열왕기상 16장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 열왕기상 (1 Kings) · 34절
- 1 ബയെശക്കു വിരോധമായി ഹനാനിയുടെ മകൻ യേഹൂവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
- 2 ഞാൻ നിന്നെ പൊടിയിൽനിന്നു ഉയൎത്തി എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവാക്കിവെച്ചു; നീയോ യൊരോബെയാമിന്റെ വഴിയിൽ നടക്കയും തങ്ങളുടെ പാപങ്ങളാൽ എന്നെ കോപിപ്പിക്കത്തക്കവണ്ണം എന്റെ ജനമായ യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്കയാൽ
- 3 ഇതാ ഞാൻ ബയെശയെയും അവന്റെ ഗൃഹത്തെയും അശേഷം അടിച്ചുവാരിക്കളയും; നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെ ആക്കും.
- 4 ബയെശയുടെ സന്തതിയിൽ പട്ടണത്തിൽവെച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽവെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും.
- 5 ബയെശയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതും അവന്റെ പരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
- 6 ബയെശാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തിൎസ്സയിൽ അടക്കംചെയ്തു; അവന്റെ മകൻ ഏലാ അവന്നു പകരം രാജാവായി.
- 7 ബയെശാ യൊരോബെയാംഗൃഹത്തെപ്പോലെ ഇരുന്നു തന്റെ കൈകളുടെ പ്രവൃത്തിയാൽ യഹോവയെ ക്രുദ്ധിപ്പിച്ചു യഹോവെക്കു അനിഷ്ടമായുള്ളതൊക്കെയും ചെയ്കയും അവരെ കൊന്നുകളകയും ചെയ്തതുകൊണ്ടു അവന്നും അവന്റെ ഗൃഹത്തിന്നും വിരോധമായി ഹനാനിയുടെ മകനായ യേഹൂപ്രവാചകൻമുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായിരുന്നു.
- 8 യെഹൂദാരാജാവായ ആസയുടെ ഇരുപത്താറാം ആണ്ടിൽ ബയെശയുടെ മകൻ ഏലാ യിസ്രായേലിൽ രാജാവായി തിൎസ്സയിൽ രണ്ടു സംവത്സരം വാണു.
- 9 എന്നാൽ രഥങ്ങളിൽ പകുതിക്കു അധിപതിയായ സിമ്രി എന്ന അവന്റെ ഭൃത്യൻ അവന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി, അവൻ തിൎസ്സയിൽ തിൎസ്സാരാജധാനിവിചാരകനായ അൎസ്സയുടെ വീട്ടിൽ കുടിച്ചു ലഹരിപിടിച്ചിരിക്കുമ്പോൾ
- 10 സിമ്രി അകത്തു കടന്നു യെഹൂദാരാജാവായ ആസയുടെ ഇരുപത്തേഴാം ആണ്ടിൽ അവനെ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
- 11 അവൻ രാജാവായി സിംഹാസനത്തിൽ ഇരുന്ന ഉടനെ ബയെശയുടെ ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; അവന്നാകട്ടെ അവന്റെ ചാൎച്ചക്കാൎക്കാകട്ടെ പുരുഷപ്രജയായ ഒന്നിനെയും അവൻ ശേഷിപ്പിച്ചില്ല.
- 12 അങ്ങനെ ബയെശയും അവന്റെ മകൻ ഏലയും തങ്ങളുടെ മിത്ഥ്യാമൂൎത്തികളാൽ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു, തങ്ങൾ ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ സകലപാപങ്ങളുംനിമിത്തം
- 13 യഹോവ യേഹൂപ്രവാചകൻമുഖാന്തരം ബയെശക്കു വിരോധമായി അരുളിച്ചെയ്ത വചനപ്രകാരം സിമ്രി ബയെശയുടെ ഭവനത്തെ മുഴുവനും നിഗ്രഹിച്ചുകളഞ്ഞു.
- 14 ഏലയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
- 15 യെഹൂദാരാജാവായ ആസയുടെ ഇരുപത്തേഴാം ആണ്ടിൽ സിമ്രി തിൎസ്സയിൽ ഏഴു ദിവസം രാജാവായിരുന്നു; അന്നു പടജ്ജനം ഫെലിസ്ത്യൎക്കുള്ള ഗിബ്ബെഥോൻ നിരോധിച്ചിരിക്കയായിരുന്നു.
- 16 സിമ്രി കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ കൊന്നുകളഞ്ഞു എന്നു പാളയം ഇറങ്ങിയിരുന്ന പടജ്ജനം കേട്ടപ്പോൾ എല്ലായിസ്രായേലും അന്നു തന്നേ പാളയത്തിൽവെച്ചു സേനാധിപതിയായ ഒമ്രിയെ യിസ്രായേലിന്നു രാജാവാക്കി വാഴിച്ചു.
- 17 ഉടനെ ഒമ്രി എല്ലായിസ്രായേലുമായി ഗിബ്ബെഥോൻ വിട്ടുചെന്നു തിൎസ്സയെ നിരോധിച്ചു.
- 18 പട്ടണം പിടിപെട്ടു എന്നു സിമ്രി കണ്ടപ്പോൾ രാജധാനിയുടെ ഉൾമുറിയിൽ കടന്നു രാജധാനിക്കു തീവെച്ചു അതിൽ മരിച്ചുകളഞ്ഞു.
- 19 അവൻ യെരോബെയാമിന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു യഹോവെക്കു അനിഷ്ടമായുള്ളതു പ്രവൃത്തിച്ചു, ഇങ്ങനെ താൻചെയ്ത പാപങ്ങൾനിമിത്തം തന്നേ.
- 20 സിമ്രിയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
- 21 അന്നു യിസ്രായേൽ ജനം രണ്ടു ഭാഗമായി പിരിഞ്ഞു; പാതി ജനം ഗീനത്തിന്റെ മകനായ തിബ്നിയെ രാജാവാക്കേണ്ടതിന്നു അവന്റെ പക്ഷം ചേൎന്നു; പാതി ജനം ഒമ്രിയുടെ പക്ഷം ചേൎന്നു.
- 22 എന്നാൽ ഒമ്രിയുടെ പക്ഷം ചേൎന്ന ജനം ഗീനത്തിന്റെ മകനായ തിബ്നിയുടെ പക്ഷം ചേൎന്ന ജനത്തെ തോല്പിച്ചു; അങ്ങനെ തിബ്നി പട്ടുപോകയും ഒമ്രി രാജാവാകയും ചെയ്തു.
- 23 യെഹൂദാരാജാവായ ആസയുടെ മുപ്പത്തൊന്നാം ആണ്ടിൽ ഒമ്രി യിസ്രായേലിൽ രാജാവായി പന്ത്രണ്ടു സംവത്സരം വാണു; തിൎസ്സയിൽ അവൻ ആറു സംവത്സരം വാണു.
- 24 പിന്നെ അവൻ ശേമെരിനോടു ശമൎയ്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളിൽ പട്ടണം പണിതു; താൻ പണിത പട്ടണത്തിന്നു മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിൻ പ്രകാരം ശമൎയ്യാ എന്നു പേരിട്ടു.
- 25 ഒമ്രി യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം പ്രവൎത്തിച്ചു.
- 26 എങ്ങനെയെന്നാൽ: അവൻ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ എല്ലാവഴിയിലും യിസ്രായേലിന്റെ ദൈവമായ യഹോവയെ തങ്ങളുടെ മിത്ഥ്യാമൂൎത്തികളാൽ കോപിപ്പിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച പാപങ്ങളിലും നടന്നു.
- 27 ഒമ്രി ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്ത പരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
- 28 ഒമ്രി തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ശമൎയ്യയിൽ അവനെ അടക്കം ചെയ്തു. അവന്റെ മകനായ ആഹാബ് അവന്നു പകരം രാജാവായി.
- 29 യെഹൂദാരാജാവായ ആസയുടെ മുപ്പത്തെട്ടാം ആണ്ടിൽ ഒമ്രിയുടെ മകനായ ആഹാബ് യിസ്രായേലിൽ രാജാവായി; ഒമ്രിയുടെ മകനായ ആഹാബ് ശമൎയ്യയിൽ യിസ്രായേലിനെ ഇരുപത്തുരണ്ടു സംവത്സരം വാണു.
- 30 ഒമ്രിയുടെ മകനായ ആഹാബ് തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
- 31 നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളിൽ നടക്കുന്നതു പോരാ എന്നു തോന്നുമാറു അവൻ സീദോന്യരാജാവായ എത്ത്-ബാലിന്റെ മകളായ ഈസേബെലിനെ ഭാൎയ്യയായി പരിഗ്രഹിക്കയും ബാലിനെ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്തു.
- 32 താൻ ശമൎയ്യയിൽ പണിത ബാലിന്റെ ക്ഷേത്രത്തിൽ അവൻ ബാലിന്നു ഒരു ബലിപീഠം ഉണ്ടാക്കി.
- 33 ആഹാബ് ഒരു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; അങ്ങനെ ആഹാബ് യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിക്കത്തക്കവണ്ണം തനിക്കു മുമ്പുണ്ടായിരുന്ന എല്ലായിസ്രായേൽരാജാക്കന്മാരെക്കാളും അധികം ദോഷം പ്രവൎത്തിച്ചു.
- 34 അവന്റെ കാലത്തു ബേഥേല്യനായ ഹീയേൽ യെരീഹോ പണിതു; യഹോവ നൂന്റെ മകനായ യോശുവമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അതിന്റെ അടിസ്ഥാനം ഇട്ടപ്പോൾ അവന്നു അബീറാം എന്ന മൂത്തമകനും അതിന്റെ പടിവാതിൽ വെച്ചപ്പോൾ ശെഗൂബു എന്ന ഇളയമകനും നഷ്ടംവന്നു.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗