에스겔 23장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 에스겔 (Ezekiel) · 49절
- 1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
- 2 മനുഷ്യപുത്രാ, ഒരമ്മയുടെ മക്കളായ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നു.
- 3 അവർ മിസ്രയീമിൽവെച്ചു പരസംഗം ചെയ്തു; യൌവനത്തിൽ തന്നേ അവർ പരസംഗം ചെയ്തു; അവിടെ അവരുടെ മുല പിടിച്ചു അവരുടെ കന്യാകുചാഗ്രം ഞെക്കി.
- 4 അവരിൽ മൂത്തവൾക്കു ഒഹൊലാ എന്നും ഇളയവൎക്കു ഒഹൊലീബാ എന്നും പേരായിരുന്നു; അവർ എനിക്കുള്ളവരായിരുന്നു പുത്രന്മാരെയും പുത്രിമാരെയും പ്രസവിച്ചു; അവരുടെ പേരോ ഒഹൊലാ എന്നതു ശമൎയ്യയും ഒഹൊലീബാ എന്നതു യെരൂശലേമും ആകുന്നു.
- 5 എന്നാൽ ഒഹൊലാ എന്നെ വിട്ടു പരസംഗം ചെയ്തു;
- 6 അവൾ ധൂമ്രവസ്ത്രം ധരിച്ച ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ മനോഹരയുവാക്കളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായ സമീപസ്ഥരായ അശ്ശൂൎയ്യജാരന്മാരെ മോഹിച്ചു.
- 7 അശ്ശൂൎയ്യശ്രേഷ്ഠന്മാരായവരോടു ഒക്കെയും തന്റെ വേശ്യാവിദ്യകളെ ചെലവഴിച്ചു, താൻ മോഹിച്ചുപോന്ന ഏവരുടെയും സകലവിഗ്രഹങ്ങളെക്കൊണ്ടും തന്നെത്താൻ മലിനയാക്കി.
- 8 മിസ്രയീമിൽനിന്നു കൊണ്ടുവന്ന തന്റെ വേശ്യാവൃത്തിയും അവൾ വിട്ടില്ല; അവർ അവളുടെ യൌവനത്തിൽ അവളോടുകൂടെ ശയിച്ചു, അവളുടെ കന്യാകുചാഗ്രം ഞെക്കി തങ്ങളുടെ പരസംഗം അവളുടെമേൽ ചൊരിഞ്ഞു.
- 9 അതുകൊണ്ടു ഞാൻ അവളെ അവളുടെ ജാരന്മാരുടെ കയ്യിൽ, അവൾ മോഹിച്ചിരുന്ന അശ്ശൂൎയ്യരുടെ കയ്യിൽ തന്നേ, ഏല്പിച്ചു.
- 10 അവർ അവളുടെ നഗ്നത അനാവൃതമാക്കി, അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിക്കയും അവളെ വാൾകൊണ്ടു കൊല്ലുകയും ചെയ്തു; അവർ അവളുടെമേൽ വിധി നടത്തിയതുകൊണ്ടു അവൾ സ്ത്രീകളുടെ ഇടയിൽ ഒരു നിന്ദാപാത്രമായിത്തീൎന്നു.
- 11 എന്നാൽ അവളുടെ സഹോദരിയായ ഒഹൊലീബാ ഇതു കണ്ടിട്ടും തന്റെ കാമവികാരത്തിൽ അവളെക്കാളും തന്റെ വേശ്യാവൃത്തിയിൽ സഹോദരിയുടെ വേശ്യവൃത്തിയെക്കാളും അധികം വഷളത്വം പ്രവൎത്തിച്ചു.
- 12 മോടിയായി ഉടുത്തുചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരും ഒട്ടൊഴിയാതെ മനോഹരയുവാക്കളുമായി സമീപസ്ഥരായ അശ്ശൂൎയ്യരെ മോഹിച്ചു,
- 13 അവളും തന്നെത്താൻ മലിനയാക്കി എന്നു ഞാൻ കണ്ടു; ഇരുവരും ഒരു വഴിയിൽ തന്നേ നടന്നു.
- 14 അവൾ പിന്നെയും പരസംഗം ചെയ്തുകൊണ്ടിരുന്നു; ചായില്യംകൊണ്ടു എഴുതിയ കല്ദയരുടെ ചിത്രങ്ങളെ,
- 15 കല്ദയദേശം ജന്മഭൂമിയായുള്ള ബാബേല്ക്കാരുടെ രൂപത്തിൽ അരെക്കു കച്ചകെട്ടി തലയിൽ തലപ്പാവു ചുറ്റി കാഴ്ചെക്കു ഒട്ടൊഴിയാതെ പ്രഭുക്കന്മാരായിരിക്കുന്ന പുരുഷന്മാരുടെ ചിത്രങ്ങളെ തന്നേ ചുവരിന്മേൽ വരെച്ചിരിക്കുന്നതു അവൾ കണ്ടു.
- 16 കണ്ട ഉടനെ അവൾ അവരെ മോഹിച്ചു, കല്ദയദേശത്തിലേക്കു അവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു.
- 17 അങ്ങനെ ബാബേല്ക്കാർ പ്രേമശയനത്തിന്നായി അവളുടെ അടുക്കൽ വന്നു പരസംഗംകൊണ്ടു അവളെ മലിനയാക്കി; അവൾ അവരാൽ മലിനയായ്തീൎന്നു; പിന്നെ അവൾക്കു അവരോടു വെറുപ്പുതോന്നി.
- 18 ഇങ്ങനെ അവൾ തന്റെ പരസംഗം വെളിപ്പെടുത്തി തന്റെ നഗ്നത അനാവൃതമാക്കിയപ്പോൾ, എനിക്കു അവളുടെ സഹോദരിയോടു വെറുപ്പു തോന്നിയതുപോലെ അവളോടും വെറുപ്പു തോന്നി.
- 19 എന്നിട്ടും അവൾ മിസ്രയീംദേശത്തുവെച്ചു പരസംഗം ചെയ്ത തന്റെ യൌവനകാലം ഓൎത്തു പരസംഗം വൎദ്ധിപ്പിച്ചു.
- 20 കഴുതകളുടെ ലിംഗംപോലെ ലിംഗവും കുതിരകളുടെ ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവൾ മോഹിച്ചു.
- 21 ഇങ്ങനെ നിന്റെ യൌവനസ്തനങ്ങൾ നിമിത്തം മിസ്രയീമ്യർ നിന്റെ കുജാഗ്രങ്ങളെ ഞെക്കിയതായ നിന്റെ യൌവനത്തിലെ ദുഷ്കൎമ്മം നീ തിരിഞ്ഞുനോക്കി.
- 22 അതുകൊണ്ടു ഒഹൊലീബയേ, യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേല്ക്കാർ, കല്ദയർ ഒക്കെയും, പെക്കോദ്യർ, ശോവ്യർ,
- 23 കോവ്യർ, അശ്ശൂര്യർ ഒക്കെയും എന്നിങ്ങനെ മനോഹരയുവാക്കളും ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ പ്രഭുക്കന്മാരും വിശ്രുതന്മാരും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായി, നിനക്കു വെറുപ്പു തോന്നിയിരിക്കുന്ന നിന്റെ ജാരന്മാരെ ഞാൻ നിനക്കു വിരോധമായി ഉണൎത്തി ചുറ്റും നിന്റെ നേരെ വരുത്തും.
- 24 അവർ അനവധി രഥങ്ങളും വണ്ടികളും ഒരു ജനസമൂഹവുമായി നിന്റെ നേരെ വരും; അവർ പരിചയും പലകയും പിടിച്ചു തലക്കോരിക ഇട്ടുംകൊണ്ടു നിന്നെ വന്നു വളയും; ഞാൻ ന്യായവിധി അവൎക്കു ഭരമേല്പിക്കും; അവർ തങ്ങളുടെ ന്യായങ്ങൾക്കു അനുസാരമായി നിന്നെ ന്യായം വിധിക്കും.
- 25 ഞാൻ എന്റെ തീക്ഷ്ണത നിന്റെ നേരെ പ്രയോഗിക്കും; അവർ ക്രോധത്തോടെ നിന്നോടു പെരുമാറും; അവർ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിപ്പുള്ളവർ വാൾകൊണ്ടു വീഴും; അവർ നിന്റെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചു കൊണ്ടുപോകും; നിനക്കു ശേഷിപ്പുള്ളവർ തീക്കിരയാകും.
- 26 അവർ നിന്റെ വസ്ത്രം ഉരിഞ്ഞു ആഭരണങ്ങളെ എടുത്തുകളയും.
- 27 ഇങ്ങനെ ഞാൻ നിന്റെ ദുൎമ്മൎയ്യാദയും, മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ വേശ്യാവൃത്തിയും നിൎത്തലാക്കും; നീ ഇനി അവരെ തലപൊക്കി നോക്കുകയില്ല, മിസ്രയീമിനെ ഓൎക്കുകയുമില്ല.
- 28 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ നീ പകെക്കുന്നവരുടെ കയ്യിൽ, നിനക്കു വെറുപ്പു തോന്നുന്നവരുടെ കയ്യിൽ തന്നേ, ഏല്പിക്കും.
- 29 അവർ പകയോടെ നിന്നോടു പെരുമാറി, നിന്റെ സമ്പാദ്യം ഒക്കെയും എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്റെ ദുൎമ്മൎയ്യാദയും പരസംഗങ്ങളും വെളിപ്പെട്ടുവരും.
- 30 നീ ജാതികളോടു ചേന്നു പരസംഗം ചെയ്തതുകൊണ്ടും അവരുടെ വിഗ്രഹങ്ങളാൽ നിന്നെത്തന്നേ മലിനയാക്കിയതുകൊണ്ടും ഇതു നിനക്കു ഭവിക്കും.
- 31 നീ സഹോദരിയുടെ വഴിയിൽ നടന്നതുകൊണ്ടു ഞാൻ അവളുടെ പാനപാത്രം നിന്റെ കയ്യിൽ തരും.
- 32 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ സഹോദരിയുടെ കുഴിയും വട്ടവും ഉള്ള പാനപാത്രത്തിൽനിന്നു കുടിച്ചു നിന്ദെക്കും പരിഹാസത്തിന്നും വിഷയമായ്തീരും; അതിൽ വളരെ കൊള്ളുമല്ലോ.
- 33 സ്തംഭനവും ശൂന്യതയുമുള്ള പാനപാത്രമായി നിന്റെ സഹോദരി ശമൎയ്യരുടെ പാനപാത്രമായ ലഹരിയും ദുഃഖവുംകൊണ്ടു നീ നിറഞ്ഞിരിക്കുന്നു.
- 34 നീ അതു കുടിച്ചു വറ്റിച്ചു ഉടെച്ചു കഷണങ്ങളെ നക്കി നിന്റെ മുലകളെ കീറിക്കളയും; ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
- 35 ആകയാൽ യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്നെ മറന്നു എന്നെ നിന്റെ പിറകിൽ എറിഞ്ഞുകളകകൊണ്ടു നീ നിന്റെ ദുൎമ്മൎയ്യാദയും പരസംഗവും വഹിക്ക.
- 36 പിന്നെയും യഹോവ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, നീ ഒഹൊലയെയും ഒഹൊലീബയെയും ന്യായംവിധിക്കുമോ? എന്നാൽ അവരുടെ മ്ലേച്ഛതകളെ അവരോടു അറിയിക്ക.
- 37 അവർ വ്യഭിചാരം ചെയ്തു, അവരുടെ കയ്യിൽ രക്തം ഉണ്ടു; തങ്ങളുടെ വിഗ്രഹങ്ങളോടു അവർ വ്യഭിചാരം ചെയ്തു; അവർ എനിക്കു പ്രസവിച്ച മക്കളെ അവെക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു.
- 38 ഒന്നുകൂടെ അവർ എന്നോടു ചെയ്തിരിക്കുന്നു: അന്നാളിൽ തന്നേ അവർ എന്റെ വിശുദ്ധമന്ദിരത്തെ തീണ്ടിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി.
- 39 അവർ തങ്ങളുടെ മക്കളെ വിഗ്രഹങ്ങൾക്കു വേണ്ടി കൊന്ന ശേഷം അന്നു തന്നേ അവർ എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കേണ്ടതിന്നു അതിലേക്കു വന്നു; ഇങ്ങനെയത്രേ അവർ എന്റെ ആലയത്തിന്റെ നടുവിൽ ചെയ്തതു.
- 40 ഇതുകൂടാതെ, ദൂരത്തുനിന്നു വന്ന പുരുഷന്മാൎക്കു അവർ ആളയച്ചു; ഒരു ദൂതൻ അവരുടെ അടുക്കൽ ചെന്ന ഉടനെ അവർ വന്നു; അവൎക്കു വേണ്ടി നീ കുളിച്ചു, കണ്ണിൽ മഷി എഴുതി, ആഭരണം അണിഞ്ഞു,
- 41 ഭംഗിയുള്ളോരു കട്ടിലിന്മേൽ ഇരുന്നു, അതിന്റെ മുമ്പിൽ ഒരു മേശ ഒരുക്കി, അതിന്മേൽ എന്റെ കുന്തുരുക്കവും എണ്ണയും വെച്ചു.
- 42 നിൎഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്റെ ഘോഷം അവളോടുകൂടെ ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കൽ അവർ ആളയച്ചു, മരുഭൂമിയിൽനിന്നു കുടിയന്മാരെ കൊണ്ടുവന്നു; അവർ അവരുടെ കൈക്കു വളയിടുകയും തലയിൽ ഭംഗിയുള്ള കിരീടങ്ങൾ വെക്കയും ചെയ്തു.
- 43 അപ്പോൾ ഞാൻ: കിഴവിയായവൾ വ്യഭിചാരം ചെയ്യും; ഇപ്പോൾ അവർ അവളോടും അവൾ അവരോടും പരസംഗം ചെയ്യും എന്നു പറഞ്ഞു.
- 44 അങ്ങനെ വേശ്യയുടെ അടുക്കൽ ചെല്ലുന്നതുപോലെ അവർ അവളുടെ അടുക്കൽ ചെന്നു; അതെ അവർ കാമുകികളായ ഒഹൊലയുടെ അടുക്കലും ഒഹൊലീബയുടെ അടുക്കലും ചെന്നു.
- 45 എന്നാൽ നീതിമാന്മാരായ പുരുഷന്മാർ വ്യഭിചാരിണികൾക്കു തക്ക ന്യായപ്രകാരവും രക്തപാതകികൾക്കു തക്ക ന്യായപ്രകാരവും അവരെ ന്യായം വിധിക്കും; അവർ വ്യഭിചാരിണികളല്ലോ; അവരുടെ കയ്യിൽ രക്തവും ഉണ്ടു.
- 46 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരുടെ നേരെ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിന്നും കവൎച്ചെക്കും ഏല്പിക്കും.
- 47 ആ സഭ അവരെ കല്ലെറിഞ്ഞു വാൾകൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവർ കൊന്നു അവരുടെ വീടുകളെ തീവെച്ചു ചുട്ടുകളയും.
- 48 ഇങ്ങനെ നിങ്ങളുടെ ദുൎമ്മൎയ്യാദപോലെ ചെയ്യാതിരിപ്പാൻ സകലസ്ത്രീകളും ഒരു പാഠം പഠിക്കേണ്ടതിന്നു ഞാൻ ദുൎമ്മൎയ്യാദ ദേശത്തുനിന്നു നീക്കിക്കളയും.
- 49 അങ്ങനെ അവർ നിങ്ങളുടെ ദുൎമ്മൎയ്യാദെക്കു തക്കവണ്ണം നിങ്ങൾക്കു പകരം ചെയ്യും; നിങ്ങൾ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാൻ യഹോവയായ കൎത്താവു എന്നു നിങ്ങൾ അറിയും.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗