에스겔 6장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 에스겔 (Ezekiel) · 14절
- 1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
- 2 മനുഷ്യപുത്രാ, നീ യിസ്രായേൽപൎവ്വതങ്ങളുടെ നേരെ മുഖം തിരിച്ചു അവൎക്കു വിരോധമായി പ്രവചിച്ചു പറയേണ്ടതു:
- 3 യിസ്രായേൽപൎവ്വതങ്ങളേ, യഹോവയായ കൎത്താവിന്റെ വചനം കേൾപ്പിൻ! മലകളോടും കുന്നുകളോടും നീരൊഴുക്കുകളോടും താഴ്വരയോടും യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെനേരെ വാൾ വരുത്തും: ഞാൻ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിക്കും.
- 4 നിങ്ങളുടെ ബലിപീഠങ്ങൾ ശൂന്യമാകും; നിങ്ങളുടെ സൂൎയ്യസ്തംഭങ്ങൾ തകൎന്നുപോകും; നിങ്ങളുടെ നിഹതന്മാരെ ഞാൻ നിങ്ങളുടെ വിഗ്രഹങ്ങളുടെ മുമ്പിൽ വീഴിക്കും.
- 5 ഞാൻ യിസ്രായേൽമക്കളുടെ ശവങ്ങളെ അവരുടെ വിഗ്രഹങ്ങളുടെ മുമ്പിൽ ഇടും; ഞാൻ നിങ്ങളുടെ അസ്ഥികളെ നിങ്ങളുടെ ബലിപീഠങ്ങൾക്കു ചുറ്റും ചിതറിക്കും.
- 6 നിങ്ങളുടെ ബലിപീഠങ്ങൾ ഇടിഞ്ഞു ശൂന്യമാകയും നിങ്ങളുടെ വിഗ്രഹങ്ങൾ തകൎന്നു മുടിഞ്ഞുപോകയും നിങ്ങളുടെ സൂൎയ്യസ്തംഭങ്ങളെ വെട്ടിക്കളയുകയും നിങ്ങളുടെ പണികൾ നശിച്ചുപോകയും ചെയ്വാൻ തക്കവണ്ണം നിങ്ങൾ പാൎക്കുന്നേടത്തൊക്കെയും പട്ടണങ്ങൾ പാഴായും പൂജാഗിരികൾ ശൂന്യമായും തീരും.
- 7 നിഹതന്മാർ നിങ്ങളുടെ നടുവിൽ വീഴും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
- 8 എങ്കിലും നിങ്ങൾ ദേശങ്ങളിൽ ചിതറിപ്പോകുമ്പോൾ വാളിന്നു തെറ്റിപ്പോയവർ ജാതികളുടെ ഇടയിൽ നിങ്ങൾക്കു ഉണ്ടാകേണ്ടതിന്നു ഞാൻ ഒരു ശേഷിപ്പിനെ വെച്ചേക്കും.
- 9 എന്നെ വിട്ടകന്നു പരസംഗം ചെയ്യുന്ന അവരുടെ ഹൃദയത്തെയും വിഗ്രഹങ്ങളോടു ചേൎന്നു പരസംഗം ചെയ്യുന്ന അവരുടെ കണ്ണുകളെയും ഞാൻ തകൎത്തുകളഞ്ഞശേഷം, നിങ്ങളിൽ ചാടിപ്പോയവർ, അവരെ പിടിച്ചു കൊണ്ടുപോയ ജാതികളുടെ ഇടയിൽവെച്ചു എന്നെ ഓൎക്കും; അവരുടെ സകലമ്ലേച്ഛതകളാലും ചെയ്ത ദോഷങ്ങൾ നിമിത്തം അവൎക്കു തങ്ങളോടു തന്നേ വെറുപ്പുതോന്നും.
- 10 ഞാൻ യഹോവ എന്നു അവർ അറിയും; ഈ അനൎത്ഥം അവൎക്കു വരുത്തുമെന്നു വെറുതെയല്ല ഞാൻ അരുളിച്ചെയ്തിരിക്കുന്നതു.
- 11 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിന്റെ ദോഷകരമായ സകലമ്ലേച്ഛതകളുംനിമിത്തം നീ കൈകൊണ്ടടിച്ചു, കാൽകൊണ്ടു ചവിട്ടി, അയ്യോ കഷ്ടം! എന്നു പറക; അവർ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും വീഴും;
- 12 ദൂരത്തുള്ളവൻ മഹാമാരികൊണ്ടു മരിക്കും; സമീപത്തുള്ളവൻ വാൾകൊണ്ടു വീഴും; ശേഷിച്ചിരിക്കുന്നവനും രക്ഷപ്പെട്ടവനും ക്ഷാമംകൊണ്ടു മരിക്കും; ഇങ്ങനെ ഞാൻ എന്റെ ക്രോധം അവരിൽ നിവൎത്തിക്കും.
- 13 അവർ തങ്ങളുടെ സകലവിഗ്രഹങ്ങൾക്കും സൌരഭ്യവാസന അൎപ്പിച്ച സ്ഥലമായി ഉയരമുള്ള എല്ലാ കുന്നിന്മേലും സകലപൎവ്വതശിഖരങ്ങളിലും എല്ലാപച്ചമരത്തിൻകീഴിലും തഴെച്ചിരിക്കുന്ന എല്ലാ കരുവേലകത്തിൻകീഴിലും അവരുടെ നിഹതന്മാർ അവരുടെ ബലിപീഠങ്ങളുടെ ചുറ്റും അവരുടെ വിഗ്രഹങ്ങളുടെ ഇടയിൽ വീണു കിടക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
- 14 ഞാൻ അവരുടെ നേരെ കൈ നീട്ടി, അവരുടെ സകലവാസസ്ഥലങ്ങളിലും ദേശത്തെ രിബ്ളാമരുഭൂമിയെക്കാൾ അധികം നിൎജ്ജനവും ശൂന്യവുമാക്കും; അപ്പോൾ ഞാൻ യഹോവയെന്നു അവർ അറിയും.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗