신명기 3장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 신명기 (Deuteronomy) · 29절
- 1 അനന്തരം നാം തിരിഞ്ഞു ബാശാനിലേക്കുള്ള വഴിയായി പോയി; അപ്പോൾ ബാശാൻരാജാവായ ഓഗും അവന്റെ സൎവ്വജനവും നമ്മുടെ നേരെ പുറപ്പെട്ടു എദ്രെയിൽവെച്ചു പടയേറ്റു.
- 2 എന്നാറെ യഹോവ എന്നോടു: അവനെ ഭയപ്പെടരുതു; ഞാൻ അവനെയും അവന്റെ സൎവ്വജനത്തെയും ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു: ഹെശ്ബോനിൽ പാൎത്തിരുന്ന അമോൎയ്യരാജാവായ സീഹോനോടു ചെയ്തതുപോലെ നീ അവനോടും ചെയ്യും എന്നു കല്പിച്ചു.
- 3 അങ്ങനെ നമ്മുടെ ദൈവമായ യഹോവ ബാശാൻരാജാവായ ഓഗിനെയും അവന്റെ സകലജനത്തെയും നമ്മുടെ കയ്യിൽ ഏല്പിച്ചു; അവന്നു ആരും ശേഷിക്കാതവണ്ണം നാം അവനെ സംഹരിച്ചുകളഞ്ഞു.
- 4 അക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു; നാം അവരുടെ പക്കൽനിന്നു പിടിക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല; ബാശാനിലെ ഓഗിന്റെ രാജ്യമായ അറുപതു പട്ടണങ്ങളുള്ള അൎഗ്ഗോബ്ദേശം ഒക്കെയും
- 5 നാട്ടുപുറങ്ങളിലെ അനവധി ഊരുകളും പിടിച്ചു; ആ പട്ടണങ്ങൾ എല്ലാം ഉയൎന്ന മതിലുകളും വാതിലുകളും ഓടാമ്പലുകളുംകൊണ്ടു ഉറപ്പിച്ചിരുന്നു.
- 6 ഹെശ്ബോൻ രാജാവായ സീഹോനോടും ചെയ്തതുപോലെ നാം അവയെ നിൎമ്മൂലമാക്കി; പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിൎമ്മൂലമാക്കി.
- 7 എന്നാൽ നാൽക്കാലികളെ ഒക്കെയും പട്ടണങ്ങളിലെ അപഹൃതവും നാം കൊള്ളയിട്ടു എടുത്തു.
- 8 ഇങ്ങനെ അക്കാലത്തു അമോൎയ്യരുടെ രണ്ടു രാജാക്കന്മാരുടെയും കയ്യിൽനിന്നു യോൎദ്ദാന്നക്കരെ അൎന്നോൻതാഴ്വരതുടങ്ങി ഹെൎമ്മോൻപൎവ്വതംവരെയുള്ള ദേശവും -
- 9 സീദോന്യർ ഹെൎമ്മോന്നു സീൎയ്യോൻ എന്നും അമോൎയ്യരോ അതിന്നു സെനീർ എന്നു പേർ പറയുന്നു -
- 10 സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓഗിന്റെ രാജ്യത്തുൾപ്പെട്ട സൽക്കാ, എദ്രെയി എന്നീ പട്ടണങ്ങൾവരെയുള്ള ബാശാൻ മുഴുവനും നാം പിടിച്ചു. -
- 11 ബാശാൻരാജാവായ ഓഗ് മാത്രമേ മല്ലന്മാരിൽ ശേഷിച്ചിരുന്നുള്ളു; ഇരിമ്പുകൊണ്ടുള്ള അവന്റെ മഞ്ചം അമ്മോന്യനഗരമായ രബ്ബയിൽ ഉണ്ടല്ലോ? അതിന്നു പുരുഷന്റെ കൈക്കു ഒമ്പതു മുഴം നീളവും നാലു മുഴം വീതിയും ഉണ്ടു. -
- 12 ഈ ദേശം നാം അക്കാലത്തു കൈവശമാക്കി. അൎന്നോൻ താഴ്വരയരികെയുള്ള അരോവേർമുതൽ ഗിലെയാദ് മലനാട്ടിന്റെ പാതിയും അവിടെയുള്ള പട്ടണങ്ങളും ഞാൻ രൂബേന്യൎക്കും ഗാദ്യൎക്കും കൊടുത്തു.
- 13 ശേഷം ഗിലെയാദും ഓഗിന്റെ രാജ്യമായ ബാശാൻ മുഴുവനും അൎഗ്ഗോബ്ദേശം മുഴുവനും ഞാൻ മനശ്ശെയുടെ പാതിഗോത്രത്തിന്നു കൊടുത്തു. - ബാശാന്നു മുഴുവന്നും മല്ലന്മാരുടെ ദേശം എന്നു പേർ പറയുന്നു.
- 14 മനശ്ശെയുടെ മകനായ യായീർ ഗെശൂൎയ്യരുടെയും മാഖാത്യരുടെയും അതിർവരെ അൎഗ്ഗോബ്ദേശം മുഴുവനും പിടിച്ചു തന്റെ പേരിൻ പ്രകാരം ബാശാന്നു ഹവോത്ത് - യായീർ എന്നു പേർ ഇട്ടു; ഇന്നുവരെ ആ പേർ തന്നേ പറഞ്ഞുവരുന്നു. -
- 15 മാഖീരിന്നു ഞാൻ ഗിലെയാദ്ദേശം കൊടുത്തു.
- 16 രൂബേന്യൎക്കും ഗാദ്യൎക്കും ഗിലെയാദ് മുതൽ അൎന്നോൻതാഴ്വരയുടെ മദ്ധ്യപ്രദേശവും അതിരും അമ്മോന്യരുടെ അതിരായ യബ്ബോക്ക്തോടുവരെയും
- 17 കിന്നേറെത്ത് തുടങ്ങി കിഴക്കോട്ടു പിസ്ഗയുടെ ചരിവിന്നു താഴെ ഉപ്പുകടലായ അരാബയിലെ കടൽവരെ അരാബയും യോൎദ്ദാൻപ്രദേശവും ഞാൻ കൊടുത്തു.
- 18 അക്കാലത്തു ഞാൻ നിങ്ങളോടു ആജ്ഞാപിച്ചതു: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു ഈ ദേശത്തെ അവകാശമായി തന്നിരിക്കുന്നു; നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായ എല്ലാവരും യിസ്രായേല്യരായ നിങ്ങളുടെ സഹോദരന്മാൎക്കു മുമ്പായി യുദ്ധസന്നദ്ധരായി കടന്നുപോകേണം
- 19 നിങ്ങളുടെ ഭാൎയ്യമാരും മക്കളും നിങ്ങളുടെ ആടുമാടുകളും ഞാൻ നിങ്ങൾക്കു തന്നിട്ടുള്ള പട്ടണങ്ങളിൽ പാൎക്കട്ടെ; ആടുമാടുകൾ നിങ്ങൾക്കു വളരെ ഉണ്ടു എന്നു എനിക്കു അറിയാം.
- 20 യഹോവ നിങ്ങളെപ്പോലെ നിങ്ങളുടെ സഹോദരന്മാൎക്കും സ്വസ്ഥത നല്കുകയും യോൎദ്ദാന്നക്കരെ നിങ്ങളുടെ ദൈവമായ യഹോവ അവൎക്കു കൊടുക്കുന്ന ദേശത്തെ അവർ കൈവശമാക്കുകയും ചെയ്യുവോളം തന്നേ. പിന്നെ നിങ്ങൾ ഓരോരുത്തൻ ഞാൻ നിങ്ങൾക്കു തന്നിട്ടുള്ള അവകാശത്തിന്നു മടങ്ങിപ്പോരേണം.
- 21 അക്കാലത്തു ഞാൻ യോശുവയോടു ആജ്ഞാപിച്ചതു: നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതൊക്കെയും നീ കണ്ണാലെ കണ്ടുവല്ലോ; നീ കടന്നുചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെ തന്നേ ചെയ്യും.
- 22 നിങ്ങൾ അവരെ ഭയപ്പെടരുതു; നിങ്ങളുടെ ദൈവമായ യഹോവയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യുന്നതു.
- 23 അക്കാലത്തു ഞാൻ യഹോവയോടു അപേക്ഷിച്ചു:
- 24 കൎത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവീൎയ്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീൎയ്യപ്രവൃത്തികൾപോലെയും ചെയ്വാൻ കഴിയുന്ന ദൈവം സ്വൎഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?
- 25 ഞാൻ കടന്നുചെന്നു യോൎദ്ദാന്നക്കരെയുള്ള നല്ല ദേശവും മനോഹരമായ പൎവ്വതവും ലെബാനോനും ഒന്നു കണ്ടുകൊള്ളട്ടെ എന്നു പറഞ്ഞു.
- 26 എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചിരുന്നു; എന്റെ അപേക്ഷ കേട്ടതുമില്ല. യഹോവ എന്നോടു: മതി; ഈ കാൎയ്യത്തെക്കുറിച്ചു ഇനി എന്നോടു സംസാരിക്കരുതു;
- 27 പിസ്ഗയുടെ മുകളിൽ കയറി തല പൊക്കി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാൺക;
- 28 ഈ യോൎദ്ദാൻ നീ കടക്കയില്ല; യോശുവയോടു കല്പിച്ചു അവനെ ധൈൎയ്യപ്പെടുത്തി ഉറപ്പിക്ക; അവൻ നായകനായി ഈ ജനത്തെ അക്കരെ കടത്തും; നീ കാണുന്ന ദേശം അവൻ അവൎക്കു അവകാശമായി പങ്കിട്ടു കൊടുക്കും എന്നു അരുളിച്ചെയ്തു.
- 29 അങ്ങനെ നാം ബേത്ത്--പെയോരിന്നെതിരെ താഴ്വരയിൽ പാൎത്തു.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗