데살로니가후서 2장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 데살로니가후서 (2 Thessalonians) · 17절
- 1 ഇനി സഹോദരന്മാരേ, നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു:
- 2 കൎത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു.
- 3 ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധൎമ്മമൂൎത്തിയുമായവൻ വെളിപ്പെടുകയും വേണം.
- 4 അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താൻ ഉയൎത്തുന്ന എതിരാളി അത്രേ.
- 5 നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ഞാൻ ഇതു നിങ്ങളോടു പറഞ്ഞു എന്നു ഓൎക്കുന്നില്ലയോ?
- 6 അവൻ സമയത്തിന്നു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന്നു ഇപ്പോൾ തടുക്കുന്നതു എന്തു എന്നു നിങ്ങൾ അറിയുന്നു.
- 7 അധൎമ്മത്തിന്റെ മൎമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം.
- 8 അപ്പോൾ അധൎമ്മമൂൎത്തി വെളിപ്പെട്ടുവരും; അവനെ കൎത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.
- 9 അധൎമ്മമൂൎത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവൎക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും;
- 10 അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും.
- 11 സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവൎക്കും ന്യായവിധി വരേണ്ടതിന്നു
- 12 ദൈവം അവൎക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.
- 13 ഞങ്ങളോ, കൎത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.
- 14 നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിപ്പാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷെക്കു വിളിച്ചതു.
- 15 ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറെച്ചുനിന്നു ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ.
- 16 നമ്മുടെ കൎത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും
- 17 നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചു എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗