജാവു പോകയും വരികയും ചെയ്യുമ്പോഴൊക്കെയും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം. യെഹോയാദാപുരോഹിതൻ കല്പിച്ചതുപോലെ ഒക്കെയും ശതാധിപന്മാർ ചെയ്തു;
- 9 അവർ ശബ്ബത്തിൽ തവണമാറി വരുന്നവരിലും ശബ്ബത്തിൽ തവണമാറി പോകുന്നവരിലും താന്താന്റെ ആളുകളെ യെഹോയാദാപുരോഹിതന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു.
- 10 പുരോഹിതൻ ദാവീദ് രാജാവിന്റെ വകയായി യഹോവയുടെ ആലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും പരിചകളും ശതാധിപന്മാൎക്കു കൊടുത്തു.
- 11 അകമ്പടികൾ ഒക്കെയും കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശംമുതൽ ഇടത്തുവശംവരെ യാഗപീഠത്തിന്നും ആലയത്തിന്നും നേരെ രാജാവിന്റെ ചുറ്റും നിന്നു.
- 12 അവൻ രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടും ധരിപ്പിച്ചു സാക്ഷ്യപുസ്തകവും അവന്നു കൊടുത്തു; ഇങ്ങനെ അവർ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ടു കൈകൊട്ടി; രാജാവേ, ജയജയ എന്നു ആൎത്തു.
- 13 അഥല്യാ അകമ്പടികളുടെയും ജനത്തിന്റെയും ആരവം കേട്ടു യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു.
- 14 ആചാരപ്രകാരം തൂണിന്റെ അരികെ രാജാവും രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനം ഉല്ലസിച്ചു കാഹളം ഊതുന്നതും കണ്ടിട്ടു അഥല്യാ വസ്ത്രം കീറി: ദ്രോഹം, ദ്രോഹം എന്നു പറഞ്ഞു.
- 15 അപ്പോൾ യെഹോയാദാപുരോഹിതൻ പടനായകന്മാരായ ശതാധിപന്മാൎക്കു കല്പന കൊടുത്തു; അവളെ അണികളിൽകൂടി പുറത്തു കൊണ്ടുപോകുവിൻ; അവളെ അനുഗമിക്കുന്നവനെ വാൾകൊണ്ടു കൊല്ലുവിൻ എന്നു അവരോടു പറഞ്ഞു. യഹോവയുടെ ആലയത്തിൽവെച്ചു അവളെ കൊല്ലരുതു എന്നു പുരോഹിതൻ കല്പിച്ചിരുന്നു.
- 16 അവർ അവൾക്കു വഴി ഉണ്ടാക്കിക്കൊടുത്തു; അവൾ കുതിരവാതിൽ വഴിയായി രാജധാനിയിൽ എത്തിയപ്പോൾ അവളെ അവിടെവെച്ചു കൊന്നുകളഞ്ഞു.
- 17 അനന്തരം അവർ യഹോവയുടെ ജനമായിരിക്കുമെന്നു യെഹോയാദാ യഹോവെക്കും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും നിയമം ചെയ്തു.
- 18 പിന്നെ ദേശത്തെ ജനമൊക്കെയും ബാൽക്ഷേത്രത്തിൽ ചെന്നു അതു ഇടിച്ചു അവന്റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും അശേഷം ഉടെച്ചുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബിലപീഠങ്ങളുടെ മുമ്പിൽവെച്ചു കൊന്നുകളഞ്ഞു. പുരോഹിതൻ യഹോവയുടെ ആലയത്തിൽ കാൎയ്യവിചാരകന്മാരെയും നിയമിച്ചു.
- 19 അവൻ ശതാധിപന്മാരെയും കാൎയ്യരെയും അകമ്പടികളെയും ദേശത്തെ സകലജനത്തെയും വിളിച്ചുകൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്നു ഇറക്കി അകമ്പടികളുടെ പടിവാതിൽവഴിയായി രാജധാനിയിലേക്കു കൂട്ടിക്കൊണ്ടു പോയി; അവൻ രാജാസനം പ്രാപിച്ചു.
- 20 ദേശത്തിലെ സകലജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവർ രാജധാനിക്കരികെവെച്ചു വാൾകൊണ്ടു കൊന്നുകളഞ്ഞു.
- 21 യെഹോവാശ് രാജാവായപ്പോൾ അവന്നു ഏഴു വയസ്സായിരുന്നു.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗