사무엘상 11장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 사무엘상 (1 Samuel) · 15절
- 1 അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്നു ഗിലെയാദിലെ യാബേശിന്നു നേരെ പാളയം ഇറങ്ങി; യാബേശ് നിവാസികൾ ഒക്കെയും നാഹാശിനോടു: ഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
- 2 അമ്മോന്യനായ നാഹാശ് അവരോടു: നിങ്ങളുടെ വലങ്കണ്ണൊക്കെയും ചുഴന്നെടുക്കയും എല്ലായിസ്രായേലിന്മേലും ഈ നിന്ദ വരുത്തുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേൽ ഞാൻ നിങ്ങളോടു ഉടമ്പടി ചെയ്യാം എന്നു പറഞ്ഞു.
- 3 യാബേശിലെ മൂപ്പന്മാർ അവനോടു: ഞങ്ങൾ യിസ്രായേൽദേശത്തെല്ലാടവും ദൂതന്മാരെ അയപ്പാൻതക്കവണ്ണം ഞങ്ങൾക്കു ഏഴു ദിവസത്തെ ഇട തരേണം; ഞങ്ങളെ രക്ഷിപ്പാൻ ആരുമില്ലെങ്കിൽ ഞങ്ങൾ നിന്റെ അടുക്കൽ ഇറങ്ങിവരാം എന്നു പറഞ്ഞു.
- 4 ദൂതന്മാർ ശൌലിന്റെ ഗിബെയയിൽ ചെന്നു ആ വൎത്തമാനം ജനത്തെ പറഞ്ഞു കേൾപ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു.
- 5 അപ്പോൾ ഇതാ, ശൌൽ കന്നുകാലികളെയും കൊണ്ടു വയലിൽനിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്തു എന്നു ശൌൽ ചോദിച്ചു. അവർ യാബേശ്യരുടെ വൎത്തമാനം അവനെ അറിയിച്ചു.
- 6 ശൌൽ വൎത്തമാനം കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവു അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു.
- 7 അവൻ ഒരേർ കാളയെ പിടിച്ചു കഷണംകഷണമായി ഖണ്ഡിച്ചു ദൂതന്മാരുടെ കയ്യിൽ യിസ്രായേൽദേശത്തെല്ലാടവും കൊടുത്തയച്ചു: ആരെങ്കിലും ശൌലിന്റെയും ശമൂവേലിന്റെയും പിന്നാലെ പുറപ്പെട്ടുവരാതിരുന്നാൽ അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോൾ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവർ ഏകമനസ്സോടെ പുറപ്പെട്ടു.
- 8 അവൻ ബേസെക്കിൽവെച്ചു അവരെ എണ്ണി; യിസ്രായേല്യർ മൂന്നു ലക്ഷവും യെഹൂദ്യർ മുപ്പതിനായിരവും ഉണ്ടായിരുന്നു.
- 9 വന്ന ദൂതന്മാരോടു അവർ: നിങ്ങൾ ഗിലെയാദിലെ യാബേശ്യരോടു: നാളെ വെയിൽ മൂക്കുമ്പോഴേക്കു നിങ്ങൾക്കു രക്ഷ ഉണ്ടാകും എന്നു പറവിൻ എന്നു പറഞ്ഞു. ദൂതന്മാർ ചെന്നു യാബേശ്യരോടു അറിയിച്ചപ്പോൾ അവർ സന്തോഷിച്ചു.
- 10 പിന്നെ യാബേശ്യർ: നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങൾക്കു ബോധിച്ചതൊക്കെയും ഞങ്ങളോടു ചെയ്തുകൊൾവിൻ എന്നു പറഞ്ഞയച്ചു.
- 11 പിറ്റെന്നാൾ ശൌൽ ജനത്തെ മൂന്നു കൂട്ടമായി വിഭാഗിച്ചു; അവർ പ്രഭാതയാമത്തിൽ പാളയത്തിന്റെ നടുവിലേക്കു ചെന്നു വെയിൽ മൂക്കുംവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവരോ രണ്ടു പേർ ഒന്നിച്ചിരിക്കാതവണ്ണം ചിതറിപ്പോയി.
- 12 അനന്തരം ജനം ശമൂവേലിനോടു: ശൌൽ ഞങ്ങൾക്കു രാജാവായിരിക്കുമോ എന്നു പറഞ്ഞതു ആർ? അവരെ ഏല്പിച്ചുതരേണം; ഞങ്ങൾ അവരെ കൊന്നുകളയും എന്നു പറഞ്ഞു.
- 13 അതിന്നു ശൌൽ: ഇന്നു ഒരു മനുഷ്യനെയും കൊല്ലരുതു; ഇന്നു യഹോവ യസ്രായേലിന്നു രക്ഷ വരുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
- 14 പിന്നെ ശമൂവേൽ ജനത്തോടു: വരുവിൻ; നാം ഗില്ഗാലിൽ ചെന്നു, അവിടെവെച്ചു രാജത്വം പുതുക്കുക എന്നു പറഞ്ഞു.
- 15 അങ്ങനെ ജനമെല്ലാം ഗില്ഗാലിൽ ചെന്നു; അവർ ശൌലിനെ ഗില്ഗാലിൽ യഹോവയുടെ സന്നിധിയിൽവെച്ചു രാജാവാക്കി. അവർ അവിടെ യഹോവയുടെ സന്നിധിയിൽ സമാധാനയാഗങ്ങൾ കഴിച്ചു; ശൌലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗