로그인

미가 2장 Sathyavedapusthakam (Malayalam Bible) published in 1910

Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 미가 (Micah) · 13절

  1. 1 കിടക്കമേൽ നീതികേടു നിരൂപിച്ചു തിന്മ പ്രവൎത്തിക്കുന്നവർക്കു അയ്യോ കഷ്ടം! അവൎക്കു പ്രാപ്തിയുള്ളതുകൊണ്ടു പുലരുമ്പോൾ തന്നേ അവർ അതു നടത്തുന്നു.
  2. 2 അവർ വയലുകളെ മോഹിച്ചു പിടിച്ചുപറിക്കുന്നു; അവർ വീടുകളെ മോഹിച്ചു കൈക്കലാക്കുന്നു; അങ്ങനെ അവർ പുരുഷനെയും അവന്റെ ഭവനത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും പീഡിപ്പിക്കുന്നു.
  3. 3 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ വംശത്തിന്റെ നേരെ അനൎത്ഥം നിരൂപിക്കുന്നു; അതിൽനിന്നു നിങ്ങൾ നിങ്ങളുടെ കഴുത്തുകളെ വിടുവിക്കയില്ല, നിവിൎന്നു നടക്കയുമില്ല; ഇതു ദുഷ്കാലമല്ലോ.
  4. 4 അന്നാളിൽ നിങ്ങളെക്കുറിച്ചു ഒരു പരിഹാസവാക്യം ചൊല്ലുകയും ഒരു വിലാപം വിലപിക്കയും ചെയ്തു: കഥ കഴിഞ്ഞു; നമുക്കു പൂൎണ്ണ സംഹാരം ഭവിച്ചിരിക്കുന്നു; അവൻ എന്റെ ജനത്തിന്റെ ഓഹരി മാറ്റിക്കളഞ്ഞു; അവൻ അതു എന്റെ പക്കൽനിന്നു എങ്ങനെ നീക്കിക്കളയുന്നു; വിശ്വാസത്യാഗികൾക്കു അവൻ നമ്മുടെ വയലുകളെ വിഭാഗിച്ചുകൊടുക്കുന്നു എന്നു പറയും;
  5. 5 അതുകൊണ്ടു യഹോവയുടെ സഭയിൽ ഓഹരിമേൽ അളവുനൂൽ പിടിപ്പാൻ നിനക്കു ആരും ഉണ്ടാകയില്ല.
  6. 6 പ്രസംഗിക്കരുതെന്നു അവർ പ്രസംഗിക്കുന്നു; ഇവയെക്കുറിച്ചു അവർ പ്രസംഗിക്കേണ്ടതല്ല; അവരുടെ ആക്ഷേപങ്ങൾ ഒരിക്കലും തീരുകയില്ല.
  7. 7 യാക്കോബ് ഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു? യഹോവ മുൻകോപിയോ? അങ്ങനെയോ അവന്റെ പ്രവൃത്തികൾ? നേരായി നടക്കുന്നവന്നു എന്റെ വചനങ്ങൾ ഗുണകരമല്ലയോ?
  8. 8 മുമ്പെതന്നേ എന്റെ ജനം ശത്രുവായി എഴുന്നേറ്റിരിക്കുന്നു; യുദ്ധവിമുഖന്മാരായി നിൎഭയന്മാരായി കടന്നു പോകുന്നവരുടെ വസ്ത്രത്തിന്മേൽനിന്നു നിങ്ങൾ പുതെപ്പു വലിച്ചെടുക്കുന്നു.
  9. 9 നിങ്ങൾ എന്റെ ജനത്തിന്റെ സ്ത്രീകളെ അവരുടെ സുഖകരമായ വീടുകളിൽനിന്നു ഇറക്കിക്കളയുന്നു; അവരുടെ പൈതങ്ങളോടു നിങ്ങൾ എന്റെ മഹത്വം സദാകാലത്തേക്കും അപഹരിച്ചുകളയുന്നു.
  10. 10 പുറപ്പെട്ടുപോകുവിൻ; നാശത്തിന്നു, കഠിനനാശത്തിന്നു കാരണമായിരിക്കുന്ന മാലിന്യംനിമിത്തം ഇതു നിങ്ങൾക്കു വിശ്രാമസ്ഥലമല്ല.
  11. 11 ഒരുത്തൻ കാറ്റിനെയും വ്യാജത്തെയും പിൻചെന്നു: ഞാൻ വീഞ്ഞിനെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും നിന്നോടു പ്രസംഗിക്കും എന്നിങ്ങനെയുള്ള വ്യാജം പറഞ്ഞാൽ അവൻ ഈ ജനത്തിന്നു ഒരു പ്രസംഗിയായിരിക്കും.
  12. 12 യാക്കോബേ, ഞാൻ നിനക്കുള്ളവരെ ഒക്കെയും ചേൎത്തുകൊള്ളും; യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഞാൻ ശേഖരിക്കും; തൊഴുത്തിലെ ആടുകളെപ്പോലെ, മേച്ചൽപുറത്തെ ആട്ടിൻകൂട്ടത്തെപ്പോലെ ഞാൻ അവരെ ഒരുമിച്ചുകൂട്ടും; ആൾപെരുപ്പം ഹേതുവായി അവിടെ മുഴക്കം ഉണ്ടാകും.
  13. 13 തകൎക്കുന്നവൻ അവൎക്കു മുമ്പായി പുറപ്പെടുന്നു; അവർ തകൎത്തു ഗോപുരത്തിൽകൂടി കടക്കയും പുറപ്പെടുകയും ചെയ്യും; അവരുടെ രാജാവു അവൎക്കു മുമ്പായും യഹോവ അവരുടെ തലെക്കലും നടക്കും.

Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗