마태복음 18장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 마태복음 (Matthew) · 35절
- 1 ആ നാഴികയിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കെ വന്നു. സ്വൎഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആർ എന്നു ചോദിച്ചു.
- 2 അവൻ ഒരു ശിശുവിനെ അടുക്കെ വിളിച്ചു അവരുടെ നടുവിൽ നിറുത്തി:
- 3 നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്വരുന്നില്ല എങ്കിൽ സ്വൎഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
- 4 ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വൎഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു.
- 5 ഇങ്ങിനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈകൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു.
- 6 എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ആരെങ്കിലും ഇടൎച്ച വരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നതു അവന്നു നന്നു.
- 7 ഇടൎച്ച ഹേതുവായി ലോകത്തിന്നു അയ്യോ കഷ്ടം; ഇടൎച്ച വരുന്നതു ആവശ്യം തന്നേ; എങ്കിലും ഇടൎച്ച വരുത്തുന്ന മനുഷ്യന്നു അയ്യോ കഷ്ടം.
- 8 നിന്റെ കയ്യോ കാലോ നിനക്കു ഇടൎച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നിനക്കു നന്നു.
- 9 നിന്റെ കണ്ണു നിനക്കു ഇടൎച്ച ആയാൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ ഒററക്കണ്ണനായി ജീവനിൽ കടക്കുന്നതു നിനക്കു നന്നു.
- 10 ഈ ചെറിയവരിൽ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
- 11 സ്വൎഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വൎഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
- 12 നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു നൂറു ആടു ഉണ്ടു എന്നിരിക്കട്ടെ; അവയിൽ ഒന്നു തെററി ഉഴന്നുപോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെററിപ്പോയതിനെ മലകളിൽ ചെന്നു തിരയുന്നില്ലയോ?
- 13 അതിനെ കണ്ടെത്തിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
- 14 അങ്ങനെതന്നേ ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല.
- 15 നിന്റെ സഹോദരൻ നിന്നോടു പിഴെച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവന്നു ബോധം വരുത്തുക; അവൻ നിന്റെ വാക്കു കേട്ടാൽ നീ സഹോദരനെ നേടി.
- 16 കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകല കാൎയ്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക.
- 17 അവരെ കൂട്ടാക്കാഞ്ഞാൽ സഭയോടു അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.
- 18 നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വൎഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വൎഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
- 19 ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാൎയ്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വൎഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവൎക്കു ലഭിക്കും;
- 20 രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.
- 21 അപ്പോൾ പത്രൊസ് അവന്റെ അടുക്കൽ വന്നു: കൎത്താവേ, സഹോദരൻ എത്രവട്ടം എന്നോടു പിഴെച്ചാൽ ഞാൻ ക്ഷമിക്കേണം?
- 22 ഏഴുവട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോടു: ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
- 23 സ്വൎഗ്ഗരാജ്യം തന്റെ ദാസന്മാരുമായി കണക്കു തീൎപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം.
- 24 അവൻ കണക്കു നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്തു കടമ്പെട്ട ഒരുത്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
- 25 അവന്നു വീട്ടുവാൻ വകയില്ലായ്കയാൽ അവന്റെ യജമാനൻ അവനെയും ഭാൎയ്യയെയും മക്കളെയും അവന്നുള്ളതൊക്കെയും വിറ്റു കടം തീൎപ്പാൻ കല്പിച്ചു.
- 26 അതുകൊണ്ടു ആ ദാസൻ വീണു അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീൎക്കാം എന്നു പറഞ്ഞു.
- 27 അപ്പോൾ ആ ദാസന്റെ യജമാനൻ മനസ്സലിഞ്ഞു അവനെ വിട്ടയച്ചു കടവും ഇളെച്ചുകൊടുത്തു.
- 28 ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടെക്കു പിടിച്ചു ഞെക്കി: നിന്റെ കടം തീൎക്കുക എന്നു പറഞ്ഞു.
- 29 അവന്റെ കൂട്ടുദാസൻ: എന്നോടു ക്ഷമ തോന്നേണമേ; ഞാൻ തന്നു തീൎക്കാം എന്നു അവനോടു അപേക്ഷിച്ച.
- 30 എന്നാൽ അവൻ മനസ്സില്ലാതെ ഉടനെ ചെന്നു കടം വീട്ടുവോളം അവനെ തടവിൽ ആക്കിച്ചു.
- 31 ഈ സംഭവിച്ചതു അവന്റെ കൂട്ടുദാസന്മാർ കണ്ടിട്ടു വളരെ ദുഃഖിച്ചു, ചെന്നു സംഭവിച്ചതു ഒക്കെയും യജമാനനെ ബോധിപ്പിച്ചു.
- 32 യജമാനൻ അവനെ വിളിച്ചു: ദുഷ്ടദാസനേ, നീ എന്നോടു അപേക്ഷിക്കയാൽ ഞാൻ ആ കടം ഒക്കെയും ഇളെച്ചുതന്നുവല്ലോ.
- 33 എനിക്കു നിന്നോടു കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോടു കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു
- 34 അങ്ങനെ യജമാനൻ കോപിച്ചു, അവൻ കടമൊക്കെയും തീൎക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിച്ചു
- 35 നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂൎവ്വം ക്ഷമിക്കാഞ്ഞാൽ സ്വൎഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെ തന്നേ നിങ്ങളോടും ചെയ്യും.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗