로그인

시편 72편 Sathyavedapusthakam (Malayalam Bible) published in 1910

Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 시편 (Psalms) · 20절

  1. 1 ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതിയും നല്കേണമേ.
  2. 2 അവൻ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ.
  3. 3 നീതിയാൽ പൎവ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ.
  4. 4 ജനത്തിൽ എളിയവൎക്കു അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകൎത്തുകളകയും ചെയ്യട്ടെ;
  5. 5 സൂൎയ്യചന്ദ്രന്മാരുള്ള കാലത്തോളവും അവർ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ.
  6. 6 അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനെക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ.
  7. 7 അവന്റെ കാലത്തു നീതിമാന്മാർ തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.
  8. 8 അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ.
  9. 9 മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ; അവന്റെ ശത്രുക്കൾ പൊടിമണ്ണു നക്കട്ടെ.
  10. 10 തൎശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ.
  11. 11 സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജാതികളും അവനെ സേവിക്കട്ടെ.
  12. 12 അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ.
  13. 13 എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.
  14. 14 അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.
  15. 15 അവൻ ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാൎത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.
  16. 16 ദേശത്തു പൎവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴെക്കും.
  17. 17 അവന്റെ നാമം എന്നേക്കും ഇരിക്കും; അവന്റെ നാമം സൂൎയ്യൻ ഉള്ളേടത്തോളം നിലനില്ക്കും; മനുഷ്യർ അവന്റെ പേർ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകലജാതികളും അവനെ ഭാഗ്യവാൻ എന്നു പറയും.
  18. 18 താൻ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
  19. 19 അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേൻ, ആമേൻ.
  20. 20 യിശ്ശായിപുത്രനായ ദാവീദിന്റെ പ്രാൎത്ഥനകൾ അവസാനിച്ചിരിക്കുന്നു.

Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗