민수기 18장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 민수기 (Numbers) · 32절
- 1 പിന്നെ യഹോവ അഹരോനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീയും നിന്റെ പുത്രന്മാരും നിന്റെ പിതൃഭവനവും വിശുദ്ധമന്ദിരം സംബന്ധിച്ചുണ്ടാകുന്ന അകൃത്യം വഹിക്കേണം; നീയും നിന്റെ പുത്രന്മാരും നിങ്ങളുടെ പൌരോഹിത്യം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും വഹിക്കേണം.
- 2 നിന്റെ പിതൃഗോത്രമായ ലേവിഗോത്രത്തിലുള്ള നിന്റെ സഹോദരന്മാരെയും നിന്നോടുകൂടെ അടുത്തുവരുമാറാക്കേണം. അവർ നിന്നോടു ചേൎന്നു നിനക്കു ശുശ്രൂഷ ചെയ്യേണം; നീയും നിന്റെ പുത്രന്മാരുമോ സാക്ഷ്യകൂടാരത്തിങ്കൽ ശുശ്രൂഷ ചെയ്യേണം.
- 3 അവർ നിനക്കും കൂടാരത്തിന്നൊക്കെയും ആവശ്യമുള്ള കാൎയ്യം നോക്കേണം; എന്നാൽ അവരും നിങ്ങളും കൂടെ മരിക്കാതിരിക്കേണ്ടതിന്നു അവർ വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളോടും യാഗപീഠത്തോടും അടുക്കരുതു.
- 4 അവർ നിന്നോടു ചേൎന്നു സമാഗമനകൂടാരം സംബന്ധിച്ചുള്ള സകലവേലെക്കുമായി കൂടാരത്തിന്റെ കാൎയ്യം നോക്കേണം; ഒരു അന്യനും നിങ്ങളോടു അടുക്കരുതു.
- 5 യിസ്രായേൽമക്കളുടെ മേൽ ഇനി ക്രോധം വരാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിന്റെയും യാഗപീഠത്തിന്റെയും കാൎയ്യം നിങ്ങൾ നോക്കേണം.
- 6 ലേവ്യരായ നിങ്ങളുടെ സഹോദരന്മാരെയോ ഞാൻ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു എടുത്തിരിക്കുന്നു; യഹോവെക്കു ദാനമായിരിക്കുന്ന അവരെ സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദാനം ചെയ്തിരിക്കുന്നു.
- 7 ആകയാൽ നീയും നിന്റെ പുത്രന്മാരും യാഗപീഠത്തിങ്കലും തിരശ്ശീലെക്കകത്തും ഉള്ള സകലകാൎയ്യത്തിലും നിങ്ങളുടെ പൌരോഹിത്യം അനുഷ്ഠിച്ചു ശുശ്രൂഷചെയ്യേണം; പൌരോഹിത്യം ഞാൻ നിങ്ങൾക്കു ദാനം ചെയ്തിരിക്കുന്നു; അന്യൻ അടുത്തു വന്നാൽ മരണശിക്ഷ അനുഭവിക്കേണം.
- 8 യഹോവ പിന്നെയും അഹരോനോടു അരുളിച്ചെയ്തതു: ഇതാ, എന്റെ ഉദൎച്ചാൎപ്പണങ്ങളുടെ കാൎയ്യം ഞാൻ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേൽമക്കളുടെ സകലവസ്തുക്കളിലും അവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാൎക്കും ഓഹരിയായും ശാശ്വതവാകാശമായും തന്നിരിക്കുന്നു.
- 9 തീയിൽ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളിൽവെച്ചു ഇതു നിനക്കുള്ളതായിരിക്കേണം; അവർ എനിക്കു അൎപ്പിക്കുന്ന അവരുടെ എല്ലാവഴിപാടും സകലഭോജനയാഗവും സകലപാപയാഗവും സകലഅകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്റെ പുത്രന്മാൎക്കും ഇരിക്കേണം.
- 10 അതിവിശുദ്ധവസ്തുവായിട്ടു അതു ഭക്ഷിക്കേണം; ആണുങ്ങളെല്ലാം അതു ഭക്ഷിക്കേണം. അതു നിനക്കുവേണ്ടി വിശുദ്ധമായിരിക്കേണം.
- 11 യിസ്രായേൽമക്കളുടെ ദാനമായുള്ള ഉദൎച്ചാൎപ്പണമായ ഇതു അവരുടെ സകലനീരാജനയാഗങ്ങളോടുംകൂടെ നിനക്കുള്ളതാകുന്നു; ഇവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാൎക്കും പുത്രിമാൎക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവന്നെല്ലാം അതു ഭക്ഷിക്കാം.
- 12 എണ്ണയിൽ വിശേഷമായതൊക്കെയും പുതുവീഞ്ഞിലും ധാന്യത്തിലും വിശേഷമായതൊക്കെയും ഇങ്ങനെ അവർ യഹോവെക്കു അൎപ്പിക്കുന്ന ആദ്യഫലമൊക്കെയും ഞാൻ നിനക്കു തന്നിരിക്കുന്നു.
- 13 അവർ തങ്ങളുടെ ദേശത്തുള്ള എല്ലാറ്റിലും യഹോവെക്കു കൊണ്ടുവരുന്ന ആദ്യഫലങ്ങൾ നിനക്കു ആയിരിക്കേണം; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവന്നെല്ലാം അതു ഭക്ഷിക്കാം.
- 14 യിസ്രായേലിൽ ശപഥാൎപ്പിതമായതു ഒക്കെയും നിനക്കു ഇരിക്കേണം.
- 15 മനുഷ്യരിൽ ആകട്ടെ മൃഗങ്ങളിൽ ആകട്ടെ സകലജഡത്തിലും അവർ യഹോവെക്കു കൊണ്ടുവരുന്ന കടിഞ്ഞൂൽ ഒക്കെയും നിനക്കു ഇരിക്കേണം; മനുഷ്യന്റെ കടിഞ്ഞൂലിനെയോ വീണ്ടെടുക്കേണം; അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലിനെയും വീണ്ടെടുക്കേണം.
- 16 വീണ്ടെടുപ്പുവിലയോ: ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ളതിനെ നിന്റെ മതിപ്പുപ്രകാരം അഞ്ചു ശേക്കെൽ ദ്രവ്യംകൊടുത്തു വീണ്ടെടുക്കേണം. ശേക്കെൽ ഒന്നിന്നു ഇരുപതു ഗേരപ്രകാരം വിശുദ്ധമന്ദിരത്തിലെ തൂക്കം തന്നേ.
- 17 എന്നാൽ പശു, ആടു, കോലാടു എന്നിവയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുതു; അവ വിശുദ്ധമാകുന്നു; അവയുടെ രക്തം യാഗപീഠത്തിന്മേൽ തളിച്ചു മേദസ്സു യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം.
- 18 നീരാജനം ചെയ്ത നെഞ്ചും വലത്തെ കൈക്കുറകും നിനക്കുള്ളതായിരിക്കുന്നതുപോലെ തന്നേ അവയുടെ മാംസവും നിനക്കു ഇരിക്കേണം.
- 19 യിസ്രായേൽമക്കൾ യഹോവെക്കു അൎപ്പിക്കുന്ന വിശുദ്ധവസ്തുക്കളിൽ ഉദൎച്ചാൎപ്പണങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാൎക്കും പുത്രിമാൎക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയിൽ നിനക്കും നിന്റെ സന്തതിക്കും ഇതു എന്നേക്കും ഒരു ലവണനിയമം ആകുന്നു.
- 20 യഹോവ പിന്നെയും അഹരോനോടു: നിനക്കു അവരുടെ ഭൂമിയിൽ ഒരു അവകാശവും ഉണ്ടാകരുതു; അവരുടെ ഇടയിൽ നിനക്കു ഒരു ഓഹരിയും അരുതു; യിസ്രായേൽമക്കളുടെ ഇടയിൽ ഞാൻ തന്നേ നിന്റെ ഓഹരിയും അവകാശവും ആകുന്നു എന്നു അരുളിച്ചെയ്തു.
- 21 ലേവ്യൎക്കോ ഞാൻ സാമഗമനകൂടാരം സംബന്ധിച്ചു അവർ ചെയ്യുന്ന വേലെക്കു യിസ്രായേലിൽ ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു.
- 22 യിസ്രായേൽമക്കൾ പാപം വഹിച്ചു മരിക്കാതിരിക്കേണ്ടതിന്നു മേലാൽ സമാഗമനകൂടാരത്തോടു അടുക്കരുതു.
- 23 ലേവ്യർ സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്കയും അവരുടെ അകൃത്യം വഹിക്കയും വേണം; അതു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം; അവൎക്കു യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം ഉണ്ടാകരുതു.
- 24 യിസ്രായേൽമക്കൾ യഹോവെക്കു ഉദൎച്ചാൎപ്പണമായി അൎപ്പിക്കുന്ന ദശാംശം ഞാൻ ലേവ്യൎക്കു അവകാശമായി കൊടുത്തിരിക്കുന്നു; അതുകൊണ്ടു അവൎക്കു യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം അരുതു എന്നു ഞാൻ അവരോടു കല്പിച്ചിരിക്കുന്നു.
- 25 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
- 26 നീ ലേവ്യരോടു പറയേണ്ടതു എന്തെന്നാൽ: യിസ്രായേൽമക്കളുടെ പക്കൽനിന്നു ഞാൻ നിങ്ങളുടെ അവകാശമായി നിങ്ങൾക്കു തന്നിരിക്കുന്ന ദശാംശം അവരോടു വാങ്ങുമ്പോൾ ദശാംശത്തിന്റെ പത്തിലൊന്നു നിങ്ങൾ യഹോവെക്കു ഉദൎച്ചാൎപ്പണമായി അൎപ്പിക്കേണം.
- 27 നിങ്ങളുടെ ഈ ഉദൎച്ചാൎപ്പണം കളത്തിലെ ധാന്യംപോലെയും മുന്തിരിച്ചക്കിലെ നിറവുപോലെയും നിങ്ങളുടെ പേൎക്കു എണ്ണും.
- 28 ഇങ്ങനെ യിസ്രായേൽ മക്കളോടു നിങ്ങൾ വാങ്ങുന്ന സകലദശാംശത്തില്നിന്നും യഹോവെക്കു ഒരു ഉദൎച്ചാൎപ്പണം അൎപ്പിക്കേണം; യഹോവെക്കുള്ള ആ ഉദൎച്ചാൎപ്പണം നിങ്ങൾ പുരോഹിതനായ അഹരോന്നു കൊടുക്കേണം.
- 29 നിങ്ങൾക്കുള്ള സകലദാനങ്ങളിലും ഉത്തമമായ എല്ലാറ്റിന്റെയും വിശുദ്ധഭാഗം നിങ്ങൾ യഹോവെക്കു ഉദൎച്ചാൎപ്പണമായി അൎപ്പിക്കേണം.
- 30 ആകയാൽ നീ അവരോടു പറയേണ്ടതെന്തെന്നാൽ: നിങ്ങൾ അതിന്റെ ഉത്തമഭാഗം ഉദൎച്ചാൎപ്പണമായി അൎപ്പിക്കുമ്പോൾ അതു കളത്തിലെ അനുഭവംപോലെയും മുന്തിരിച്ചക്കിലെ അനുഭവംപോലെയും ലേവ്യൎക്കു എണ്ണും.
- 31 അതു നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും എല്ലാടത്തുവെച്ചും ഭക്ഷിക്കാം; അതു സമാഗമനകൂടാരത്തിങ്കൽ നിങ്ങൾ ചെയ്യുന്ന വേലെക്കുള്ള ശമ്പളം ആകുന്നു.
- 32 അതിന്റെ ഉത്തമഭാഗം ഉദൎച്ചചെയ്താൽ പിന്നെ നിങ്ങൾ അതുനിമിത്തം പാപം വഹിക്കയില്ല; നിങ്ങൾ യിസ്രായേൽമക്കളുടെ വിശുദ്ധവസ്തുക്കൾ അശുദ്ധമാക്കുകയും അതിനാൽ മരിച്ചു പോവാൻ ഇടവരികയുമില്ല.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗