사도행전 19장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 사도행전 (Acts) · 41절
- 1 അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൌലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു എഫെസോസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു:
- 2 നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു.
- 3 എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു.
- 4 അതിന്നു പൌലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.
- 5 ഇതു കേട്ടാറെ അവർ കൎത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.
- 6 പൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.
- 7 ആ പുരുഷന്മാർ എല്ലാം കൂടി പന്ത്രണ്ടോളം ആയിരുന്നു.
- 8 പിന്നെ അവൻ പള്ളിയിൽ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു.
- 9 എന്നാൽ ചിലർ കഠിനപ്പെട്ടു അനുസരിക്കാതെ പുരുഷാരത്തിന്റെ മുമ്പാകെ ഈ മാൎഗ്ഗത്തെ ദുഷിച്ചപ്പോൾ അവൻ അവരെ വിട്ടു ശിഷ്യന്മാരെ വേർതിരിച്ചു, തുറന്നൊസിന്റെ പാഠശാലയിൽ ദിനംപ്രതി സംവാദിച്ചുപോന്നു.
- 10 അതു രണ്ടു സംവത്സരത്തോളം നടക്കയാൽ ആസ്യയിൽ പാൎക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കൎത്താവിന്റെ വചനം കേൾപ്പാൻ ഇടയായി.
- 11 ദൈവം പൌലൊസ് മുഖാന്തരം അസാധാരണയായ വീൎയ്യപ്രവൃത്തികളെ ചെയ്യിക്കയാൽ
- 12 അവന്റെ മെയ്മേൽനിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേൽ കൊണ്ടുവന്നിടുകയും വ്യാധികൾ അവരെ വിട്ടുമാറുകയും ദുരാത്മാക്കൾ പുറപ്പെടുകയും ചെയ്തു.
- 13 എന്നാൽ ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യെഹൂദന്മാർ: പൌലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോടു ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്റെ നാമം ചൊല്ലുവാൻ തുനിഞ്ഞു.
- 14 ഇങ്ങനെ ചെയ്തവർ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്റെ ഏഴു പുത്രന്മാർ ആയിരുന്നു.
- 15 ദുരാത്മാവു അവരോടു: യേശുവിനെ ഞാൻ അറിയുന്നു; പൌലൊസിനെയും പരിചയമുണ്ടു; എന്നാൽ നിങ്ങൾ ആർ എന്നു ചോദിച്ചു.
- 16 പിന്നെ ദുരാത്മാവുള്ള മനുഷ്യൻ അവരുടെമേൽ ചാടി അവരെ ഇരുവരെയും കീഴടക്കി ജയിക്കയാൽ അവർ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടിൽനിന്നു ഓടിപ്പോയി.
- 17 ഇതു എഫേസൊസിൽ പാൎക്കുന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവൎക്കു ഒക്കെയും ഭയം തട്ടി, കൎത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു
- 18 വിശ്വസിച്ചവരിൽ അനേകരും വന്നു തങ്ങളുടെ പ്രവൎത്തികളെ ഏറ്റുപറഞ്ഞു അറിയിച്ചു.
- 19 ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു; അവയുടെ വില കണക്കുകൂട്ടിയാറെ അമ്പതിനായിരം വെള്ളിക്കാശു എന്നു കണ്ടു.
- 20 ഇങ്ങനെ കൎത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.
- 21 ഇതു കഴിഞ്ഞിട്ടു പൌലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്നു യെരൂശലേമിലേക്കും പോകേണം എന്നു മനസ്സിൽ നിശ്ചയിച്ചു: ഞാൻ അവിടെ ചെന്നശേഷം റോമയും കാണേണം എന്നു പറഞ്ഞു.
- 22 തനിക്കു ശുശ്രൂഷ ചെയ്യുന്നവരിൽ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്കു അയച്ചിട്ടു താൻ കുറെക്കാലം ആസ്യയിൽ താമസിച്ചു.
- 23 ആ കാലത്തു ഈ മാൎഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.
- 24 വെള്ളികൊണ്ടു അൎത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീൎക്കുന്ന ദെമേത്രിയൊസ് എന്ന തട്ടാൻ തൊഴിൽക്കാൎക്കു വളരെ ലാഭം വരുത്തി വന്നു.
- 25 അവൻ അവരെയും ആ വകയിൽ ഉൾപ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴിൽകൊണ്ടു ആകുന്നു എന്നു നിങ്ങൾക്കു ബോദ്ധ്യമല്ലോ.
- 26 എന്നാൽ ഈ പൌലൊസ് എന്നവൻ കയ്യാൽ തീൎത്തതു ദേവന്മാർ അല്ല എന്നു പറഞ്ഞുകൊണ്ടു എഫെസൊസിൽ മാത്രമല്ല, മിക്കവാറും ആസ്യയിൽ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു എന്നു നിങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.
- 27 അതിനാൽ നമ്മുടെ ഈ കാൎയ്യം ആക്ഷേപത്തിൽ ആകുവാൻ അടുത്തിരിക്കുന്നതുമല്ലാതെ അൎത്തെമിസ് മഹാദേവിയുടെ ക്ഷേത്രം ഏതുമില്ല എന്നു വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളുടെ മാഹാത്മ്യം ഒടുങ്ങിപ്പോകയും ചെയ്യും എന്നു പറഞ്ഞു.
- 28 അവർ ഇതു കേട്ടു ക്രോധം നിറഞ്ഞവരായി: എഫെസ്യരുടെ അൎത്തെമിസ് മഹാദേവി എന്നു ആൎത്തു.
- 29 പട്ടണം മുഴുവനും കലഹം കൊണ്ടു നിറഞ്ഞു, അവർ പൌലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തൎഹോസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്കു ഒരുമനപ്പെട്ടു പാഞ്ഞു ചെന്നു.
- 30 പൌലൊസ് ജനസമൂഹത്തിൽ ചെല്ലുവാൻ ഭാവിച്ചാറെ ശിഷ്യന്മാർ അവനെ വിട്ടില്ല.
- 31 ആസ്യാധിപന്മാരിൽ ചിലർ അവന്റെ സ്നേഹിതന്മാർ ആകയാൽ: രംഗസ്ഥലത്തു ചെന്നു പോകരുതു എന്നു അവരും അവന്റെ അടുക്കൽ ആളയച്ചു അപേക്ഷിച്ചു.
- 32 ജനസംഘം കലക്കത്തിലായി മിക്കപേരും തങ്ങൾ വന്നുകൂടിയ സംഗതി എന്തെന്നു അറിയായ്കയാൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും ആൎത്തു.
- 33 യെഹൂദന്മാർ മുമ്പോട്ടു ഉന്തിക്കൊണ്ടുവന്ന അലക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലക്സന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാൻ ഭാവിച്ചു.
- 34 എന്നാൽ അവൻ യെഹൂദൻ എന്നു അറിഞ്ഞപ്പോൾ: എഫെസ്യരുടെ അൎത്തെമിസ് മഹാദേവി എന്നു എല്ലാവരും കൂടി രണ്ടു മണിനേരത്തോളം ഏകശബ്ദത്തോടെ ആൎത്തുകൊണ്ടിരുന്നു.
- 35 പിന്നെ പട്ടണമേനവൻ പുരുഷാരത്തെ അമൎത്തി പറഞ്ഞതു: എഫെസ്യപുരുഷന്മാരേ, എഫെസോസ് പട്ടണം അൎത്തെമിസ് മഹാദേവിക്കും ദ്യോവിൽനിന്നു വീണ ബിംബത്തിന്നും ക്ഷേത്രപാലക എന്നു അറിയാത്ത മനുഷ്യൻ ആർ?
- 36 ഇതു എതിർമൊഴിയില്ലാത്തതാകയാൽ നിങ്ങൾ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാൎക്കേണ്ടതാകുന്നു.
- 37 ഈ പുരുഷന്മാരെ നിങ്ങൾ കൂട്ടികൊണ്ടുവന്നുവല്ലോ; അവർ ക്ഷേത്രം കവൎച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല.
- 38 എന്നാൽ ദെമേത്രിയൊസിന്നും കൂടെയുള്ള തൊഴിൽക്കാൎക്കും വല്ലവന്റെയും നേരെ ഒരു സംഗതി ഉണ്ടെങ്കിൽ വിസ്താരദിവസങ്ങൾ വെച്ചിട്ടുണ്ടു; ദേശാധിപതികളും ഉണ്ടു; തമ്മിൽ വ്യവഹരിക്കട്ടെ.
- 39 വേറെ കാൎയ്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധൎമ്മസഭയിൽ തീൎക്കാമല്ലോ.
- 40 ഇന്നത്തെ കലഹത്തിന്നു കാരണമില്ലായ്കയാൽ അതു നിമിത്തം നമ്മുടെ പേരിൽ കുറ്റം ചുമത്തുവാൻ ഇടയുണ്ടു സ്പഷ്ടം; ഈ ആൾക്കൂട്ടത്തിന്നു ഉത്തരം പറവാൻ നമുക്കു വക ഒന്നുമില്ലല്ലോ.
- 41 ഇങ്ങനെ പറഞ്ഞു അവൻ സഭയെ പിരിച്ചുവിട്ടു.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗