역대상 18장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 역대상 (1 Chronicles) · 17절
- 1 അതിന്റെശേഷം ദാവീദ് ഫെലിസ്ത്യരെ തോല്പിച്ചു അടക്കി, ഗത്തും അതിനോടു ചേൎന്ന ഗ്രാമങ്ങളും ഫെലിസ്ത്യരുടെ കയ്യിൽനിന്നു പിടിച്ചു.
- 2 പിന്നെ അവൻ മോവാബിനെ തോല്പിച്ചു; മോവാബ്യർ ദാവീദിന്റെ ദാസന്മാരായി കാഴ്ച കൊണ്ടുവന്നു.
- 3 സോബാരാജാവായ ഹദദേസെർ ഫ്രാത്ത് നദീതീരത്തിങ്കൽ തന്റെ ആധിപത്യം ഉറപ്പിപ്പാൻ പോയപ്പോൾ ദാവീദ് അവനെയും ഹമാത്തിൽവെച്ചു തോല്പിച്ചുകളഞ്ഞു.
- 4 അവന്റെ വക ആയിരം രഥങ്ങളെയും ഏഴായിരം കുതിരപ്പടയാളികളെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; ദാവീദ് അവയിൽ നൂറു രഥകൂതിരകളെ വെച്ചുകൊണ്ടു ശേഷം രഥകൂതിരകളെ ഒക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.
- 5 സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാൻ ദമ്മേശെക്കിലെ അരാമ്യർ വന്നപ്പോൾ ദാവീദ് അരാമ്യരിൽ ഇരുപതിനായിരം പേരെ നിഗ്രഹിച്ചു.
- 6 പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേൎന്ന അരാമിൽ കാവല്പട്ടാളങ്ങളെ പാൎപ്പിച്ചു; അരാമ്യരും ദാവീദിന്നു ദാസന്മാരായി കാഴ്ച കൊണ്ടുവന്നു; ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
- 7 ഹദദേസെരിന്റെ ദാസന്മാൎക്കുണ്ടായിരുന്ന പൊൻപരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.
- 8 ഹദദേസെരിന്റെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും കൂനിൽനിന്നും അനവധി താമ്രവും കൊണ്ടുവന്നു; അതുകൊണ്ടു ശലോമോൻ താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കി.
- 9 എന്നാൽ ദാവീദ് സോബാരാജാവായ ഹദദേസെരിന്റെ സൈന്യത്തെയെല്ലാം തോല്പിച്ചുകളഞ്ഞു എന്നു ഹമാത്ത് രാജാവായ തോവൂ കേട്ടപ്പോൾ
- 10 അവൻ ദാവീദ് രാജാവിനോടു കുശലം ചോദിപ്പാനും അവൻ ഹദദേസെരിനോടു യുദ്ധം ചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തന്റെ മകനായ ഹദോരാമിനെ അയച്ചു; ഹദദേസരും തോവൂവും തമ്മിൽ കൂടെക്കൂടെ യുദ്ധം ഉണ്ടായിരുന്നു; അവൻ പൊന്നു, വെള്ളി താമ്രം ഇവകൊണ്ടുള്ള സകലവിധസാധനങ്ങളെയും കൊണ്ടുവന്നു.
- 11 ദാവീദ് രാജാവു അവയെ താൻ ഏദോം, മോവാബ്, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്ക് മുതലായ സകലജാതികളുടെ പക്കൽനിന്നും പിടിച്ചെടുത്ത വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവെക്കു വിശുദ്ധീകരിച്ചു.
- 12 സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്വരയിൽവെച്ചു എദോമ്യരിൽ പതിനെണ്ണായിരംപേരെ സംഹരിച്ചു.
- 13 ദാവീദ് എദോമിൽ കാവല്പട്ടാളങ്ങളെ ആക്കി; എദോമ്യർ എല്ലാവരും അവന്നു ദാസന്മാർ ആയ്തീൎന്നു. അങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
- 14 ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണു; തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിവന്നു.
- 15 സെരൂയയുടെ മകനായ യോവാബ് സേനാധിപതി ആയിരുന്നു; അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രിയും
- 16 അഹീത്തൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമേലെക്കും പുരോഹിതന്മാരും ശവ്ശാ രായസക്കാരനും
- 17 യെഹോയാദയുടെ മകനായ ബെനായാവു ക്രേത്യൎക്കും പ്ലേത്യൎക്കും അധിപതിയും ആയിരുന്നു; ദാവീദിന്റെ പുത്രന്മാർ രാജാവിന്റെ അടുക്കൽ പ്രധാന പരിചാരകന്മാരായിരുന്നു.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗