베드로후서 2장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 베드로후서 (2 Peter) · 22절
- 1 എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.
- 2 അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാൎഗ്ഗം ദുഷിക്കപ്പെടും.
- 3 അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവൎക്കു പൂൎവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.
- 4 പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും
- 5 പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും
- 6 സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ചു ഉന്മൂലനാശത്താൽ ന്യായം വിധിച്ചു മേലാൽ ഭക്തികെട്ടു നടക്കുന്നവൎക്കു
- 7 ദൃഷ്ടാന്തമാക്കിവെക്കയും അധൎമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധൎമ്മപ്രവൃത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സിൽ നൊന്തു
- 8 അവരുടെ ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു.
- 9 കൎത്താവു ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാൽ മലിന മോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കൎത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നേ,
- 10 ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ.
- 11 ബലവും ശക്തിയും ഏറിയ ദൂതന്മാർ കൎത്താവിന്റെ സന്നിധിയിൽ അവരുടെ നേരെ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാൎഷ്ട്യമുള്ള തന്നിഷ്ടക്കാർ മഹിമകളെ ദുഷിപ്പാൻ ശങ്കിക്കുന്നില്ല.
- 12 ജാത്യാ പിടിപെട്ടു നശിപ്പാൻ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവർ അറിയാത്തതിനെ ദുഷിക്കയാൽ അനീതിയുടെ കൂലി അനുഭവിച്ചുകൊണ്ടു സ്വന്ത വഷളത്വത്താൽ നശിച്ചുപോകും.
- 13 അവർ താൽക്കാലിക ഭോഗതൃപ്തി സുഖം എന്നുവെച്ചു നിങ്ങളുടെ സ്നേഹസദ്യകളിൽ നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു പുളെക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു.
- 14 അവർ വ്യഭിചാരിണിയെ കണ്ടു രസിക്കയും പാപം കണ്ടു തൃപ്തിപ്പെടാതിരിക്കയും ചെയ്യുന്ന കണ്ണുള്ളവരും സ്ഥിരമില്ലാത്ത ദേഹികളെ വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശാപയോഗ്യന്മാർ.
- 15 അവർ നേർവഴി വിട്ടു തെറ്റി ബെയോരിന്റെ മകനായ ബിലെയാമിന്റെ വഴിയിൽ നടന്നു.
- 16 അവൻ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്റെ അകൃത്യത്തിന്നു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ.
- 17 അവർ വെള്ളമില്ലാത്ത കിണറുകളും കൊടുങ്കാറ്റുകൊണ്ടു ഓടുന്ന മഞ്ഞുമേഘങ്ങളും ആകുന്നു; അവൎക്കു കൂരിരുട്ടു സംഗ്രഹിച്ചിരിക്കുന്നു.
- 18 വഴിതെറ്റി നടക്കുന്നവരോടു ഇപ്പോൾ അകന്നുവന്നവരെ ഇവർ വെറും വമ്പുപറഞ്ഞു ദുഷ്കാമവൃത്തികളാൽ കാമഭോഗങ്ങളിൽ കുടുക്കുന്നു.
- 19 തങ്ങൾ തന്നേ നാശത്തിന്റെ അടിമകളായിരിക്കെ മറ്റവൎക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുത്തൻ ഏതിനോടു തോല്ക്കുന്നുവോ അതിന്നു അടിമപ്പെട്ടിരിക്കുന്നു.
- 20 കൎത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താൽ ലോകത്തിന്റെ മാലിന്യം വിട്ടോടിയവർ അതിൽ വീണ്ടും കുടുങ്ങി തോറ്റുപോയാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിപ്പോയി.
- 21 തങ്ങൾക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാൾ അതു അറിയാതിരിക്കുന്നതു അവൎക്കു നന്നായിരുന്നു.
- 22 എന്നാൽ സ്വന്ത ഛൎദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയിൽ ഉരളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവൎക്കു സംഭവിച്ചു.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗