사사기 3장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 사사기 (Judges) · 31절
- 1 കനാനിലെ യുദ്ധങ്ങളൊന്നും അറിഞ്ഞിട്ടില്ലാത്ത യിസ്രായേലിനെ ഒക്കെയും പരീക്ഷിക്കേണ്ടതിന്നും
- 2 യുദ്ധം അറിഞ്ഞിട്ടില്ലാത്ത യിസ്രായേൽമക്കളുടെ തലമുറകളെ യുദ്ധം അഭ്യസിപ്പിക്കേണ്ടതിന്നുമായി യഹോവ വെച്ചിരുന്ന ജാതികളാവിതു:
- 3 ഫെലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാരും എല്ലാ കനാന്യരും സീദോന്യരും ബാൽ ഹെൎമ്മോൻ പൎവ്വതംമുതൽ ഹമാത്തിലേക്കുള്ള പ്രവേശനംവരെ ലെബാനോൻ പൎവ്വതത്തിൽ പാൎത്തിരുന്ന ഹിവ്യരും തന്നേ.
- 4 മോശെമുഖാന്തരം യഹോവ അവരുടെ പിതാക്കന്മാരോടു കല്പിച്ച കല്പനകൾ അനുസരിക്കുമോ എന്നു അവരെക്കൊണ്ടു യിസ്രായേലിനെ പരീക്ഷിച്ചറിവാൻ ആയിരുന്നു ഇവരെ വെച്ചിരുന്നതു.
- 5 കനാന്യർ, ഹിത്യർ, അമോൎയ്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ഇടയിൽ യിസ്രായേൽമക്കൾ പാൎത്തു.
- 6 അവരുടെ പുത്രിമാരെ തങ്ങൾക്കു ഭാൎയ്യമാരായിട്ടു എടുക്കയും തങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാൎക്കു കൊടുക്കയും അവരുടെ ദേവന്മാരെ സേവിക്കയും ചെയ്തു.
- 7 ഇങ്ങനെ യിസ്രായേൽമക്കൾ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ബാൽവിഗ്രഹങ്ങളെയും അശേരപ്രതിഷ്ഠകളെയും സേവിച്ചു.
- 8 അതുകൊണ്ടു യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവൻ അവരെ മെസോപൊത്താമ്യയിലെ ഒരു രാജാവായ കൂശൻരിശാഥയീമിന്നു വിറ്റുകളഞ്ഞു; യിസ്രായേൽമക്കൾ കൂശൻരിശാഥയീമിനെ എട്ടു സംവത്സരം സേവിച്ചു.
- 9 എന്നാൽ യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേലിനെ യിസ്രായേൽമക്കൾക്കു രക്ഷകനായി എഴുന്നേല്പിച്ചു; അവൻ അവരെ രക്ഷിച്ചു.
- 10 അവന്റെ മേൽ യഹോവയുടെ ആത്മാവു വന്നു; അവൻ യിസ്രായേലിന്നു ന്യായാധിപനായി യുദ്ധത്തിന്നു പുറപ്പെട്ടാറെ യഹോവ മെസോപൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിനെ അവന്റെ കയ്യിൽ ഏല്പിച്ചു; അവൻ കൂശൻരിശാഥയീമിനെ ജയിച്ചു.
- 11 ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
- 12 കെനസിന്റെ മകനായ ഒത്നീയേൽ മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; അവർ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്കകൊണ്ടു യഹോവ മോവാബ്രാജാവായ എഗ്ലോനെ യിസ്രായേലിന്നു വിരോധമായി ബലപ്പെടുത്തി.
- 13 അവൻ അമ്മോന്യരെയും അമാലേക്യരെയും കൂട്ടിക്കൊണ്ടുവന്നു യിസ്രായേലിനെ തോല്പിച്ചു, അവർ ഈന്തപട്ടണവും കൈവശമാക്കി.
- 14 അങ്ങനെ യിസ്രായേൽ മക്കൾ മോവാബ്രാജാവായ എഗ്ലോനെ പതിനെട്ടു സംവത്സരം സേവിച്ചു.
- 15 യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ അവൎക്കു ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേൽമക്കൾ മോവാബ്രാജാവായ എഗ്ലോന്നു കാഴ്ച കൊടുത്തയച്ചു.
- 16 എന്നാൽ ഏഹൂദ്, ഇരുവായ്ത്തലയും ഒരു മുഴം നീളവും ഉള്ള ഒരു ചുരിക ഉണ്ടാക്കി; അതു വസ്ത്രത്തിന്റെ ഉള്ളിൽ വലത്തെ തുടെക്കു കെട്ടി.
- 17 അവൻ മോവാബ്രാജാവായ എഗ്ലോന്റെ അടുക്കൽ കാഴ്ച കൊണ്ടു ചെന്നു; എഗ്ലോൻ ഏറ്റവും സ്ഥൂലിച്ചവൻ ആയിരുന്നു.
- 18 കാഴ്ചവെച്ചു കഴിഞ്ഞശേഷം കാഴ്ച ചുമന്നുകൊണ്ടു വന്നവരെ അവൻ അയച്ചുകളഞ്ഞു.
- 19 എന്നാൽ അവൻ ഗില്ഗാലിന്നരികെയുള്ള വിഗ്രഹങ്ങളുടെ അടുക്കൽനിന്നു മടങ്ങിച്ചെന്നു: രാജാവേ, എനിക്കു ഒരു സ്വകാൎയ്യം ഉണ്ടു എന്നു പറഞ്ഞു. ക്ഷമിക്ക എന്നു അവൻ പറഞ്ഞു; ഉടനെ അടുക്കൽ നിന്നിരുന്ന എല്ലാവരും അവനെ വിട്ടു പുറത്തുപോയി.
- 20 ഏഹൂദ് അടുത്തുചെന്നു. എന്നാൽ അവൻ തന്റെ ഗ്രീഷ്മഗൃഹത്തിൽ തനിച്ചു ഇരിക്കയായിരുന്നു. എനിക്കു ദൈവത്തിന്റെ അരുളപ്പാടു അറിയിപ്പാൻ ഉണ്ടു എന്നു ഏഹൂദ് പറഞ്ഞു; ഉടനെ അവൻ ആസനത്തിൽനിന്നു എഴുന്നേറ്റു.
- 21 എന്നാറെ ഏഹൂദ് ഇടങ്കൈ നീട്ടി വലത്തെ തുടയിൽ നിന്നു ചുരിക ഊരി അവന്റെ വയറ്റിൽ കുത്തിക്കടത്തി.
- 22 അലകോടുകൂടെ പിടിയും അകത്തു ചെന്നു; അവന്റെ വയറ്റിൽനിന്നു ചുരിക അവൻ വലിച്ചെടുക്കായ്കയാൽ മേദസ്സു അലകിന്മേൽ പൊതിഞ്ഞടെഞ്ഞു, അതു പൃഷ്ഠഭാഗത്തു പുറപ്പെട്ടു.
- 23 പിന്നെ ഏഹൂദ് പൂമുഖത്തു ഇറങ്ങി പുറകെ മാളികയുടെ വാതിൽ അടെച്ചുപൂട്ടി.
- 24 അവൻ പുറത്തു ഇറങ്ങിപ്പോയശേഷം എഗ്ലോന്റെ ഭൃത്യന്മാർ വന്നു; അവർ നോക്കി മാളികയുടെ വാതിൽ പൂട്ടിയിരിക്കുന്നതു കണ്ടപ്പോൾ: അവൻ ഗ്രീഷ്മഗൃഹത്തിൽ വിസൎജ്ജനത്തിന്നു ഇരിക്കയായിരിക്കും എന്നു അവർ പറഞ്ഞു.
- 25 അവർ കാത്തിരുന്നു വിഷമിച്ചു; അവൻ മുറിയുടെ വാതിൽ തുറക്കായ്കകൊണ്ടു അവർ താക്കോൽ എടുത്തു തുറന്നു;
- 26 തമ്പുരാൻ നിലത്തു മരിച്ചുകിടക്കുന്നതു കണ്ടു. എന്നാൽ അവർ കാത്തിരുന്നതിന്നിടയിൽ ഏഹൂദ് ഓടിപ്പോയി വിഗ്രഹങ്ങളെ കടന്നു സെയീരയിൽ ചെന്നുചേൎന്നു.
- 27 അവിടെ എത്തിയശേഷം അവൻ എഫ്രയീംപൎവ്വതത്തിൽ കാഹളം ഊതി; യിസ്രായേൽമക്കൾ അവനോടുകൂടെ പൎവ്വതത്തിൽനിന്നു ഇറങ്ങി അവൻ അവൎക്കു നായകനായി.
- 28 അവൻ അവരോടു: എന്റെ പിന്നാലെ വരുവിൻ; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു; അവർ അവന്റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിന്നു നേരെയുള്ള യോൎദ്ദാന്റെ കടവുകൾ പിടിച്ചു; ആരെയും കടപ്പാൻ സമ്മതിച്ചതുമില്ല.
- 29 അവർ ആ സമയം മോവാബ്യരിൽ ഏകദേശം പതിനായിരം പേരെ വെട്ടിക്കളഞ്ഞു; അവർ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു;
- 30 ഒരുത്തനും ചാടിപ്പോയില്ല. അങ്ങനെ ആ കാലത്തു മോവാബ് യിസ്രായേലിന്നു കീഴടങ്ങി; ദേശത്തിന്നു എണ്പതു സംവത്സരം സ്വസ്ഥതയുണ്ടാകയും ചെയ്തു.
- 31 അവന്റെ ശേഷം അനാത്തിന്റെ മകനായ ശംഗർ എഴുന്നേറ്റു; അവൻ ഒരു മുടിങ്കോൽകൊണ്ടു ഫെലിസ്ത്യരിൽ അറുനൂറുപേരെ കൊന്നു; അവനും യിസ്രായേലിനെ രക്ഷിച്ചു.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗