시편 88편 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 시편 (Psalms) · 18절
- 1 എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു;
- 2 എന്റെ പ്രാൎത്ഥന നിന്റെ മുമ്പിൽ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കേണമേ.
- 3 എന്റെ പ്രാണൻ കഷ്ടതകൊണ്ടു നിറെഞ്ഞിരിക്കുന്നു; എന്റെ ജീവൻ പാതാളത്തോടു സമീപിക്കുന്നു.
- 4 കുഴിയിൽ ഇറങ്ങുന്നവരുടെ കൂട്ടത്തിൽ എന്നെ എണ്ണിയിരിക്കുന്നു; ഞാൻ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു.
- 5 ശവക്കുഴിയിൽ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തിൽ ഉപേക്ഷിച്ചിരിക്കുന്നു; അവരെ നീ പിന്നെ ഓൎക്കുന്നില്ല; അവർ നിന്റെ കയ്യിൽനിന്നു അറ്റുപോയിരിക്കുന്നു.
- 6 നീ എന്നെ ഏറ്റവും താണകുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.
- 7 നിന്റെ ക്രോധം എന്റെമേൽ ഭാരമായിരിക്കുന്നു; നിന്റെ എല്ലാതിരകളുംകൊണ്ടു നീ എന്നെ വലെച്ചിരിക്കുന്നു.സേലാ.
- 8 എന്റെ പരിചയക്കാരെ നീ എന്നോടു അകറ്റി, എന്നെ അവൎക്കു വെറുപ്പാക്കിയിരിക്കുന്നു; പുറത്തിറങ്ങുവാൻ കഴിയാതവണ്ണം എന്നെ അടെച്ചിരിക്കുന്നു.
- 9 എന്റെ കണ്ണു കഷ്ടതഹേതുവായി ക്ഷയിച്ചുപോകുന്നു; യഹോവേ, ഞാൻ ദിവസംപ്രതിയും നിന്നെ വിളിച്ചപേക്ഷിക്കയും എന്റെ കൈകളെ നിങ്കലേക്കു മലൎത്തുകയും ചെയ്യുന്നു.
- 10 നീ മരിച്ചവൎക്കു അത്ഭുതങ്ങൾ കാണിച്ചുകൊടുക്കുമോ? മൃതന്മാർ എഴുന്നേറ്റു നിന്നെ സ്തുതിക്കുമോ?സേലാ.
- 11 ശവക്കുഴിയിൽ നിന്റെ ദയയെയും വിനാശത്തിൽ നിന്റെ വിശ്വസ്തതയെയും വൎണ്ണിക്കുമോ?
- 12 അന്ധകാരത്തിൽ നിന്റെ അത്ഭുതങ്ങളും വിസ്മൃതിയുള്ള ദേശത്തു നിന്റെ നീതിയും വെളിപ്പെടുമോ?
- 13 എന്നാൽ യഹോവേ, ഞാൻ നിന്നോടു നിലവിളിക്കുന്നു; രാവിലെ എന്റെ പ്രാൎത്ഥന തിരുസന്നിധിയിൽ വരുന്നു.
- 14 യഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്നു? നിന്റെ മുഖത്തെ എനിക്കു മറെച്ചുവെക്കുന്നതും എന്തിന്നു?
- 15 ബാല്യംമുതൽ ഞാൻ അരിഷ്ടനും മരിപ്പാറായവനും ആകുന്നു; ഞാൻ നിന്റെ ഘോരത്വങ്ങളെ സഹിച്ചു വലഞ്ഞിരിക്കുന്നു.
- 16 നിന്റെ ഉഗ്രകോപം എന്റെ മീതെ കവിഞ്ഞിരിക്കുന്നു; നിന്റെ ഘോരത്വങ്ങൾ എന്നെ സംഹരിച്ചിരിക്കുന്നു.
- 17 അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു; അവ ഒരുപോലെ എന്നെ വളയുന്നു.
- 18 സ്നേഹിതനെയും കൂട്ടാളിയെയും നീ എന്നോടകറ്റിയിരിക്കുന്നു; എന്റെ പരിചയക്കാർ അന്ധകാരമത്രേ.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗