역대상 14장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 역대상 (1 Chronicles) · 17절
- 1 സോർരാജാവായ ഹീരാം, ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും അവന്നു ഒരു അരമന പണിയേണ്ടതിന്നു ദേവദാരുക്കളെയും കൽപ്പണിക്കാരെയും ആശാരിമാരെയും അയച്ചു.
- 2 യഹോവയുടെ ജനമായ യിസ്രായേൽനിമിത്തം തന്റെ രാജത്വം ഉന്നതിപ്രാപിച്ചതിനാൽ തന്നേ യഹോവ യിസ്രായേലിന്നു രാജാവായി സ്ഥിരപ്പെടുത്തി എന്നു ദാവീദിന്നു മനസ്സിലായി.
- 3 ദാവീദ് യെരൂശലേമിൽവെച്ചു വേറെയും ഭാൎയ്യമാരെ പരിഗ്രഹിച്ചു, വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- 4 യെരൂശലേമിൽ വെച്ചു അവന്നു ജനിച്ച മക്കളുടെ പേരുകളാവിതു: ശമ്മൂവ, ശോബാബ്, നാഥാൻ,
- 5 ശലോമോൻ, യിബ്ഹാർ, എലീശൂവ, എൽപേലെത്ത്,
- 6 നോഗഹ്, നേഫെഗ്, യാഫീയ,
- 7 എലീശാമാ, ബെല്യാദാ, എലീഫേലെത്ത്.
- 8 ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി അഭിഷേകം കഴിഞ്ഞു എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ, ഫെലിസ്ത്യർ ഒക്കെയും ദാവീദിനെ പിടിപ്പാൻ ചെന്നു; ദാവീദ് അതു കേട്ടു അവരുടെ മുമ്പിൽനിന്നു ഒഴിഞ്ഞുപോയി.
- 9 ഫെലിസ്ത്യർ വന്നു രെഫായീംതാഴ്വരയിൽ പരന്നു.
- 10 അപ്പോൾ ദാവീദ് ദൈവത്തോടു: ഞാൻ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യിൽ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. യഹോവ അവനോടു: പുറപ്പെടുക; ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു അരുളിച്ചെയ്തു.
- 11 അങ്ങനെ അവർ ബാൽ-പെരാസീമിൽ ചെന്നു; അവിടെവെച്ചു ദാവീദ് അവരെ തോല്പിച്ചു: വെള്ളച്ചാട്ടംപോലെ ദൈവം എന്റെ ശത്രുക്കളെ എന്റെ കയ്യാൽ തകൎത്തുകളഞ്ഞു എന്നു ദാവീദ് പറഞ്ഞു; അതുകൊണ്ടു ആ സ്ഥലത്തിന്നു ബാൽ-പെരാസീം എന്നു പേർ പറഞ്ഞു വരുന്നു.
- 12 എന്നാൽ അവർ തങ്ങളുടെ ദേവന്മാരെ അവിടെ വിട്ടേച്ചുപോയി; അവയെ തീയിലിട്ടു ചുട്ടുകളവാൻ ദാവീദ് കല്പിച്ചു.
- 13 ഫെലിസ്ത്യർ പിന്നെയും താഴ്വരയിൽ വന്നു പരന്നു.
- 14 ദാവീദ് പിന്നെയും ദൈവത്തോടു അരുളപ്പാടു ചോദിച്ചപ്പോൾ ദൈവം അവനോടു: അവരുടെ പിന്നാലെ ചെല്ലാതെ അവരെ വിട്ടുതിരിഞ്ഞു ബാഖാവൃക്ഷങ്ങൾക്കെതിരെ അവരുടെ നേരെ ചെല്ലുക.
- 15 ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽകൂടി അണിയണിയായി നടക്കുന്ന ഒച്ച കേട്ടാൽ നീ പടെക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിപ്പാൻ ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളിച്ചെയ്തു;
- 16 ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവർ ഗിബെയോൻ മുതൽ ഗേസെർവരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു.
- 17 ദാവീദിന്റെ കീൎത്തി സകലദേശങ്ങളിലും പരക്കയും യഹോവ അവനെയുള്ള ഭയം സൎവ്വജാതികൾക്കും വരുത്തുകയും ചെയ്തു.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗