민수기 15장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 민수기 (Numbers) · 41절
- 1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
- 2 നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന നിങ്ങളുടെ നിവാസദേശത്തു നിങ്ങൾ ചെന്നിട്ടു
- 3 ഒരു നേൎച്ച നിവൎത്തിപ്പാനോ സ്വമേധാദാനമായിട്ടോ നിങ്ങളുടെ ഉത്സവങ്ങളിലോ യഹോവെക്കു മാടിനെയാകട്ടെ ആടിനെയാകട്ടെ ഹോമയാഗമായിട്ടെങ്കിലും ഹനനയാഗമായിട്ടെങ്കിലും യഹോവെക്കു സൌരഭ്യവാസനയാകുമാറു ഒരു ദഹനയാഗം അൎപ്പിക്കുമ്പോൾ
- 4 യഹോവെക്കു വഴിപാടുകഴിക്കുന്നവൻ കാൽഹീൻ എണ്ണ ചേൎത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടുവരേണം.
- 5 ഹോമയാഗത്തിന്നും ഹനനയാഗത്തിന്നും പാനീയയാഗമായി നീ ആടൊന്നിന്നു കാൽഹീൻ വീഞ്ഞു കൊണ്ടുവരേണം.
- 6 ആട്ടുകൊറ്റനായാൽ ഹീനിൽ മൂന്നിലൊന്നു എണ്ണ ചേൎത്ത രണ്ടിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടുവരേണം.
- 7 അതിന്റെ പാനീയയാഗത്തിന്നു ഹീനിൽ മൂന്നിലൊന്നു വീഞ്ഞും യഹോവെക്കു സൌരഭ്യവാസനയായി അൎപ്പിക്കേണം.
- 8 നേൎച്ച നിവൎത്തിപ്പാനോ യഹോവെക്കു സമാധാനയാഗം കഴിപ്പാനോ ഹോമയാഗത്തിന്നാകട്ടെ ഹനനയാഗത്തിന്നാകട്ടെ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോൾ
- 9 കിടാവിനോടുകൂടെ അരഹീൻ എണ്ണ ചേൎത്ത മൂന്നിടങ്ങഴി മാവു ഭോജനയാഗമായിട്ടു അൎപ്പിക്കേണം.
- 10 അതിന്റെ പാനീയയാഗമായി അരഹീൻ വീഞ്ഞു യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി അൎപ്പിക്കേണം.
- 11 കാളക്കിടാവു, ആട്ടുകൊറ്റൻ, കുഞ്ഞാടു, കോലാട്ടിൻകുട്ടി എന്നിവയിൽ ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം.
- 12 നിങ്ങൾ അൎപ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിന്നും ഒത്തവണ്ണം ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം.
- 13 സ്വദേശിയായവനൊക്കെയും യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം അൎപ്പിക്കുമ്പോൾ ഇതെല്ലാം ഇങ്ങനെതന്നേ അനുഷ്ഠിക്കേണം.
- 14 നിങ്ങളോടുകൂടെ പാൎക്കുന്ന പരദേശിയോ നിങ്ങളുടെ ഇടയിൽ സ്ഥിരവാസം ചെയ്യുന്ന ഒരുത്തനോ യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം കഴിക്കുന്നുവെങ്കിൽ നിങ്ങൾ അനുഷ്ഠിക്കുംവണ്ണം തന്നേ അവനും അനുഷ്ഠിക്കേണം.
- 15 നിങ്ങൾക്കാകട്ടെ വന്നു പാൎക്കുന്ന പരദേശിക്കാകട്ടെ സൎവ്വസഭെക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നേ ആയിരിക്കേണം; യഹോവയുടെ സന്നിധിയിൽ പരദേശി നിങ്ങളെപ്പോലെ തന്നേ ഇരിക്കേണം.
- 16 നിങ്ങൾക്കും വന്നു പാൎക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നേ ആയിരിക്കേണം.
- 17 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
- 18 യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം
- 19 ദേശത്തിലെ ആഹാരം ഭക്ഷിക്കുമ്പോൾ നിങ്ങൾ യഹോവെക്കു ഉദൎച്ചാൎപ്പണം കഴിക്കേണം.
- 20 ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദൎച്ചാൎപ്പണമായി കഴിക്കേണം; മെതിക്കളത്തിന്റെ ഉദൎച്ചാൎപ്പണംപോലെ തന്നേ അതു ഉദൎച്ച ചെയ്യേണം.
- 21 ഇങ്ങനെ നിങ്ങൾ തലമുറതലമുറയായി ആദ്യത്തെ തരിമാവുകൊണ്ടു യഹോവെക്കു ഉദൎച്ചാൎപ്പണം കഴിക്കേണം.
- 22 യഹോവ മോശെയോടു കല്പിച്ച ഈ സകലകല്പനകളിലും
- 23 യാതൊന്നെങ്കിലും യഹോവ മോശെയോടു കല്പിച്ച നാൾമുതൽ തലമുറതലമുറയായി യഹോവ മോശെമുഖാന്തരം നിങ്ങളോടു കല്പിച്ച സകലത്തിലും യാതൊന്നെങ്കിലും നിങ്ങൾ പ്രമാണിക്കാതെ തെറ്റു ചെയ്താൽ,
- 24 അറിയാതെകണ്ടു അബദ്ധവശാൽ സഭ വല്ലതും ചെയ്തുപോയാൽ സഭയെല്ലാം കൂടെ ഹോമയാഗത്തിന്നായി ഒരു കാളക്കിടാവിനെയും പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനെയും ചട്ടപ്രകാരം അതിന്നുള്ള ഭോജനയാഗത്തോടും പാനീയയാഗത്തോടുംകൂടെ യഹോവെക്കു സൌരഭ്യവാസനയായി അൎപ്പിക്കേണം.
- 25 ഇങ്ങനെ പുരോഹിതൻ യിസ്രായേൽമക്കളുടെ സൎവ്വസഭെക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവരോടു ക്ഷമിക്കപ്പെടും; അതു അബദ്ധവശാൽ സംഭവിക്കയും അവർ തങ്ങളുടെ അബദ്ധത്തിന്നായിട്ടു യഹോവെക്കു ദഹനയാഗമായി തങ്ങളുടെ വഴിപാടും പാപയാഗവും യഹോവയുടെ സന്നിധിയിൽ അൎപ്പിക്കയും ചെയ്തുവല്ലോ.
- 26 എന്നാൽ അതു യിസ്രായേൽമക്കളുടെ സൎവ്വസഭയോടും അവരുടെ ഇടയിൽ വന്നുപാൎക്കുന്ന പരദേശിയോടും ക്ഷമിക്കപ്പെടും; തെറ്റു സൎവ്വജനത്തിന്നുമുള്ളതായിരുന്നുവല്ലോ.
- 27 ഒരാൾ അബദ്ധവശാൽ പാപം ചെയ്താൽ അവൻ തനിക്കുവേണ്ടി പാപയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഒരു പെൺകോലാട്ടിനെ അൎപ്പിക്കണം.
- 28 അബദ്ധവശാൽ പാപം ചെയ്തവന്നു പാപപരിഹാരം വരുത്തുവാൻ പുരോഹിതൻ അവന്നുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തകൎമ്മം അനുഷ്ഠിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കപ്പെടും.
- 29 യിസ്രായേൽമക്കളുടെ ഇടയിൽ അബദ്ധവശാൽ പാപം ചെയ്യുന്നവൻ സ്വദേശിയോ വന്നു പാൎക്കുന്ന പരദേശിയോ ആയാലും പ്രമാണം ഒന്നുതന്നേ ആയിരിക്കേണം.
- 30 എന്നാൽ സ്വദേശികളിലോ പരദേശികളിലോ ആരെങ്കിലും കരുതിക്കൂട്ടിക്കൊണ്ടു ചെയ്താൽ അവൻ യഹോവയെ ദുഷിക്കുന്നു; അവനെ അവന്റെ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം.
- 31 അവൻ യഹോവയുടെ വചനം ധിക്കരിച്ചു അവന്റെ കല്പന ലംഘിച്ചു; അവനെ നിൎമ്മൂലമാക്കിക്കളയേണം; അവന്റെ അകൃത്യം അവന്റെമേൽ ഇരിക്കും.
- 32 യിസ്രായേൽമക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്ത് നാളിൽ ഒരുത്തൻ വിറകു പെറുക്കുന്നതു കണ്ടു.
- 33 അവൻ വിറകു പെറുക്കുന്നതു കണ്ടവർ അവനെ മോശെയുടെയും അഹരോന്റെയും സൎവ്വസഭയുടെയും അടുക്കൽ കൊണ്ടുവന്നു.
- 34 അവനോടു ചെയ്യേണ്ടതു ഇന്നതെന്നു വിധിച്ചിട്ടില്ലായ്കകൊണ്ടു അവർ അവനെ തടവിൽ വെച്ചു.
- 35 പിന്നെ യഹോവ മോശെയോടു: ആ മനുഷ്യൻ മരണശിക്ഷ അനുഭവിക്കേണം; സൎവ്വസഭയും പാളയത്തിന്നു പുറത്തുവെച്ചു അവനെ കല്ലെറിയേണം എന്നു കല്പിച്ചു.
- 36 യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ സൎവ്വസഭയും അവനെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നു.
- 37 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
- 38 നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: അവർ തലമുറതലമുറയായി വസ്ത്രത്തിന്റെ കോൺതലെക്കു പൊടിപ്പു ഉണ്ടാക്കുകയും കോൺതലെക്കലെ പൊടിപ്പിൽ നീലച്ചരടു കെട്ടുകയും വേണം.
- 39 നിങ്ങൾ യഹോവയുടെ സകലകല്പനകളും ഓൎത്തു അനുസരിക്കേണ്ടതിന്നും നിങ്ങളുടെ സ്വന്തഹൃദയത്തിന്നും സ്വന്തകണ്ണിന്നും തോന്നിയവണ്ണം പരസംഗമായി നടക്കാതിരിക്കേണ്ടതിന്നും ആ പൊടിപ്പു ജ്ഞാപകം ആയിരിക്കേണം.
- 40 നിങ്ങൾ എന്റെ സകലകല്പനകളും ഓൎത്തു അനുസരിച്ചു നിങ്ങളുടെ ദൈവത്തിന്നു വിശുദ്ധരായിരിക്കേണ്ടതിന്നു തന്നേ.
- 41 നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവതന്നേ.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗