로그인

시편 59편 Sathyavedapusthakam (Malayalam Bible) published in 1910

Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 시편 (Psalms) · 17절

  1. 1 എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നോടു എതിൎക്കുന്നവരുടെ വശത്തുനിന്നു എന്നെ ഉദ്ധരിക്കേണമേ.
  2. 2 നീതികേടു പ്രവൎത്തിക്കുന്നവരുടെ കയ്യിൽ നിന്നു എന്നെ വിടുവിച്ചു രക്തപാതകന്മാരുടെ പക്കൽനിന്നു എന്നെ രക്ഷിക്കേണമേ.
  3. 3 ഇതാ, അവർ എന്റെ പ്രാണന്നായി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാർ എന്റെ നേരെ കൂട്ടം കൂടുന്നതു എന്റെ അതിക്രമം ഹേതുവായിട്ടല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല.
  4. 4 എന്റെ പക്കൽ അകൃത്യം ഇല്ലാതെ അവർ ഓടി ഒരുങ്ങുന്നു; എന്നെ സഹായിപ്പാൻ ഉണൎന്നു കടാക്ഷിക്കേണമേ.
  5. 5 സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, സകലജാതികളെയും സന്ദൎശിക്കേണ്ടതിന്നു നീ ഉണരേണമേ; നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ ഉണ്ടാകരുതേ.സേലാ.
  6. 6 സന്ധ്യാസമയത്തു അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ടു അവർ പട്ടണത്തിന്നു ചുറ്റും നടക്കുന്നു.
  7. 7 അവർ തങ്ങളുടെ വായ്കൊണ്ടു ശകാരിക്കുന്നു; വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ടു; ആർ കേൾക്കും എന്നു അവർ പറയുന്നു.
  8. 8 എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും.
  9. 9 എന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു.
  10. 10 എന്റെ ദൈവം തന്റെ ദയയാൽ എന്നെ എതിരേല്ക്കും; ദൈവം എന്നെ എന്റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും.
  11. 11 അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിന്നു തന്നേ; ഞങ്ങളുടെ പരിചയാകുന്ന കൎത്താവേ, നിന്റെ ശക്തികൊണ്ടു അവരെ ഉഴലുമാറാക്കി താഴ്ത്തേണമേ.
  12. 12 അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളുംനിമിത്തവും അവർ പറയുന്ന ശാപവും ഭോഷ്കുംനിമിത്തവും അവർ തങ്ങളുടെ അഹങ്കാരത്തിൽ പിടിപ്പെട്ടുപോകട്ടെ.
  13. 13 കോപത്തോടെ അവരെ സംഹരിക്കേണമേ; അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ; ദൈവം യാക്കോബിൽ വാഴുന്നു എന്നു ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ.സേലാ.
  14. 14 സന്ധ്യാസമയത്തു അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരെച്ചുംകൊണ്ടു അവർ നഗരത്തിന്നു ചുറ്റും നടക്കുന്നു.
  15. 15 അവർ ആഹാരത്തിന്നായി ഉഴന്നുനടക്കുന്നു; തൃപ്തിയായില്ലെങ്കിൽ അവർ രാത്രിമുഴുവനും താമസിക്കുന്നു.
  16. 16 ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാൻ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.
  17. 17 എന്റെ ബലമായുള്ളോവേ, ഞാൻ നിനക്കു സ്തുതിപാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ.

Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗