역대하 33장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 역대하 (2 Chronicles) · 25절
- 1 മനശ്ശെ വാഴ്ച തുടങ്ങിയപ്പോൾ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു.
- 2 യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകളെപ്പോലെ അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
- 3 അവൻ തന്റെ അപ്പനായ യെഹിസ്കീയാവു ഇടിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ വീണ്ടും പണിതു, ബാൽവിഗ്രഹങ്ങൾക്കു ബലിപീഠങ്ങളെ തീൎത്തു, അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി, ആകാശത്തിലെ സൎവ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.
- 4 യെരൂശലേമിൽ എന്റെ നാമം ഇരിക്കുമെന്നു യഹോവ അരുളിച്ചെയ്ത യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു.
- 5 യഹോവയുടെ ആലയത്തിന്റെ പ്രാകാരം രണ്ടിലും അവൻ ആകാശത്തിലെ സൈന്യത്തിന്നു ബലിപീഠങ്ങൾ പണിതു.
- 6 അവൻ തന്റെ പുത്രന്മാരെ ബെൻ-ഹിന്നോംതാഴ്വരയിൽ അഗ്നിപ്രവേശം ചെയ്യിച്ചു; മുഹുൎത്തം നോക്കി, ആഭിചാരങ്ങളും ക്ഷുദ്രങ്ങളും പ്രയോഗിച്ചു, വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിച്ചു, യഹോവെക്കു അനിഷ്ടമായുള്ളതു പലതും ചെയ്തു അവനെ കോപിപ്പിച്ചു.
- 7 താൻ ഉണ്ടാക്കിയ വിഗ്രഹപ്രതിമയെ അവൻ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചു; ഈ ആലയത്തെക്കുറിച്ചോ: ഈ ആലയത്തിലും ഞാൻ എല്ലാ യിസ്രായേൽഗോത്രങ്ങളിലുംനിന്നു തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നും
- 8 ഞാൻ മോശെമുഖാന്തരം യിസ്രായേലിനോടു കല്പിച്ച സകലന്യായപ്രമാണത്തെയും ചട്ടങ്ങളെയും ന്യായങ്ങളെയും അനുസരിച്ചുനടപ്പാൻ അവർ സൂക്ഷിക്കുമെങ്കിൽ ഞാൻ നിങ്ങളുടെ പിതാക്കന്മാൎക്കായി നിശ്ചയിച്ച ദേശത്തുനിന്നു അവരുടെ കാൽ ഞാൻ ഇനി നീക്കിക്കളകയില്ല എന്നും ദൈവം ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്തിരുന്നു.
- 9 അങ്ങനെ മനശ്ശെ യഹോവ യിസ്രായേൽപുത്രന്മാരുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികൾ ചെയ്തതിലും അധികം വഷളത്വം പ്രവൎത്തിപ്പാൻ തക്കവണ്ണം യെഹൂദയെയും യെരൂശലേം നിവാസികളെയും തെറ്റുമാറാക്കി.
- 10 യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവർ ശ്രദ്ധിച്ചില്ല.
- 11 ആകയാൽ യഹോവ അശ്ശൂർരാജാവിന്റെ സേനാധിപതിമാരെ അവരുടെ നേരെ വരുത്തി; അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി.
- 12 കഷ്ടത്തിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു, തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ തന്നേത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രാൎത്ഥിച്ചു.
- 13 അവൻ അവന്റെ പ്രാൎത്ഥന കൈക്കൊണ്ടു അവന്റെ യാചന കേട്ടു അവനെ വീണ്ടും യെരൂശലേമിൽ അവന്റെ രാജത്വത്തിന്നു തിരിച്ചു വരുത്തി; യഹോവ തന്നേ ദൈവം എന്നു മനശ്ശെക്കു ബോധമായി.
- 14 അതിന്റെശേഷം അവൻ ഗീഹോന്നു പടിഞ്ഞാറുതാഴ്വരയിൽ മീൻവാതിലിന്റെ പ്രവേശനംവരെ ദാവീദിന്റെ നഗരത്തിന്നു ഒരു പുറമതിൽ പണിതു; അവൻ അതു ഓഫേലിന്നു ചുറ്റും വളരെ പൊക്കത്തിൽ പണിയുകയും യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിൽ സേനാധിപന്മാരെ പാൎപ്പിക്കയും ചെയ്തു.
- 15 അവൻ യഹോവയുടെ ആലയത്തിൽനിന്നു അന്യദൈവങ്ങളെയും വിഗ്രഹത്തെയും യഹോവയുടെ ആലയം നില്ക്കുന്ന പൎവ്വതത്തിലും യെരൂശലേമിലും താൻ പണിതിരുന്ന സകലബലിപീഠങ്ങളെയും നീക്കി നഗരത്തിന്നു പുറത്തു എറിഞ്ഞുകളഞ്ഞു.
- 16 അവൻ യഹോവയുടെ യാഗപീഠം നന്നാക്കി, അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അൎപ്പിച്ചു; യിസ്രായേലിന്റെ ദൈവമായ യഹോവയെ സേവിപ്പാൻ യെഹൂദയോടു കല്പിച്ചു.
- 17 എന്നാൽ ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവെക്കു അത്രേ.
- 18 മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ തന്റെ ദൈവത്തോടു കഴിച്ച പ്രാൎത്ഥനയും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അവനോടു സംസാരിച്ച ദൎശകന്മാരുടെ വചനങ്ങളും യിസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.
- 19 അവന്റെ പ്രാൎത്ഥനയും ദൈവം അവന്റെ പ്രാൎത്ഥന കേട്ടതും അവൻ തന്നേത്താൻ താഴ്ത്തിയതിന്നു മുമ്പെയുള്ള അവന്റെ സകല പാപവും അകൃത്യവും അവൻ പൂജാഗിരികളെ പണികയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും പ്രതിഷ്ഠിക്കയും ചെയ്ത സ്ഥലങ്ങളും ദൎശകന്മാരുടെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നു.
- 20 മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ അവന്റെ അരമനയിൽ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവന്നു പകരം രാജാവായി.
- 21 ആമോൻ വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം യെരൂശലേമിൽ വാണു.
- 22 അവൻ തന്റെ അപ്പനായ മനശ്ശെ ചെയ്തതുപോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു, തന്റെ അപ്പനായ മനശ്ശെ ഉണ്ടാക്കിയ സകല വിഗ്രഹങ്ങൾക്കും ആമോൻ ബലികഴിച്ചു അവയെ സേവിച്ചു.
- 23 തന്റെ അപ്പനായ മനശ്ശെ തന്നേത്താൻ യഹോവയുടെ മുമ്പാകെ താഴ്ത്തിയതുപോലെ അവൻ തന്നേത്താൻ താഴ്ത്തിയില്ല; ആമോൻ മേല്ക്കുമേൽ അകൃത്യം ചെയ്തതേയുള്ളു.
- 24 അവന്റെ ഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ അവന്റെ നേരെ അരമനയിൽവെച്ചു കൊന്നുകളഞ്ഞു.
- 25 എന്നാൽ ദേശത്തെ ജനം ആമോൻ രാജാവിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെയൊക്കെയും കൊന്നുകളഞ്ഞു; ദേശത്തെ ജനം അവന്റെ മകനായ യോശീയാവെ അവന്നു പകരം രാജാവാക്കി.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗