에스겔 36장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 에스겔 (Ezekiel) · 38절
- 1 നീയോ, മനുഷ്യപുത്രാ, യിസ്രായേൽപൎവ്വതങ്ങളോടു പ്രവചിച്ചുപറയേണ്ടതു: യിസ്രായേൽപൎവ്വതങ്ങളേ, യഹോവയുടെ വചനം കേൾപ്പിൻ!
- 2 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ശത്രു നിങ്ങളെക്കുറിച്ചു: നന്നായി; പുരാതനഗിരികൾ ഞങ്ങൾക്കു കൈവശം ആയിരിക്കുന്നു എന്നു പറയുന്നു.
- 3 അതുകൊണ്ടു നീ പ്രവചിച്ചുപറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജാതികളിൽ ശേഷിച്ചവൎക്കു കൈവശമായിത്തീരത്തക്കവണ്ണം അവർ നിങ്ങളെ ശൂന്യമാക്കി നിങ്ങളെ ചുറ്റും നിന്നു കപ്പിക്കളയുന്നതുകൊണ്ടും നിങ്ങൾ വായാളികളുടെ അധരങ്ങളിൽ അകപ്പെട്ടു ലോകരുടെ അപവാദവിഷയമായിത്തീൎന്നിരിക്കകൊണ്ടും യിസ്രായേൽപൎവ്വതങ്ങളേ,
- 4 യഹോവയായ കൎത്താവിന്റെ വചനം കേൾപ്പിൻ! മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിരിക്കുന്ന ശൂന്യപ്രദേശങ്ങളോടും നിൎജ്ജനവും ചുറ്റുമുള്ള ജാതികളിൽ ശേഷിച്ചവൎക്കു കവൎച്ചയും പരിഹാസവും ആയി ഭവിച്ചിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:
- 5 അതുകൊണ്ടു യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളിൽ ശേഷിച്ചവരോടും എല്ലാ ഏദോമിനോടും ഞാൻ നിശ്ചയമായി എന്റെ തീക്ഷ്ണതാഗ്നിയോടെ സംസാരിക്കും; അവർ എന്റെ ദേശത്തെ കവൎച്ചക്കായി തള്ളിക്കളവാൻ തക്കവണ്ണം അതിനെ പൂൎണ്ണഹൃദയസന്തോഷത്തോടും നിന്ദാഭാവത്തോടും കൂടെ തങ്ങൾക്കു അവകാശമായി നിയമിച്ചുവല്ലോ.
- 6 അതുകൊണ്ടു നീ യിസ്രായേൽ ദേശത്തെക്കുറിച്ചു പ്രവചിച്ചു മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജാതികളുടെ നിന്ദയെ വഹിച്ചതുകൊണ്ടു ഞാൻ എന്റെ തീക്ഷ്ണതയോടും എന്റെ ക്രോധത്തോടും കൂടെ സംസാരിക്കുന്നു.
- 7 അതുകൊണ്ടു യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ചുറ്റുമുള്ള ജാതികൾ നിശ്ചയമായി തങ്ങളുടെ ലജ്ജ വഹിക്കും എന്നു ഞാൻ കൈ ഉയൎത്തി സത്യം ചെയ്യുന്നു.
- 8 നിങ്ങളോ, യിസ്രായേൽപൎവ്വതങ്ങളേ, എന്റെ ജനമായ യിസ്രായേൽ വരുവാൻ അടുത്തിരിക്കകൊണ്ടു കൊമ്പുകളെ നീട്ടി അവൎക്കു വേണ്ടി ഫലം കായ്പിൻ.
- 9 ഞാൻ നിങ്ങൾക്കു അനുകൂലമായിരിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കലേക്കു തിരിയും; നിങ്ങളിൽ കൃഷിയും വിതയും നടക്കും.
- 10 ഞാൻ നിങ്ങളിൽ മനുഷ്യരെ, യിസ്രായേൽഗൃഹം മുഴുവനെയും തന്നേ, വൎദ്ധിപ്പിക്കും; പട്ടണങ്ങളിൽ നിവാസികൾ ഉണ്ടാകും; ശൂന്യപ്രദേശങ്ങളെയും പണിയും.
- 11 ഞാൻ നിങ്ങളിൽ മനുഷ്യരെയും മൃഗങ്ങളെയും വൎദ്ധിപ്പിക്കും; അവർ പെരുകി സന്താനപുഷ്ടിയുള്ളവരാകും; ഞാൻ നിങ്ങളിൽ പണ്ടത്തെപ്പോലെ ആളെ പാൎപ്പിക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാൾ അധികം നന്മ ഞാൻ നിങ്ങൾക്കു ചെയ്യും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
- 12 ഞാൻ നിങ്ങളിൽ മനുഷ്യരെ, എന്റെ ജനമായ യിസ്രായേലിനെ തന്നേ, സഞ്ചരിക്കുമാറാക്കും; അവർ നിന്നെ കൈവശമാക്കും; നീ അവൎക്കു അവകാശമായിരിക്കും; നീ അവരെ ഇനി മക്കളില്ലാത്തവരാക്കുകയുമില്ല.
- 13 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; അവർ നിന്നോടു: നീ മനുഷ്യരെ തിന്നുകളകയും നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്ത ദേശമാകുന്നു എന്നു പറയുന്നതുകൊണ്ടു,
- 14 നീ ഇനിമേൽ മനുഷ്യരെ തിന്നുകളകയില്ല; നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല; എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
- 15 ഞാൻ ഇനി നിന്നെ ജാതികളുടെ നിന്ദ കേൾപ്പിക്കയില്ല; വംശങ്ങളുടെ അപമാനം നീ ഇനി വഹിക്കയില്ല; നീ ഇനി നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
- 16 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
- 17 മനുഷ്യപുത്രാ, യിസ്രായേൽ ഗൃഹം തങ്ങളുടെ ദേശത്തു പാൎത്തിരുന്നപ്പോൾ, അവർ അതിനെ തങ്ങളുടെ നടപ്പുകൊണ്ടും പ്രവൃത്തികൾകൊണ്ടും മലിനമാക്കി; എന്റെ മുമ്പാകെ അവരുടെ നടപ്പു ഋതുവായോരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു.
- 18 അവർ ദേശത്തു ചൊരിഞ്ഞ രക്തംനിമിത്തവും അതിനെ തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ടു മലിനമാക്കിയതുനിമിത്തവും ഞാൻ എന്റെ ക്രോധം അവരുടെമേൽ പകൎന്നു.
- 19 ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു; അവർ ദേശങ്ങളിൽ ചിതറിപ്പോയി; അവരുടെ നടപ്പിന്നും പ്രവൃത്തികൾക്കും തക്കവണ്ണം ഞാൻ അവരെ ന്യായം വിധിച്ചു.
- 20 അവർ ജാതികളുടെ ഇടയിൽ ചെന്നുചേൎന്നപ്പോൾ, ഇവർ യഹോവയുടെ ജനം, അവന്റെ ദേശം വിട്ടുപോകേണ്ടിവന്നവർ എന്നു അവർ അവരെക്കുറിച്ചു പറയുമാറാക്കിയതിനാൽ അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി.
- 21 എങ്കിലും യിസ്രായേൽഗൃഹം ചെന്നുചേൎന്ന ജാതികളുടെ ഇടയിൽ അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെക്കുറിച്ചു എനിക്കു അയ്യോഭാവം തോന്നി.
- 22 അതുകൊണ്ടു നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങളുടെ നിമിത്തമല്ല, നിങ്ങൾ ചെന്നുചേൎന്ന ജാതികളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയിരിക്കുന്ന എന്റെ വിശുദ്ധ നാമംനിമിത്തം അത്രേ ഞാൻ അങ്ങനെ ചെയ്യുന്നതു.
- 23 ജാതികളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയതായി അവരുടെ ഇടയിൽ അശുദ്ധമായ്പോയിരിക്കുന്ന എന്റെ മഹത്തായ നാമത്തെ ഞാൻ വിശുദ്ധീകരിക്കും; ജാതികൾ കാൺകെ ഞാൻ എന്നെത്തന്നേ നിങ്ങളിൽ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
- 24 ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു കൂട്ടി സകലദേശങ്ങളിൽനിന്നും നിങ്ങളെ ശേഖരിച്ചു സ്വന്തദേശത്തേക്കു വരുത്തും.
- 25 ഞാൻ നിങ്ങളുടെമേൽ നിൎമ്മലജലം തളിക്കും; നിങ്ങൾ നിൎമ്മലരായി തീരും, ഞാൻ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിൎമ്മലീകരിക്കും.
- 26 ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും.
- 27 ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.
- 28 ഞാൻ നിങ്ങളുടെ പിതാക്കന്മാൎക്കു കൊടുത്ത ദേശത്തു നിങ്ങൾ പാൎക്കും; നിങ്ങൾ എനിക്കു ജനമായും ഞാൻ നിങ്ങൾക്കു ദൈവമായും ഇരിക്കും.
- 29 ഞാൻ നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാൻ നിങ്ങളുടെമേൽ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി വൎദ്ധിപ്പിക്കും.
- 30 നിങ്ങൾ ഇനിമേൽ ജാതികളുടെ ഇടയിൽ ക്ഷാമത്തിന്റെ നിന്ദ അനുഭവിക്കാതിരിക്കേണ്ടതിന്നു ഞാൻ വൃക്ഷങ്ങളുടെ ഫലവും നിലത്തിന്റെ വിളവും വൎദ്ധിപ്പിക്കും.
- 31 അപ്പോൾ നിങ്ങൾ നിങ്ങളുടെ ദുൎമ്മാൎഗ്ഗങ്ങളെയും നന്നല്ലാത്ത പ്രവൃത്തികളെയും ഓൎത്തു നിങ്ങളുടെ അകൃത്യങ്ങൾ നിമിത്തവും മ്ലേച്ഛതകൾ നിമിത്തവും നിങ്ങൾക്കു നിങ്ങളോടു തന്നേ വെറുപ്പു തോന്നും.
- 32 നിങ്ങളുടെനിമിത്തമല്ല ഞാൻ ഇതു ചെയ്യുന്നതു എന്നു നിങ്ങൾക്കു ബോധ്യമായിരിക്കട്ടെ എന്നു യഹോവയായ കൎത്താവു അരുളിച്ചെയ്യുന്നു; യിസ്രായേൽഗൃഹമേ, നിങ്ങളുടെ നടപ്പുനിമിത്തം ലജ്ജിച്ചു നാണിപ്പിൻ.
- 33 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നീക്കി നിങ്ങളെ നിൎമ്മലീകരിക്കുന്ന നാളിൽ നിങ്ങളുടെ പട്ടണങ്ങളിൽ ഞാൻ ആളെ പാൎപ്പിക്കും; ശൂന്യസ്ഥലങ്ങളെയും പണിയും.
- 34 വഴിപോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും.
- 35 ശൂന്യമായ്ക്കിടന്നിരുന്ന ദേശം ഏദെൻതോട്ടം പോലെയായ്തീൎന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങൾ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീൎന്നുവല്ലോ എന്നു അവർ പറയും.
- 36 ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങളെ യഹോവയായ ഞാൻ പണിതു, ശൂന്യപ്രദേശത്തു നടുതല വെച്ചുണ്ടാക്കി എന്നു നിങ്ങളുടെ ചുറ്റും ശേഷിച്ചിരിക്കുന്ന ജാതികൾ അന്നു അറിയും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു; ഞാൻ നിവൎത്തിക്കയും ചെയ്യും.
- 37 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹം എന്നോടു അപേക്ഷിച്ചിട്ടു ഞാൻ ഒന്നുകൂടെ ചെയ്യും: ഞാൻ അവൎക്കു ആളുകളെ ആട്ടിൻ കൂട്ടത്തെപ്പോലെ വൎദ്ധിപ്പിച്ചുകൊടുക്കും.
- 38 ശൂന്യമായ്പോയിരുന്ന പട്ടണങ്ങൾ വിശുദ്ധമായ ആട്ടിൻ കൂട്ടംപോലെ, ഉത്സവങ്ങളിൽ യെരൂശലേമിലെ ആട്ടിൻ കൂട്ടംപോലെ തന്നേ, മനുഷ്യരാകുന്ന ആട്ടിൻ കൂട്ടം കൊണ്ടു നിറയും; ഞാൻ യഹോവ എന്നു അവർ അറിയും.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗