민수기 36장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 민수기 (Numbers) · 13절
- 1 യോസേഫിന്റെ മക്കളുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മക്കളുടെ കുടുംബത്തലവന്മാർ അടുത്തുവന്നു മോശെയുടെയും യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞതു:
- 2 യിസ്രായേൽമക്കൾക്കു ദേശം ചീട്ടിട്ടു അവകാശമായി കൊടുപ്പാൻ യഹോവ യജമാനനോടു കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫഹാദിന്റെ അവകാശം അവന്റെ പുത്രിമാൎക്കു കൊടുപ്പാൻ യജമാനന്നു യഹോവയുടെ കല്പന ഉണ്ടായി.
- 3 എന്നാൽ അവർ യിസ്രായേൽമക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരിൽ വല്ലവൎക്കും ഭാൎയ്യമാരായാൽ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്നു വിട്ടുപോകയും അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും ചെയ്യും; ഇങ്ങനെ അതു ഞങ്ങളുടെ അവകാശത്തിന്റെ ഓഹരിയിൽനിന്നു പൊയ്പോകും.
- 4 യിസ്രായേൽമക്കളുടെ യോബേൽസംവത്സരം വരുമ്പോൾ അവരുടെ അവകാശം അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടുകൂടുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തിൽനിന്നു വിട്ടുപോകയും ചെയ്യും.
- 5 അപ്പോൾ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേൽമക്കളോടു കല്പിച്ചതു: യോസേഫിന്റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞതു ശരി തന്നേ.
- 6 യഹോവ ശെലോഫഹാദിന്റെ പുത്രിമാരെക്കുറിച്ചു കല്പിക്കുന്ന കാൎയ്യം എന്തെന്നാൽ: അവർ തങ്ങൾക്കു ബോധിച്ചവൎക്കു ഭാൎയ്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവൎക്കു മാത്രമേ ആകാവു.
- 7 യിസ്രായേൽമക്കളുടെ അവകാശം ഒരു ഗോത്രത്തിൽ നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറരുതു; യിസ്രായേൽമക്കളിൽ ഓരോരുത്തൻ താന്താന്റെ പിതൃഗോത്രത്തിന്റെ അവകാശത്തോടു ചേൎന്നിരിക്കേണം;
- 8 യിസ്രായേൽമക്കൾ ഓരോരുത്തൻ താന്താന്റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന്നു യിസ്രായേൽമക്കളുടെ യാതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതുകന്യകയും തന്റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തിൽ ഒരുത്തന്നു ഭാൎയ്യയാകേണം.
- 9 അങ്ങനെ അവകാശം ഒരു ഗോത്രത്തിൽനിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറാതെ യിസ്രായേൽമക്കളുടെ ഗോത്രങ്ങളിൽ ഓരോരുത്തൻ താന്താന്റെ അവകാശത്തോടു ചേൎന്നിരിക്കേണം.
- 10 യഹോവ മോശെയോടു കല്പിച്ചതുപോലെ ശെലോഫഹാദിന്റെ പുത്രിമാർ ചെയ്തു.
- 11 ശെലോഫഹാദിന്റെ പുത്രിമാരായ മഹ്ലാ, തിർസാ, ഹൊഗ്ല, മിൽക്കാ, നോവാ എന്നിവർ തങ്ങളുടെ അപ്പന്റെ സഹോദരന്മാരുടെ പുത്രന്മാൎക്കു ഭാൎയ്യമാരായി.
- 12 യോസേഫിന്റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളിൽ അവർ ഭാൎയ്യമാരാകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിന്റെ ഗോത്രത്തിൽതന്നേ ഇരിക്കയും ചെയ്തു.
- 13 യെരീഹോവിന്നെതിരെ യോൎദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു യഹോവ മോശെമുഖാന്തരം യിസ്രായേൽമക്കളോടു കല്പിച്ച കല്പനകളും വിധികളും ഇവ തന്നേ.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗