로그인

시편 147편 Sathyavedapusthakam (Malayalam Bible) published in 1910

Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 시편 (Psalms) · 20절

  1. 1 യഹോവയെ സ്തുതിപ്പിൻ; നമ്മുടെ ദൈവത്തിന്നു കീൎത്തനം പാടുന്നതു നല്ലതു; അതു മനോഹരവും സ്തുതി ഉചിതവും തന്നേ.
  2. 2 യഹോവ യെരൂശലേമിനെ പണിയുന്നു; അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേൎക്കുന്നു.
  3. 3 മനംതകൎന്നവരെ അവൻ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.
  4. 4 അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു.
  5. 5 നമ്മുടെ കൎത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു; അവന്റെ വിവേകത്തിന്നു അന്തമില്ല.
  6. 6 യഹോവ താഴ്മയുള്ളവനെ ഉയൎത്തുന്നു; അവൻ ദുഷ്ടന്മാരെ നിലത്തോളം താഴ്ത്തുന്നു.
  7. 7 സ്തോത്രത്തോടെ യഹോവെക്കു പാടുവിൻ; കിന്നരത്തോടെ നമ്മുടെ ദൈവത്തിന്നു കീൎത്തനം ചെയ്‌വിൻ;
  8. 8 അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; ഭൂമിക്കായി മഴ ഒരുക്കുന്നു; അവൻ പൎവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു.
  9. 9 അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു.
  10. 10 അശ്വബലത്തിൽ അവന്നു ഇഷ്ടം തോന്നുന്നില്ല; പുരുഷന്റെ ഊരുക്കളിൽ പ്രസാദിക്കുന്നതുമില്ല.
  11. 11 തന്നേ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വെക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.
  12. 12 യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്ക;
  13. 13 അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകളെ ഉറപ്പിച്ചു നിന്റെ അകത്തു നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.
  14. 14 അവൻ നിന്റെ ദേശത്തു സമാധാനം വരുത്തുന്നു; വിശേഷമായ കോതമ്പുകൊണ്ടു നിനക്കു തൃപ്തിവരുത്തുന്നു.
  15. 15 അവൻ തന്റെ ആജ്ഞ ഭൂമിയിലേക്കു അയക്കുന്നു; അവന്റെ വചനം അതിവേഗം ഓടുന്നു.
  16. 16 അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു.
  17. 17 അവൻ നീൎക്കട്ട കഷണംകഷണമായി എറിയുന്നു; അവന്റെ കുളിർ സഹിച്ചു നില്ക്കുന്നവനാർ?
  18. 18 അവൻ തന്റെ വചനം അയച്ചു അവയെ ഉരുക്കുന്നു; കാറ്റു അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു.
  19. 19 അവൻ യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.
  20. 20 അങ്ങനെ യാതൊരു ജാതിക്കും അവൻ ചെയ്തിട്ടില്ല; അവന്റെ വിധികളെ അവർ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിപ്പിൻ.

Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗