민수기 12장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 민수기 (Numbers) · 16절
- 1 മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ടു കൂശ്യസ്ത്രീനിമിത്തം മിൎയ്യാമും അഹരോനും അവന്നു വിരോധമായി സംസാരിച്ചു:
- 2 യഹോവ മോശെമുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങൾമുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ എന്നു പറഞ്ഞു; യഹോവ അതു കേട്ടു.
- 3 മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു.
- 4 പെട്ടെന്നു യഹോവ മോശെയോടും അഹരോനോടും മിൎയ്യാമിനോടും: നിങ്ങൾ മൂവരും സമാഗമനകൂടാരത്തിങ്കൽ വരുവിൻ എന്നു കല്പിച്ചു; അവർ മൂവരും ചെന്നു.
- 5 യഹോവ മേഘസ്തംഭത്തിൽ ഇറങ്ങി കൂടാരവാതിൽക്കൽ നിന്നു അഹരോനെയും മിൎയ്യാമിനെയും വിളിച്ചു; അവർ ഇരുവരും അങ്ങോട്ടു ചെന്നു.
- 6 പിന്നെ അവൻ അരുളിച്ചെയ്തതു: എന്റെ വചനങ്ങളെ കേൾപ്പിൻ; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ യഹോവയായ ഞാൻ അവന്നു ദൎശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോടു അരുളിച്ചെയ്കയും ചെയ്യും.
- 7 എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു.
- 8 അവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങൾ എന്റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാൻ ശങ്കിക്കാഞ്ഞതു എന്തു?
- 9 യഹോവയുടെ കോപം അവരുടെ നേരെ ജ്വലിച്ചു അവൻ മറഞ്ഞു.
- 10 മേഘവും കൂടാരത്തിന്മേൽനിന്നു നീങ്ങിപ്പോയി. മിൎയ്യാം ഹിമംപോലെ വെളുത്തു കുഷ്ഠരോഗിണിയായി; അഹരോൻ മിൎയ്യാമിനെ നോക്കിയപ്പോൾ അവൾ കുഷ്ഠരോഗിണി എന്നു കണ്ടു.
- 11 അഹരോൻ മോശെയോടു: അയ്യോ യജമാനനേ, ഞങ്ങൾ ഭോഷത്വമായി ചെയ്തുപോയ ഈ പാപം ഞങ്ങളുടെമേൽ വെക്കരുതേ.
- 12 അമ്മയുടെ ഗൎഭത്തിൽനിന്നു പുറപ്പെടുമ്പോൾ മാംസം പകുതി അഴുകിയിരിക്കുന്ന ചാപിള്ളയെപ്പോലെ ഇവൾ ആകരുതേ എന്നു പറഞ്ഞു.
- 13 അപ്പോൾ മോശെ യഹോവയോടു: ദൈവമേ, അവളെ സൌഖ്യമാക്കേണമേ എന്നു നിലവിളിച്ചു.
- 14 യഹോവ മോശെയോടു: അവളുടെ അപ്പൻ അവളുടെ മുഖത്തു തുപ്പിയെങ്കിൽ അവൾ ഏഴുദിവസം ലജ്ജിച്ചിരിക്കയില്ലയോ? അവളെ ഏഴു ദിവസത്തേക്കു പാളയത്തിന്നു പുറത്തു അടെച്ചിടേണം; പിന്നത്തേതിൽ അവളെ ചേൎത്തുകൊള്ളാം എന്നു കല്പിച്ചു.
- 15 ഇങ്ങനെ മിൎയ്യാമിനെ ഏഴു ദിവസം പാളയത്തിന്നു പുറത്തു ആക്കി അടെച്ചിട്ടു; അവളെ വീണ്ടും അംഗീകരിച്ചതുവരെ ജനം യാത്ര ചെയ്യാതിരുന്നു.
- 16 അതിന്റെ ശേഷം ജനം ഹസേരോത്തിൽനിന്നു പുറപ്പെട്ടു പാരാൻമരുഭൂമിയിൽ പാളയമിറങ്ങി.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗